
മുംബൈ: മൂന്ന് വർഷത്തിലേറെയായി സ്വന്തം അപ്പാർട്ട്മെന്‍റിനുള്ളിൽ പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ കഴിഞ്ഞിരുന്ന 55 വയസുകാരനെ രക്ഷപ്പെടുത്തി. കഴിഞ്ഞയാഴ്ചയാണ് സംഭവം. അനൂപ് കുമാർ നായർ എന്നയാളാണ് വിഷാദരോഗവും മാനസികാഘാതവും കാരണം സ്വയം ഒറ്റപ്പെട്ട് കഴിഞ്ഞിരുന്നത്. ജൂയിനഗറിലെ സെക്ടർ 24-ലെ ഘർകൂൾ സൊസൈറ്റിയിൽ താമസിച്ചിരുന്ന അനൂപ് കുമാർ മുൻപ് ഒരു കമ്പ്യൂട്ടർ പ്രോഗ്രാമറായിരുന്നു. മൂന്ന് വർഷത്തിലേറെയായി ഇദ്ദേഹം തന്‍റെ ഫ്ലാറ്റിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ലായിരുന്നു എന്നാണ് പൻവേൽ ആസ്ഥാനമായുള്ള സോഷ്യൽ ആൻഡ് ഇവാഞ്ചലിക്കൽ അസോസിയേഷൻ ഫോർ ലവ് (SEAL) എന്ന എൻജിഒയിലെ സാമൂഹിക പ്രവർത്തകർ പറയുന്നത്.
പുറംലോകവുമായുള്ള അദ്ദേഹത്തിന്‍റെ ഏക ബന്ധം ഭക്ഷണം ഓർഡർ ചെയ്യാൻ ഉപയോഗിച്ചിരുന്ന ഫുഡ് ഡെലിവറി ആപ്പുകളിലൂടെ മാത്രമായിരുന്നു. സീൽ ടീം അദ്ദേഹത്തിന്‍റെ അപ്പാർട്ട്മെന്‍റിൽ പ്രവേശിച്ചപ്പോൾ ഹൃദയം തകര്‍ക്കുന്ന കാഴ്ചയായിരുന്നു. മാലിന്യങ്ങൾക്കിടയിൽ, ദുരിതപൂർണ്ണമായ അവസ്ഥയിൽ കാലിൽ ഗുരുതരമായ അണുബാധയോടെയാണ് അദ്ദേഹത്തെ കണ്ടെത്തിയത്.
വർഷങ്ങൾക്ക് മുൻപുള്ള മാതാപിതാക്കളുടെ മരണം, രണ്ട് പതിറ്റാണ്ട് മുൻപ് സഹോദരൻ ആത്മഹത്യ ചെയ്തത് എന്നിങ്ങനെയുള്ള വ്യക്തിപരമായ ദുരന്തങ്ങളാണ് അനൂപ് കുമാറിനെ ഈ അവസ്ഥയിലെത്തിച്ചത്. ഈ മാനസികാഘാതം അദ്ദേഹത്തെ തളർത്തുകയും കൂടുതൽ ഉൾവലിയാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഒടുവിൽ, സുഹൃത്തുക്കളിൽ നിന്നും അയൽവാസികളിൽ നിന്നും സമൂഹത്തിൽ നിന്നും പൂർണ്ണമായി അകന്ന് സ്വയം ഒറ്റപ്പെടുകയായിരുന്നു.
ഫ്ലാറ്റിന്‍റെ ദുരവസ്ഥയെക്കുറിച്ച് സൊസൈറ്റിയിലെ ഒരു താമസക്കാരൻ സീൽ സംഘടനയെ അറിയിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തിന്‍റെ അവസ്ഥ പുറംലോകം അറിഞ്ഞത്. എൻജിഒ ടീം ഉടൻ തന്നെ അപ്പാർട്ട്മെന്‍റിൽ എത്തുകയും വൈദ്യസഹായം നൽകുകയും ചെയ്തു. അനൂപ് അപൂർവ്വമായി മാത്രമേ വാതിൽ തുറന്നിരുന്നുള്ളുവെന്നും മാലിന്യങ്ങൾ ഒരിക്കലും പുറത്തുകളഞ്ഞിരുന്നില്ലെന്നും ഘർകൂൾ സൊസൈറ്റി ചെയർമാൻ വിജയ് ഷിബെ പറഞ്ഞു.
"ഞങ്ങൾ ചെറിയ രീതിയിൽ അദ്ദേഹത്തെ സഹായിക്കാൻ ശ്രമിച്ചിരുന്നു, സാമ്പത്തിക സഹായവും നൽകിയിട്ടുണ്ട്. പക്ഷെ ഗുരുതരമായ എന്തോ പ്രശ്നമുണ്ടെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു" അധികൃതരെ വിവരമറിയിക്കാൻ സഹായിച്ച പ്രാദേശിക നിവാസി നിഖിൽ മറാഠെ കൂട്ടിച്ചേർത്തു. നിലവിൽ, പൻവേലിലെ സീൽ ആശ്രമത്തിൽ അനൂപ് കുമാർ നായർ ചികിത്സയിലും പുനരധിവാസത്തിലുമാണ്.
മാനസികമായി ഇപ്പോഴും ദുർബലനാണെങ്കിലും, അദ്ദേഹത്തിന്റെ ആരോഗ്യത്തിലും മാനസികാവസ്ഥയിലും പ്രാഥമികമായി പുരോഗതി കാണുന്നുണ്ടെന്ന് ഡോക്ടർമാര്‍ പറഞ്ഞു. "എന്‍റെ മാതാപിതാക്കൾ പോയി, എന്‍റെ സഹോദരൻ പോയി, എനിക്ക് സുഹൃത്തുക്കളുമില്ല. എന്‍റെ ആരോഗ്യവും മോശമാണ്. അതുകൊണ്ട് പുതിയൊരു തുടക്കത്തിന് സാധ്യതയില്ല" എന്നാണ് അനൂപ് പരിചരിക്കുന്നവരോട് പറഞ്ഞത്.