Asianet News MalayalamAsianet News Malayalam

മട്ടന്നൂർ സൂചനയെന്ത്?, പിണറായിക്കപ്പുറത്തെ കേരളം സ്വപ്നം കാണുന്ന യുഡിഎഫിന് പ്രത്യാശയോ?

കാൽ നൂറ്റാണ്ടായി ഇടതുമൂന്നണി ഭരണം തുടരുന്ന മട്ടന്നൂർ നഗരസഭയിൽ ഇത്തവണയും ഭരണം പിടിച്ചെങ്കിലും യുഡിഎഫ്  ക്യാമ്പിലാണ് ആഘോഷം നടക്കുന്നത്. അതിന്റെ  കാരണം, അത്ര ചെറുതല്ലെന്നാണ് കണക്കുകൾ പറയുന്നത്. 

Mattannur Municipal Election LDF Retains Rule in Mattannur Municipality Polls with 21 Seats UDF Wins 14
Author
Kerala, First Published Aug 22, 2022, 6:14 PM IST

കാൽ നൂറ്റാണ്ടായി ഇടതുമൂന്നണി ഭരണം തുടരുന്ന മട്ടന്നൂർ നഗരസഭയിൽ ഇത്തവണയും ഭരണം പിടിച്ചെങ്കിലും യുഡിഎഫ്  ക്യാമ്പിലാണ് ആഘോഷം നടക്കുന്നത്. അതിന്റെ  കാരണം, അത്ര ചെറുതല്ലെന്നാണ് കണക്കുകൾ പറയുന്നത്. കഴിഞ്ഞ തവണ ഏഴ്  സീറ്റുകളുണ്ടായിരുന്ന യുഡിഎഫ് അത് ഇരട്ടിയാക്കി. 2012-ലെ യുഡിഎഫ് പ്രതാപം  മട്ടന്നൂർ നഗരസഭയിൽ തിരിച്ചത്തിക്കാൻ അവർക്ക് സാധിച്ചുവെന്ന് ചുരുക്കം. യുഡിഎഫിന്റെ കൈവശം ഉണ്ടായിരുന്ന ഒരു സീറ്റ് പിടിച്ചെടുക്കാനായത് മാത്രമാണ് എൽഡിഎഫിന് ആശ്വാസം നൽകുന്ന കാര്യം. എന്നാൽ  യുഡിഎഫ് വാർഡ് ആയ കയനി പിടിച്ചെടുത്തതാകട്ടെ വെറും 4 വോട്ടിനാണ്. ഇതെല്ലാം വലിയ ആത്മവിശ്വാസമാണ് യുഡിഎഫിന് നൽകുന്നത്. 2012 ൽ 14 സീറ്റുകൾ ഉണ്ടായിരുന്ന യുഡിഎഫിനെ 2017ൽ നിലംപരിശാക്കിയാണ് മട്ടന്നൂരിൽ ഇടതു മുന്നണി വൻ വിജയം നേടിയത്. എന്നാൽ അഞ്ച് വർഷങ്ങൾക്കിപ്പുറം നഷ്ടപ്പെട്ട സീറ്റുകളെല്ലാം യുഡിഎഫ് തിരിച്ചു പിടിച്ചു. ഭരണം നിലനിർത്തിയതോടെ സിപിഎമ്മിലെ എൻ.ഷാജിത്ത് നഗരസഭ ചെയർമാനാകാനാണ് സാധ്യത. നെല്ലൂന്നി വാർഡിൽ നിന്നാണ് ഷാജിത് വിജയിച്ചത്. 

മട്ടന്നൂർ സൂചനയോ?

എൽഡിഎഫിന് 21 സീറ്റുകൾ നിലനിർത്തി ഭരണം പിടിക്കാൻ കഴിഞ്ഞെങ്കിലും മട്ടന്നൂർ സൂചനയാണെന്നാണ് യുഡിഎഫ് നേതാക്കൾ അവകാശപ്പെടുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് നടന്ന ഒരു തെരഞ്ഞെടുപ്പ് അങ്ങനെ വെറുതെ ഒരു തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമായി കാണാനാകില്ലെന്നും യുഡിഎഫ് പറയുന്നു.  കേരളത്തിന്റെ മാറുന്ന രാഷ്ട്രീയമാണ് ചെങ്കോട്ടയെന്ന് സിപിഎം അവകാശപ്പെടുന്ന മട്ടന്നൂരില്‍ കണ്ടതെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ പ്രതികരണം. 'ഇരുള്‍ നിറഞ്ഞ പാര്‍ട്ടി ഗ്രാമങ്ങളില്‍ ജനാധിപത്യ വെള്ളിവെളിച്ചം അരിച്ചിറങ്ങുകയാണ്'.ഭരണം നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞുവെങ്കിലും അഴിമതിക്കാരനും കള്ളക്കടത്തുകാരനുമായ മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണ് അവരില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്ത ഏഴ് സീറ്റുകളെന്നും ഒരു പടി കൂടി കടന്ന് സുധാകരൻ പറഞ്ഞു.

അധികാരത്തിന്‍റ  ഹുങ്കില്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യവും സ്വജനപക്ഷപാതവും ജനം തിരിച്ചറിഞ്ഞു തുടങ്ങിയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെയും പ്രതികരണം. എല്ലാവരും മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിന്റെ തുടക്കമാണ് സിപിഎം കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മട്ടന്നൂരില്‍ കണ്ടത്. ഏത് കോട്ടയും പൊളിയും എന്നും സതീശനും പറഞ്ഞു. യുഡിഎഫ് അവകാശപ്പെടുന്നതുപോലെ വലിയൊരു നേട്ടമായി  മട്ടന്നൂരിൽ പിടിച്ചെടുത്ത ഏഴ് സീറ്റുകൾ സംസ്ഥാന തലത്തിൽ ഉയർത്തിക്കാട്ടുന്നതിൽ കഴമ്പുണ്ടോ. എന്താണ് മട്ടന്നൂരിലെ ജനവിധിയുടെ പിന്നാമ്പുറം എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

മട്ടന്നൂരിൽ തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ സിപിഎമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. നഗരസഭാ ചെയ‍ർമാൻ സ്ഥാനാർത്ഥിയടക്കം പുതുമുഖമായത് ഈ തർക്കത്തിന് ഒടുവിലാണ്. പാർട്ടിയിലെ രണ്ട് പ്രമുഖ നേതാക്കൾ ഇരുപക്ഷമായി നിന്നത് ചേരിതിരിവ് രൂക്ഷമാക്കി. കാൽ നൂറ്റാണ്ട് ഭരണം പൂർത്തിയാക്കി ആറാം ഊഴത്തിലേക്ക് കടക്കുന്ന എൽഡിഎഫിനെതിരെ രൂക്ഷമായ ഭരണവിരുദ്ധ വികാരവുമുണ്ടായിരുന്നു. നഗരസഭാ അധ്യക്ഷയ്ക്കെതിരെ പാർട്ടിക്കകത്ത് തന്നെ അഭിപ്രായ ഭിന്നതയും.

പാർട്ടി ശക്തി കേന്ദ്രങ്ങളിലെ വോട്ടു ചോർച്ച നടപടിയിലേക്ക് നീങ്ങിയേക്കും. പക്ഷെ ഇതിന്റെ കാരണങ്ങൾ കണ്ടെത്തേണ്ടതുണ്ട് എൽഡിഎഫിന്, പ്രധാനമായും സിപിഎമ്മിന്. ഇതിൽ സംസ്ഥാന തലത്തിൽ തന്നെ ചേർത്തുവായിക്കപ്പെടുന്ന ഒന്നാണ്  മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച ഫർസീൻ മട്ടന്നൂരുകാരനാണ് എന്നത്. ഫ‍ർസീനെതിരെ സർക്കാ‍ർ നടത്തിയ നീക്കങ്ങളോടുള്ള അവരുടെ എതിർപ്പായി മാറിയെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തിയാൽ അതും എൽഡിഎഫിനും സർക്കാറിനും സിപിഎമ്മിനും ആശാസ്യമായ ഒന്നാവില്ല അത്. എല്ലാത്തിനും ഉപരിയായി വെറും നാല് സീറ്റകലെയാ ആയിരുന്നു ഭരണമെന്ന് തിരിച്ചറിയുമ്പോൾ ഒന്നുകൂടി ഒത്തു പിടിക്കാമായിരുന്നു എന്ന തോന്നലും യുഡിഎഫിനുണ്ട്.

35 വാർഡുകളിൽ എൽഡിഎഫ് 21 ഇടത്തും യുഡിഎഫ് 14 ഇടത്തും ആണ് ഇത്തവണ ജയിച്ചുകയറിയത്. നിലവിൽ മട്ടന്നൂരിൽ എൽഡിഎഫിന് 28 സീറ്റുകൾ ഉണ്ടായിരുന്നു, യുഡിഎഫിന് ഏഴും. 25 സീറ്റുകൾ സിപിഎം ഒറ്റയ്ക്ക് നേടിയ നഗരസഭയിലാണ് ഇക്കുറി എൽഡിഎഫ് 21ൽ ഒതുങ്ങിയത്. കഴിഞ്ഞ തവണ സിപിഎമ്മിന് 25 ഉം സിപിഐക്കും ഐഎൻഎല്ലിനും ഓരോ സീറ്റുമാണ് ഉണ്ടായിരുന്നത്. യുഡിഎഫിൽ കോൺഗ്രസിന് നാല് സീറ്റും മുസ്ലിം ലീഗിന് മൂന്ന് സീറ്റുമായിരുന്നു കഴിഞ്ഞ തവണ.  ഈ കണക്കുകളെല്ലാം എൽഡിഎഫ് ക്യാംപിനെ കൂടുതൽ ചിന്തിപ്പിക്കുമെന്ന് തീർച്ച.

Read more: എന്റെ വാ‍ർഡിൽ തോറ്റിട്ടില്ല'; മട്ടന്നൂരിലേത് വ്യാജ പ്രചാരണമെന്ന് ശൈലജ, തിരിച്ചടി പരിശോധിക്കുമെന്ന് ജയരാജൻ

മട്ടന്നൂരിൽ സംഭവിച്ചതെന്തെന്ന് പാർട്ടി വിശദമായി പരിശോധിക്കുമെന്നാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ പ്രതികരണം. മട്ടന്നൂരിൽ സ‍ർക്കാർ വിരുദ്ധ വികാരം ഉണ്ടായിട്ടില്ല. നഗരസഭാ ഭരണത്തിനെതിരായി വികാരവുമില്ല. പാർട്ടിയിൽ ഭിന്നിപ്പോ തെരഞ്ഞെടുപ്പ് നേരിടുന്നതിൽ പാളിച്ചകളോ ഉണ്ടായിട്ടില്ലെന്നും ജയരാജൻ കൂട്ടിച്ചേർക്കുന്നു. ബിജെപി-കോൺഗ്രസ് ഒത്തുകളി അവിടെ നടന്നുവെന്ന പതിവ് ആരോപണവും ജയരാജൻ ഉന്നയിക്കുന്നുണ്ട്. കോൺഗ്രസിന് വോട്ടു മറിച്ചതിനാൽ ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപി പിന്നിലായെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഈ ആരോപണങ്ങളിൽ ഒതുങ്ങില്ലെന്ന് കരുതാം സിപിഎം നടപടികൾ. കേഡർ തിരിച്ച് , പാളിച്ചകൾ ഇഴകീറി  പരിശോധിക്കും സിപിഎം. കണ്ടെത്തലുകൾ പുറത്തുവന്നാലും ഇല്ലെങ്കിലും രണ്ടാം പിണറായിക്കപ്പുറത്തെ കേരള രാഷ്ട്രീയത്തിൽ മട്ടന്നൂർ സിപിഎമ്മിന് ചെറു സൂചന മാത്രമാകും, എന്നാൽ യുഡിഎഫിന് ഇത് വലിയ ആത്മവിശ്വാസവും.

Read more:  'ഏത് കോട്ടയും പൊളിയും,എല്ലാവരും മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിന്‍റ തുടക്കമാണ് മട്ടന്നൂരില്‍ കണ്ടത് '

വേറിട്ടു നിൽക്കുന്ന മട്ടന്നൂർ

കേരളത്തിൽ മറ്റ് തദ്ദേശ സ്താപനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ മട്ടന്നൂർ മാറി നിൽക്കും. മറ്റിടങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് ഫലം വന്ന് ഒന്നര വർഷം കഴിയുമ്പോൾ മട്ടന്നൂരിൽ അങ്കത്തട്ടുയരും. മട്ടന്നൂര്‍ പഞ്ചായത്തിനെ നഗരസഭയാക്കി ഉയര്‍ത്തിതിലുള്ള  ചില തര്‍ക്കങ്ങളും പിന്നാലെയുള്ള കേസുകളുമാണ് ഈ ഒരു ഇടവേള സമ്മാനിച്ചത്..

ശൈലജയുടെ മണ്ഡലത്തിൽ തോറ്റോ?

മുൻ ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ  വാ‍ർഡിൽ എൽഡിഎഫ് തോറ്റെന്ന് വ്യാപകമായി പ്രചാരണങ്ങൾ നടന്നു. എന്നാൽ പ്രചാരണം  വ്യാജമെന്ന്  ശൈലജ ടീച്ചർ അറിയിച്ചു. മട്ടന്നൂരിൽ ആറാം തവണയും തുടർച്ചയായി എൽഡിഎഫ് ജയിച്ചതോടെ യുഡിഎഫ് കേന്ദ്രങ്ങൾ വ്യാജ പ്രചാരണങ്ങൾ വീണ്ടും തുടങ്ങിയിരിക്കുകയാണെന്നായിരുന്നു കെകെ.ശൈലജയുടെ ഫേസ്ബുക്ക് കുറിപ്പ്. ശൈലജയുടെ ഭർത്താവ് കെ ഭാസ്കരൻ ജയിച്ച വാ‍ർഡിൽ ഇക്കുറി സിപിഎം തോറ്റെന്ന പ്രചാരണങ്ങൾക്കാണ് മുൻ ആരോഗ്യ മന്ത്രി മറുപടിയുമായി എത്തിയത്.  

Read more: മട്ടന്നൂരിൽ യുഡിഎഫ് പിടിച്ചെടുത്തത് 8 എൽഡിഎഫ് സീറ്റുകൾ, ശക്തി കേന്ദ്രങ്ങളിലും സിപിഎമ്മിന് തിരിച്ചടി

കെ ഭാസ്കരൻ മാസ്റ്റർ വിജയിച്ച് നഗരസഭ ചെയർമാനായത് ഇടവേലിക്കൽ വാർഡിൽ നിന്നാണെന്നാണ് ശൈലജ പോസ്റ്റിൽ പറയുന്നത്. എന്നാൽ എൽഎസ്‍ജിഡി വെബ്സൈറ്റ് പ്രകാരം 2010ൽ, കെ.ഭാസ്കരൻ ജയിച്ച് ചെയർമാനായത് പെരിഞ്ചേരി വാർഡിൽ നിന്നാണ്. പെരിഞ്ചേരി വാ‍ർഡിൽ ഇക്കുറി യുഡിഎഫ് ആണ് ജയിച്ചത്. 42 വോട്ടിനാണ് യുഡിഎഫിലെ മിനി രാമകൃഷ്ണൻ ഇത്തവണ പെരിഞ്ചേരിയിൽ വിജയിച്ചത്.
 

Follow Us:
Download App:
  • android
  • ios