
ധാക്ക: ബംഗ്ലാദേശിന്‍റെ തലസ്ഥാനമായ ധാക്കയിൽ യുവാവിനെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും, മോചനദ്രവ്യം ഈടാക്കിയ ശേഷം വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു. 25-കാരനായ സുഭാഷ് ദിയൂരി എന്ന യുവാവാണ് ക്രൂരതയ്ക്ക് ഇരയായത്. ഇയാൾ നിലവിൽ ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ധാക്കയിലെ സെൻട്രൽ ലോ കോളേജിലെ ഒന്നാം വർഷ നിയമ വിദ്യാർത്ഥിയാണ് സുഭാഷ്. ഇതോടൊപ്പം ജഗന്നാഥ് സർവകലാശാലയിലെ അമ്പലത്തിൽ താൽക്കാലികമായി പൂജാരിയായും ഇയാൾ ജോലി ചെയ്യുന്നുണ്ട്. മതപരമായ കാരണങ്ങളാലാണോ ഇയാൾ ആക്രമിക്കപ്പെട്ടതെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.
തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ സ്വാമിബാഗ് പ്രദേശത്തേക്ക് റിക്ഷയിൽ പോവുകയായിരുന്ന സുഭാഷിനെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒരു വീട്ടിൽ തടങ്കലിൽ പാർപ്പിച്ച പ്രതികൾ ഇയാളെ ക്രൂരമായി മർദ്ദിച്ചു. ചൊവ്വാഴ്ച പുലർച്ചെ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് നിന്ന് താഴേക്ക് ചാടിയാണ് സുഭാഷ് അവിടെനിന്ന് രക്ഷപ്പെട്ടത്. താഴേക്ക് ചാടുന്നതിനിടയിൽ ഇയാളുടെ കാലിനും ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റു. തുടർന്ന് റൂംമേറ്റിന്റെ സഹായത്തോടെയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്കുകൾ സാരമുള്ളതായതിനാൽ സുഭാഷിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു.
ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ സുഭാഷിന്റെ ഫോണിൽ നിന്ന് സഹോദരി ജയയ്ക്ക് ഒരു അജ്ഞാതന്റെ കോൾ വന്നു. സുഭാഷിനെ വിട്ടയക്കാൻ 30,000 ബംഗ്ലാദേശി ടാക്ക (ബംഗ്ലാദേശ് കറൻസി) മോചനദ്രവ്യമായി ആവശ്യപ്പെടുകയായിരുന്നു. പ്രതികൾ നൽകിയ അക്കൗണ്ട് നമ്പറിലേക്ക് കുടുംബം 26,000 ടാക്ക ട്രാൻസ്ഫർ ചെയ്തു. ഇതിന് ശേഷമാണ് സുഭാഷിനെ ഒരു തെരുവിൽ ഉപേക്ഷിച്ചതെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
അതേസമയം, സുഭാഷ് തങ്ങളുടെ സ്ഥിരം പൂജാരി അല്ലെന്നും പ്രധാന പൂജാരി ഇല്ലാത്ത സമയങ്ങളിൽ ചില ആചാരങ്ങൾ ചെയ്യാൻ സഹായിക്കാറുണ്ടായിരുന്ന ആളാണെന്നും ജഗന്നാഥ് സർവകലാശാലാ ക്ഷേത്ര കമ്മിറ്റി വ്യക്തമാക്കി. ഈ സംഭവത്തിന് ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലെന്നും അവർ അറിയിച്ചു. ഇത് കേവലം ഒരു കവർച്ചാ ശ്രമമാണോ എന്ന് കണ്ടെത്താൻ അന്വേഷണം നടത്തിവരികയാണെന്ന് ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ വക്താവ് കാജൽ ദേബനാഥ് അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam