
ദില്ലി: ഇന്ത്യൻ സൈന്യത്തെ ലക്ഷ്യമിട്ട് പാകിസ്ഥാൻ ചാവേറുകളെ അയച്ചെന്ന് വെളിപ്പെടുത്തൽ. അഞ്ച് പേരടങ്ങുന്ന സംഘത്തെ അയച്ചത് പാകിസ്ഥാൻ സൈന്യത്തിലെ കേണൽ യൂനസ് ആണെന്നും സൈന്യം പിടികൂടിയ ഭീകരൻ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം സൈന്യം പിടികൂടിയ ഭീകരൻ തബ്രാക്ക് ഹുസൈൻ ആണ് ഇക്കാര്യങ്ങൾ വാര്‍ത്ത ഏജൻസിയോട് വെളിപ്പെടുത്തിയത്. നുഴഞ്ഞു കയറ്റ ശ്രമത്തിനിടെ സൈന്യത്തിൻ്റെ വെടിയേറ്റ ഇയാൾ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. പരമാവധി ഇന്ത്യൻ സൈനികരെ വധിക്കണമെന്ന നിര്‍ദേശം നൽകിയാണ് പാകിസ്ഥാൻ കേണൽ തന്നെ അയച്ചതെന്നും മുപ്പതിനായിരം രൂപ ഇയാൾ നൽകിയെന്നും തബ്രാക്ക് ഹുസൈൻ പറയുന്നു.
പാക് അധിനിവേശ കശ്മീരിലെ കൊട്ലി എന്ന ഗ്രാമത്തിൽ നിന്നുള്ളയാളാണ് ഇയാൾ. സൈന്യത്തിൻ്റെ വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായ ഇയാൾ സൈനിക ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ചികിത്സയുടെ ബലത്തിലാണ് രക്ഷപ്പെട്ടത്. മൂന്നോ നാലോ തീവ്രവാദികൾക്കൊപ്പമാണ് നിയന്ത്രണരേഖ മറികടക്കാൻ ശ്രമിച്ചത്. പാകിസ്ഥാൻ സൈന്യത്തിലെ കേണൽ ചൗധരി യൂനസാണ് നിയന്ത്രണരേഖ നുഴഞ്ഞു കയറി ഇന്ത്യൻ സൈനികരെ ആക്രമിക്കാൻ നിര്‍ദ്ദേശിച്ചത്. അതിനായുള്ള ആയുധങ്ങളുമായിട്ടാണ് നിയന്ത്രണരേഖ കടന്നതും. എന്നാൽ സൈന്യം ഞങ്ങളെ കണ്ടെത്തുകയും വെടിവച്ചിടുകയും ചെയ്തതോടെ ബാക്കിയുള്ളവര്‍ പിന്തിരിഞ്ഞോടി - തബ്രാക്ക് ഹുസൈൻ പറയുന്നു.
അതേസമയം ജമ്മു കശ്മീരിലെ അഖ്നൂര്‍ സെക്ടറിലെ പല്ലൻവാല മേഖലയിൽ തുടര്‍ച്ചയായുള്ള നുഴഞ്ഞു കയറ്റ നീക്കം നടന്നതായി സൈന്യം അറിയിച്ചു. ചൊവ്വാഴ്ച രാത്രിയും ഇവിടെ നുഴഞ്ഞു കയറാനുള്ള ശ്രമം സൈന്യം ചെറുത്തു തോൽപിച്ചു. കഴിഞ്ഞ 72 മണിക്കൂറിനിടെയുള്ള മൂന്നാമത്തെ നുഴഞ്ഞു കയറ്റ ശ്രമമാണിത്. നേരത്തെ നുഴഞ്ഞുകയറ്റത്തിനുള്ള ശ്രമത്തിനിടെ കുഴിബോംബിൽ ചവിട്ടി രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam