നിരോധിത തീവ്രവാദസംഘടനയുമായി ബന്ധമെന്ന് സംശയം; അഞ്ച് പേർ കർണാടകയില്‍ അറസ്റ്റിൽ

By Web TeamFirst Published Jan 13, 2020, 4:04 PM IST
Highlights

കളിയിക്കാവിളയിൽ തമിഴ്നാട് എഎസ്ഐയെ വെടിവച്ച് കൊന്നതിന് പിന്നിൽ അൽ ഉമ്മയുമായി ബന്ധമുളളവരാണെന്നാണ് പൊലീസ് നിഗമനം.

ബെംഗളൂരു: നിരോധിത തീവ്രവാദസംഘടന അൽ ഉമ്മയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേർ കർണാടകത്തിൽ അറസ്റ്റിൽ. ഇജാസ് പാഷ, അനീസ്,സഹീദ്, ഇമ്രാൻ ഖാൻ,സലിം ഖാൻ എന്നിവരാണ് പിടിയിലായത്. രാമനഗര, ശിവമൊഗ, കോലാർ എന്നിവിടങ്ങളിൽ നിന്നാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് ഇവരെ അറസ്റ്റ് ചെയ്തത്. 

അറസ്റ്റിലായവര്‍ക്ക് നിരോധിത സംഘടനയായ സിമിയുമായും ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. അൽ ഉമ്മയുടെ പ്രധാനനേതാവ് മഹബൂബ് പാഷ, മൊയ്തീൻ ഖാജ എന്നിവ‌ർ ഉൾപ്പെടെ പതിനാല് പേർക്ക് വേണ്ടി ക്രൈംബ്രാഞ്ച് തെരച്ചിൽ ശക്തമാക്കി. ഗുണ്ടൽപേട്ട് മേഖലയിൽ ഇവരുണ്ടെന്നാണ് വിവരം. കളിയിക്കാവിളയിൽ തമിഴ്നാട് എഎസ്ഐയെ വെടിവച്ച് കൊന്നതിന് പിന്നിൽ അൽ ഉമ്മയുമായി ബന്ധമുളളവരാണെന്നാണ് പൊലീസ് നിഗമനം.

അതേസമയം, കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകത്തിനായുള്ള ആസൂത്രണം നടന്നത് കേരളത്തിലാണെന്നതിന് പൊലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചു. വിതുര സ്വദേശിയായ സെയ്ദ് അലി ഏർപ്പാടാക്കി നൽകിയ വീട്ടിൽ വച്ച് കൃത്യം ആസൂത്രണം ചെയ്തെന്നാണ് സംശയം. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ സെയ്ദ് അലിയെ ഇതുവരെയും പിടികൂടാനായിട്ടില്ല. കൃത്യം നടത്തിയതിന്റെ രണ്ട് ദിവസം മുമ്പ് പ്രതികൾ നെയ്യാറ്റിൻകരയിൽ എത്തിയതിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങളും പൊലീസിന് കിട്ടിയിട്ടുണ്ട്. ഇവർ താമസിച്ചിരുന്നു എന്ന് കരുതുന്ന ആരാധാനാലയത്തിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. പ്രതികൾ ഉപേക്ഷിച്ച ബാഗ് കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.

Also Read: എഎസ്ഐയെ കൊല്ലാൻ ആസൂത്രണം നടന്നത് കേരളത്തിൽ, പ്രതികളുടെ ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്

click me!