തിരുവനന്തപുരം: കളിയിക്കാവിള എസ്ഐയെ വെടിവെച്ച് കൊന്ന കേസിൽ ആസൂത്രണം നടന്നത് കേരളത്തിലാണെന്നതിന് കൂടുതൽ തെളിവുകൾ. വെടിവയ്പ്പിന് രണ്ട് ദിവസം മുമ്പ് പ്രതികൾ നെയ്യാറ്റിൻകരയിലെത്തി. 7, 8 തീയതികളിൽ പ്രതികൾ പള്ളിയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വിതുര സ്വദേശി സെയ്ത് അലി ഏർപ്പാടാക്കിയ വീടിലാണ് പ്രതികൾ താമസിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊല നടന്നതിന്റെ പിറ്റേ ദിവസം സെയ്ത് അലി ഒളിവിൽ പോയി. ഇയാളുടെ വിതുരയിലെ ഭാര്യവീട്ടിൽ ക്യൂ ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗ് മറ്റൊരാൾക്ക് കൈമാറിയതിലും ദുരൂഹത. 

കൊല നടത്തിയ ദിവസം പ്രതികൾ നെയ്യാറ്റിൻകരയിൽ ഒരു ബാഗ് ഉപേക്ഷിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇന്നലെ പൊലീസിന് ലഭിച്ചിരുന്നു. നെയ്യാറ്റിൻകര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തുളള ദൃശ്യങ്ങളിലാണ് പ്രതികളെ കണ്ടെത്തിയത്. രാത്രി 8.45 മണിയോടെ കടകൾക്ക് അടുത്തുക്കൂടി നടന്ന് പോകുന്ന ഇവർ അവിടെ ഒരു ബാഗ് ഉപേക്ഷിക്കുന്നതായാണ് ദൃശ്യങ്ങളിൽ ഉളളത്. പൊതുപണിമുടക്ക് ദിവസമായിരുന്നതിനാൽ കടകളെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു. ഈ ബാഗിനായി അന്വേഷണസംഘം സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ബാഗ് നെയ്യാറ്റിൻകരയിലുളള ഏതെങ്കിലും കടയിൽ നിന്നാണോ വാങ്ങിയതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. 

പ്രതികൾ യാത്ര ചെയ്തതായി സംശയിക്കുന്ന ഓട്ടോഡ്രൈവറെ നെയ്യാറ്റിൻകരയിൽ നിന്ന് അന്വേഷണസംഘം ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തു വരികയാണ്. അതേസമയം, മുഖ്യപ്രതികളായ തൗഫീഖിനും അബ്ദുൾ ഷമീമിനുമായുളള തെരച്ചിൽ തമിഴ്നാട് ക്യൂ ബ്രാഞ്ചും കേരള പൊലീസും ഊർജ്ജിതമാക്കി. ഇവരുടെ വിവരങ്ങൾ നൽകുന്നവർക്ക് ഏഴ് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തൗഫീഖുമായി അടുത്ത ബന്ധമുള്ള ഇഞ്ചിവിള സ്വദേശികളായ രണ്ട് പേരെ കഴിഞ്ഞ ദിവസം കേരള പൊലീസ് പിടികൂടിയിരുന്നു. തീവ്രവാദബന്ധം കണ്ടെത്തിയതിനാൽ കേസ് എൻഐഎ ഏറ്റെടുക്കാനാണ് സാധ്യത.