'നന്ദി, വിചാരണ ഇനി ടിവിയിൽ വേണ്ട, കോടതിയിൽ നടക്കട്ടെ', മറുപടിയുമായി കനയ്യ കുമാർ

By Web TeamFirst Published Feb 28, 2020, 11:40 PM IST
Highlights

ജെഎൻയുവിൽ 2016 ഫെബ്രുവരിയിൽ നടന്ന പരിപാടിയിൽ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചു എന്നതാണ് കനയ്യ കുമാറിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇതിൽ പ്രോസിക്യൂട്ട് ചെയ്യാൻ കെജ്‍രിവാൾ സർക്കാരാണ് അനുമതി നൽകിയത്.

ദില്ലി: രാജ്യദ്രോഹക്കുറ്റത്തിന് തന്നെ പ്രോസിക്യൂട്ട് ചെയ്ത കെജ്‍രിവാൾ സർക്കാരിനോട് 'നന്ദി'യെന്ന് പരിഹാസത്തിൽ പൊതിഞ്ഞ പ്രതികരണവുമായി ജെഎൻയു മുൻ വിദ്യാർത്ഥിയൂണിയൻ ചെയർമാനും സിപിഐ നേതാവുമായ കനയ്യ കുമാർ. ഇനി വിചാരണാ നടപടികൾ പെട്ടെന്ന് പൂർത്തിയാക്കൂ എന്നും കനയ്യ ട്വീറ്റ് ചെയ്തു. ടിവി സ്ക്രീനിലെ വിചാരണയല്ല, കോടതിയിലെ വിചാരണയെന്നും കനയ്യ പരിഹസിക്കുന്നു. കനയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ കെജ്‍രിവാൾ സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് പ്രതികരണം.

ജെഎൻയുവിൽ 2016 ഫെബ്രുവരിയിൽ നടന്ന പരിപാടിക്കിടെ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചു എന്നതാണ് കനയ്യയ്ക്ക് എതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഈ പരിപാടിക്ക് നേതൃത്വം നൽകിയത് കനയ്യയാണെന്നും ദില്ലി പൊലീസ് കണ്ടെത്തിയെന്ന് അവകാശപ്പെട്ടിരുന്നു. 

''ആ രാജ്യദ്രോഹക്കുറ്റത്തിന് അനുമതി നൽകിയതിന് ദില്ലി സർക്കാരിന് നന്ദി. ഇനി സർക്കാരും പൊലീസും ഈ കേസ് ഗൗരവമായി എടുക്കുമെന്ന് ഞാൻ കരുതട്ടെ. ഇനി ഒരു അതിവേഗക്കോടതിയിൽത്തന്നെ, ഈ കേസ് പരിഗണിക്കുമെന്നും, പെട്ടെന്ന് വിചാരണ പൂർത്തിയാക്കുമെന്നാണ് കരുതുന്നത്. ടെലിവിഷനിലല്ല, കോടതിയിൽ'', എന്നായിരുന്നു കനയ്യയുടെ ട്വീറ്റ്. ''സത്യമേവജയതേ'', എന്നും അതോടൊപ്പം കനയ്യ എഴുതുന്നു.

രാജ്യത്തെ യഥാർത്ഥ പ്രശ്നങ്ങളെ മറയ്ക്കാനും, രാഷ്ട്രീയ ലാഭത്തിനുമാണ് രാജ്യദ്രോഹനിയമം ഉപയോഗിക്കുന്നതെന്ന് കനയ്യകുമാർ ആരോപിക്കുന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ഈ തന്ത്രം. പെട്ടെന്ന് വിചാരണ പൂർത്തിയായാൽ പിന്നെ ഈ ബിജെപി നേതാക്കൾ വേറെ എന്ത് പറയും - എന്ന് കനയ്യ ചോദിക്കുന്നു.

കഴിഞ്ഞയാഴ്ചയാണ്, കനയ്യ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി, ദില്ലി പൊലീസ് സ്പെഷ്യൽ സെൽ അരവിന്ദ് കെജ്‍രിവാൾ സർക്കാരിന് കത്ത് നൽകിയത്. ഇതിനുള്ള മറുപടിയായാണ് കെജ്‍രിവാൾ സർക്കാർ അനുമതി നൽകുന്നത്. 

കാലങ്ങളായി ഈ കേസിൽ കുറ്റപത്രമടക്കം ദില്ലി പൊലീസ് വൈകിച്ചിരുന്നു. കനയ്യയ്ക്ക് എതിരായി ചില വാർത്താചാനലുകൾ പുറത്തുവിട്ട വീഡിയോ വ്യാജമായി നിർമിച്ചതാണെന്ന് തെളിഞ്ഞിരുന്നതാണ്. ഇതേത്തുടർന്ന് സീ ന്യൂസ്, ന്യൂസ് എക്സ്, ടൈംസ് നൗ എന്നീ ചാനലുകൾക്കെതിരെ വ്യാജവാർത്ത സംപ്രേഷണം ചെയ്തതിന്‍റെ പേരിൽ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. 

പാർലമെന്‍റ് ആക്രമണക്കേസിൽ പ്രതിയായി തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരുവിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചുവെന്നും, ഇതിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങിയെന്നുമാണ് സീ ന്യൂസ് അടക്കമുള്ള ചാനലുകൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ ദൃശ്യങ്ങളിൽ ശബ്ദം എഡിറ്റ് ചെയ്ത് ചേർത്തതാണെന്ന് പിന്നീട് വിദഗ്‍ധ പരിശോധനയിൽ തെളിഞ്ഞിരുന്നു. 

Read more at: അരവിന്ദ് കെജ്‍രിവാൾ അനുമതി നൽകി: കനയ്യകുമാർ രാജ്യദ്രോഹക്കേസിൽ വിചാരണ നേരിടണം

click me!