ദില്ലി: തനിക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസിൽ സിപിഐ നേതാവും ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റുമായ കനയ്യ കുമാർ വിചാരണ നേരിടണം. കേസിൽ കനയ്യയെ പ്രൊസിക്യുട്ട് ചെയ്യാൻ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അനുമതി നൽകി. 2016ൽ നടന്ന ജെഎൻയു സമരവുമായി ബന്ധപ്പെട്ട് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് കേസ്.

കേസിൽ കനയ്യ കുമാറിന് പുറമെ, ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂവരും പിന്നീട് ജാമ്യത്തിലിറങ്ങി. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവസം രാത്രിയാണ് സംഭവം. കാശ്മീരി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ജെഎൻയു ക്യാംപസിൽ സംഘടിപ്പിച്ച പരിപാടിയാണ് വിവാദമായത്. 

എന്നാൽ പിന്നീട് കനയ്യ കുമാർ നിരപരാധിയാണെന്ന് വാദിക്കുന്ന തരത്തിൽ വീഡിയോ ദൃശ്യം വ്യാജമാണെന്നടക്കം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കനയ്യ കുമാര്‍ പിന്നീട് സിപിഐയുടെ ദേശീയ നേതൃത്വത്തിലെത്തി. മോദി സർക്കാരിന്റെയും ബിജെപിയുടെയും മുഖ്യ വിമർശകരിൽ ഒരാളായി മാറി. ബിഹാറിലെ ബെഗുസാരായിയില്‍ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഏറ്റവുമൊടുവിൽ ബിഹാറിൽ നടന്ന ഭരണഘടനാ സംരക്ഷണ റാലിയുടെ നേതൃത്വം കനയ്യ കുമാറിനായിരുന്നു. എന്നാൽ റാലിക്കിടെ പലയിടത്തായി കനയ്യയും സംഘവും ആക്രമിക്കപ്പെട്ടതും വാർത്തയായിരുന്നു.