പള്ളിയെന്നോ അമ്പലമെന്നോ വേർതിരിവില്ല; ഉച്ചഭാഷിണികളില്ലാത്ത ഒരു ഗ്രാമം

Published : May 05, 2022, 11:35 AM IST
പള്ളിയെന്നോ അമ്പലമെന്നോ വേർതിരിവില്ല; ഉച്ചഭാഷിണികളില്ലാത്ത ഒരു ഗ്രാമം

Synopsis

ഉച്ചഭാഷിണിയുടെ പേരിൽ വർഗീയ വിവാദം കത്തുന്ന മഹാരാഷ്ട്രയിലെ വേറിട്ട മാതൃക. ഉച്ചഭാഷിണികളുണ്ടാക്കുന്ന ശബ്ദമലിനീകരണത്തെക്കുറിച്ച് നല്ലബോധ്യമുള്ളത് കൊണ്ട് നാട്ടുകാർ ഒരുമിച്ചെടുത്ത തീരുമാനമാണിത്. 

മുംബൈ: മറാത്താവാഡ മേഖലയിലെ നന്ദേഡ് ജില്ലയിലെ ഒരു ഗ്രാമം.കൃത്യമായി പറഞ്ഞാൽ മുദ്ഖേദ് താലൂക്കിലെ ബരാദ് പഞ്ചായത്ത്. വാഴയും കരിമ്പുമെല്ലാം നിറയുന്ന നീണ്ട് കിടക്കുന്ന പാടങ്ങളുടെ നാട്.  ഇരുപതിനായിരത്തിലേറെയുണ്ട് ജനസംഖ്യ. ഹിന്ദുക്കളാണ് ഭൂരിപക്ഷം. 15 അമ്പലം, ഒരു മുസ്ലിംപള്ളി, ഒരു ബുദ്ധ വിഹാർ, ഒരു ജൈന ക്ഷേത്രം എന്നിവയുണ്ട്. പക്ഷെ ഒരിടത്തും ഉച്ചഭാഷിണിയില്ല. പള്ളികളിലെ ഉച്ചഭാഷിണിക്കെതിരെ രാജ് താക്കറെ തുടങ്ങിവച്ച വിവാദം ഏറ്റുപിടിച്ചതാണെന്ന് കരുതരുത്. കഴിഞ്ഞ നാല് വർഷമായി ഇവിടെ ഇങ്ങനെയാണ്. ഉച്ചഭാഷിണികൾക്ക് പ്രവേശനമില്ല. 

ഉച്ചഭാഷിണികളുണ്ടാക്കുന്ന ശബ്ദമലിനീകരണത്തെക്കുറിച്ച് നല്ലബോധ്യമുള്ളത് കൊണ്ട് നാട്ടുകാർ ഒരുമിച്ചെടുത്ത തീരുമാനമാണിത്. ഉച്ചഭാഷിണിപ്രയോഗത്തിന്‍റെ പേരിൽ തമ്മിലടിച്ച ചരിത്രവും നാട്ടിലുണ്ട്. പ്രശ്നം ഗുരുതരമാണെന്ന് കണ്ടതോടെ പഞ്ചായത്ത് വിഷയം ചർച്ചയ്ക്കെടുത്തു. ജനങ്ങളുടെ അഭിപ്രായം തേടി. എല്ലാവരുടേയും അംഗീകരത്തോടെ ആ പ്രമേയം പാസാക്കി. ഇനിമുതൽ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി വേണ്ട! . 2018ലെ ആ തീരുമാനത്തെ ഐക്യത്തോടെ ജനങ്ങൾ ഏറ്റെടുത്തു. ആർക്കും ഒരു പരാതിയും ഇല്ല. രാഷ്ട്രീയ പരിപാടികൾക്കും ഉച്ചഭാഷിണി ഉപയോഗിക്കാറില്ലെന്ന് ഗ്രാമമുഖ്യൻ ബാബാസാഹേബ് ദേശ്മുഖ് പറയുന്നു. ഏതെങ്കിലും ചടങ്ങിന്‍റെ ഭാഗമായി ഉച്ചഭാഷിണി വേണ്ടി വന്നാൽ ആ‍ർക്കും ബുദ്ധിമുട്ടാവാതാരിക്കാൻ പരമാവധി ശബ്ദം കുറച്ച് വയ്ക്കാൻ ജനങ്ങൾ ബോധവാൻമാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പള്ളികളിലെ ഉച്ചഭാഷിണികൾ നിരോധിക്കാൻ ബാങ്ക് വിളിക്കുമ്പോൾ പള്ളിക്ക് മുന്നിൽ പോയി ഹനുമാൻ കീർത്തനങ്ങൾ ഇരട്ടി ശബ്ദത്തിൽ കേൾപ്പിക്കാനാണ് എംഎൻഎസ് തലവൻ രാജ് താക്കറെയുടെ ആഹ്വാനം. സംസ്ഥാനത്ത് ഉച്ചഭാഷിണി ഉപയോഗത്തെചൊല്ലി ക്രമസമാധാന നില പോലും പരുങ്ങലിലായ അവസ്ഥയിലാണ് ഈ നന്ദേഡ് മോഡൽ ഒന്ന് കാണേണ്ടത്. ഉച്ചഭാഷിണി വേണ്ടെന്ന് വച്ച് ഗ്രാമം. രാഷ്ട്രീയ വിവാദമില്ല,വർഗീയ ചേരിതിരിവ് ഇല്ല.. ഐക്യത്തോടെ തീരുമാനം. ഉച്ചഭാഷിണിയുടെ ഉച്ചത്തിലുള്ള ശബ്ദകോലാഹം ഇനി ഗ്രാമത്തിൽ വേണ്ട.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു