
കാൺപുർ: ഉത്തർപ്രദേശിലെ കാൺപൂരിലെ പ്രൈമറി സ്കൂളിൽ നടന്ന ഒരു മോഷണം നാട്ടുകാരെ അമ്പരപ്പിച്ചു. സ്‌കൂളിൽ മോഷണം നടത്തിയ ശേഷം ചുവരുകളിൽ ഇവർ വരച്ചിട്ട കാർട്ടൂൺ ചിത്രങ്ങൾ കണ്ടാണ് നാട്ടുകാർ അമ്പരന്നത്. അനുഗ്രഹീത കലാകാരനെന്നാണ് കള്ളനെ നാട്ടുകാർ തന്നെ വിശേഷിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ദസറ അവധി സമയത്ത് ഭിതർഗാവിലെ മണിയാർപൂരിലാണ് സംഭവം. അടച്ചിട്ടിരുന്ന സ്‌കൂളിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാവ് രണ്ട് ബ്ലൂടൂത്ത് സ്പീക്കറുകൾ, ഒരു സാംസങ് ചാർജർ, ഒരു സോമർസിബിൾ സ്റ്റാർട്ടർ ബോക്സ്, ഒരു പ്ലാസ്റ്റിക് കസേര എന്നിവയാണ് കൊണ്ടുപോയത്. സ്‌കൂളിലെ പൂട്ടും ഇവർ കൊണ്ടുപോയി.
അവധി കഴിഞ്ഞ് തിരിച്ചെത്തിയ സ്‌കൂൾ പ്രിൻസിപ്പൽ രഞ്ജൻ മിശ്ര സാദ് സ്‌കൂളിൽ മോഷണം നടന്നതായി പൊലീസിനെ അറിയിച്ചു. പരാതിയും നൽകി. പിന്നാലെ പൊലീസെത്തി സ്‌കൂളിൽ പരിശോധിച്ചു. ഈ സമയത്താണ് കള്ളൻ വരച്ചുവെച്ച ചോക്കുപയോഗിച്ചുള്ള കാർട്ടൂൺ ചിത്രങ്ങൾ പൊലീസും നാട്ടുകാരും കണ്ടത്. കേന്ദ്ര സർക്കാരിൻ്റെ ബേട്ടി ബചാവോ ബേട്ടി പഠാവോ എന്ന പ്രചാരണവുമായി ബന്ധപ്പെട്ടാണ് കാർട്ടൂൺ. ക്ലാസ് മുറിയിലെ ബോർഡിലും ചുവരുകളിലും കള്ളൻ ചിത്രം വരച്ചു. കലാകാരനായ മോഷ്‌ടാവ് സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയായിരിക്കുമെന്നാണ് പൊലീസിൻ്റെ വിലയിരുത്തൽ. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.