
ജയ്‌പൂർ : ജയ്‌പൂരിലെ സവായ് മാൻ സിംഗ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ നരേന്ദ്ര സിംഗ് എന്നയാൾക്ക് നഷ്ടമായത് അമ്മയെ. തീപിടുത്തം ഉണ്ടായ സമയത്ത് ഭക്ഷണം കഴിക്കാൻ താഴെപ്പോയ നരേന്ദ്ര സിംഗ്. തിരികെ എത്തുമ്പോഴേക്കും തീവ്രപരിചരണ വിഭാഗത്തിൽ തീ പടർന്ന് പിടിച്ചിരുന്നു. ''ഐ.സി.യുവിൽ തീപിടിച്ചത് ഞാൻ അറിഞ്ഞില്ല. ഞാൻ ആ സമയം അത്താഴം കഴിക്കാൻ പോയതായിരുന്നു. തീ അണയ്ക്കാൻ വേണ്ട ഉപകരണങ്ങൾ പോലും അവിടെ ഉണ്ടായിരുന്നില്ല''. സൗകര്യങ്ങളൊന്നും ലഭ്യമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിൽ ആകെ 8 പേർക്കാണ് ജീവൻ നഷ്ടമായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. തീപിടുത്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾ ആശുപത്രി അധികൃതരുടെ അനാസ്ഥയും, തീ അണയ്ക്കുന്നതിനുള്ള ഉപകരണങ്ങളിലാത്തതിനെയും കുറ്റപ്പെടുത്തി. പുക പടർന്നപ്പോൾ ഡോക്ടർമാരും കോമ്പൗണ്ടർമാരും ഓടി രക്ഷപ്പെട്ടെന്നും, നാലോ അഞ്ചോ രോഗികളെ മാത്രമേ പുറത്തെത്തിച്ചുള്ളൂവെന്നും മറ്റൊരു രോഗിയുടെ ബന്ധുവും ആരോപിച്ചു.
എന്നാൽ ആശുപത്രിയിലെ ട്രോമാ സെൻ്റർ ഇൻ-ചാർജ്ജ് ആരോപണങ്ങൾ നിഷേധിച്ചു. വിഷപ്പുക അതിവേഗം പടർന്നതാണ് രക്ഷാപ്രവർത്തനങ്ങൾ ദുഷ്‌കരമാക്കിയതെന്നും, എങ്കിലും ആശുപത്രി ജീവനക്കാർ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നും അദ്ദേഹം വിശദീകരിച്ചു. സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ ആശുപത്രി സന്ദർശിക്കുകയും എത്രയും പെട്ടെന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചു രാജസ്ഥാൻ മുഖ്യമന്ത്രി ഉത്തരവിറക്കി.