
ദില്ലി : നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യംചെയ്യലിനായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇഡി ഓഫീസിലെത്തി. പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഒപ്പമാണ് മൂന്നാം ദിവസവും സോണിയ ഗാന്ധി ഇ ഡി ഓഫീസിലെത്തിയത്. തുടർച്ചയായി രണ്ടാം ദിവസമാണ് സോണിയയുടെ ചോദ്യംചെയ്യൽ. ഒരാഴ്ച മുമ്പാണ് സോണിയയെ ആദ്യമായി ഇഡി ചോദ്യംചെയ്തത്. വലിയ പ്രതിഷേധമാണ് ഇഡി നടപടികൾക്കെതിരെ കോൺഗ്രസ് ഉയർത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 55 ചോദ്യങ്ങള്‍ സോണിയയോട് ചോദിച്ചതായാണ് വിവരം. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയോടുന്നയിച്ച അതേ ചോദ്യങ്ങളാണ് സോണിയയോടും ചോദിച്ചത്. എന്നാലിക്കാര്യങ്ങളിൽ തനിക്ക് വ്യക്തതയില്ലെന്ന മറുപടിയാണ് അവർ നൽകിയതെന്നാണ് വിവരം.
അതേ സമയം, സോണിയയുടെ ചോദ്യംചെയ്യലിൽ കേന്ദ്ര സർക്കാർ നിയമം ദുരുപയോഗം ചെയ്യുകയാണെന്നത് ആവർത്തിക്കുകയാണ് കോൺഗ്രസ്. എഐസിസി ആസ്ഥാനത്ത് മുതിർന്ന നേതാവ് ഗുലാംനബി ആസാദ്, ആനന്ദ് ശർമ്മ തുടങ്ങി ഗ്രൂപ്പ് 23 നേതാക്കളും കലഹം മറന്ന് എത്തി. ആരോഗ്യ പ്രശ്നങ്ങൾ പോലും പരിഗണിക്കാതെയാണ് സോണിയയെ ചോദ്യം ചെയ്യുന്നതെന്നും ഇത് ഉചിതമായ നടപടിയല്ലെന്നും മുതിർന്ന നേതാവ് ഗുലാംനബി ആസാദ് കുറ്റപ്പെടുത്തി. പ്രായം പോലും പരിഗണിക്കാതെ വലിയ സമ്മർദ്ദമാണ് എൻഫോഴ്സ്മെന്റ് സോണിയക്ക് നൽകുന്നത്. 50 മണിക്കൂറിലേറെ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു. അതിനപ്പുറം എന്താണ് സോണിയ ഗാന്ധിയിൽ നിന്ന് അറിയാനുള്ളതെന്നും ഗുലാംനബി ആസാദ് ചോദിച്ചു. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് താൻ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടികൾക്ക് ഇതുവരെ എത്താതിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. സോണിയയെ ചോദ്യം ചെയ്യുന്നതല്ല കേന്ദ്രം നിയമം ദുരുപയോഗം ചെയ്യുന്നതാണ് വിഷയമെന്ന് ആനന്ദ് ശർമ്മയും കുറ്റപ്പെടുത്തി. നിയമം ജനങ്ങളെ ഭീഷണിപ്പെടുത്താൻ ഉപയോഗിക്കുന്നു. ജനാധിപത്യത്തിൽ എതിരാളികൾ ഉണ്ടാകും. എന്നാൽ ഈ നടപടി അത്യന്തം ഖേദകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ വിശാലമായ അധികാരങ്ങള്‍ ശരിവച്ച് സുപ്രീംകോടതി. എന്‍ഫോഴ്സ്മെന്‍റ് പ്രഥമവിവര റിപ്പോര്‍ട്ട് മുഴുവനായി പ്രതിക്ക് നൽകേണ്ട സാഹചര്യമില്ല. തടവിലിട്ടാല്‍ പ്രതിക്ക് ആവശ്യമെങ്കില്‍ കോടതിവഴി വാങ്ങാം...വാർത്തയുടെ കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam