എബോള ഭീതി: ഛത്തീസ്ഗഡിൽ മൂന്ന് ആഫ്രിക്കൻ പൗരന്മാർ നിരീക്ഷണത്തിൽ, ജാ​ഗ്രതയോടെ സർക്കാർ

Published : Jun 06, 2026, 01:20 PM IST
Chhattisgarh Ebola Virus Case

Synopsis

എബോള വൈറസ് സംശയത്തെ തു‍ടർന്ന് മൂന്ന് ആഫ്രിക്കൻ പൗരന്മാർ നിരീക്ഷണത്തിൽ. ഛത്തീസ്​ഗഡിലെ ദുർ​ഗിലാണ് മൂന്നുപേരെ 21 ദിവസത്തേക്ക് ക്വാറൻ്റൈനിൽ പ്രവേശിപ്പിച്ചത്. ഇതുവരെ രോ​ഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി. 

ദില്ലി: ആഫ്രിക്കൻ രാജ്യങ്ങളിൽ പടരുന്ന എബോള വൈറസ് സംശയത്തെ തുടർന്ന് മൂന്നു വിദേശ പൗരന്മാരെ ഛത്തീസ്​ഗഡിൽ ക്വാറൻ്റൈനിൽ പ്രവേശിപ്പിച്ചു. ആഫ്രിക്കൻ പൗരന്മാരെ ആണ് മുൻകരുതൽ നടപടികളുമായി ഭാ​ഗമായി 21 ദിവസത്തേക്ക് ക്വാറൻ്റൈനിൽ പ്രവേശിപ്പിച്ചത്. രോ​ഗം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അത് കൈകാര്യം ചെയ്യാനായി സംസ്ഥാനം പൂർണമായും സജ്ജമാണെന്ന് ഛത്തീസ്​ഗഡ് ആരോ​ഗ്യമന്ത്രി ശ്യാം ബിഹാരി ജയ്സ്വാൾ അറിയിച്ചു. ആശുപത്രികളും ക്വാറന്റൈൻ സൗകര്യങ്ങളും ജാ​ഗ്രതയിലാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള മൂന്നുപേരെയാണ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചതെന്നും ആരോ​ഗ്യ പ്രോട്ടോക്കോളുകൾ പാലിച്ചാണ് ഇവരെ നിരീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതുവരെ എബോള വൈറസ് രോ​ഗം സ്ഥിരീകരിച്ചിട്ടില്ല. ആർക്കും രോ​ഗലക്ഷണങ്ങളില്ലെന്നും മന്ത്രി വ്യക്തമാക്കി. ദുർ​ഗിലെ ക്വാറൻ്റൈൻ കേന്ദ്രത്തിലാണ് മൂവരെയും പ്രവേശിപ്പിച്ചത്.

നേരത്തെ ബെം​ഗളൂരുവിൽ എത്തിയ ഉ​ഗാണ്ട സ്വദേശിയായ യുവതിയെയും നിരീക്ഷണത്തിലാക്കിയിരുന്നു. മെയ് 23നാണ് 28കാരി ഉ​ഗാണ്ടയിൽനിന്ന് ബെം​ഗളൂരുവിലെ കെംപ​ഗൗഡ വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. എബോള ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇവരെ ഇന്ദിരാ ന​ഗറിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ സാംപിൾ പരിശോധനയിൽ ഇവർക്ക് എബോളയില്ലെന്ന് സ്ഥിരീകരിച്ചു.

ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് രോ​ഗബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയും മുൻകരുതൽ നടപടികൾ സ്വീകരിച്ചു തുടങ്ങിയത്. എബോള വൈറസ് വ്യാപനത്തെ ലോകാരോഗ്യ സംഘടന 'അന്താരാഷ്ട്ര പ്രാധാന്യമുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ' ആയും ആഫ്രിക്ക സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ 'ഭൂഖണ്ഡാന്തര സുരക്ഷാ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ' ആയും പ്രഖ്യാപിച്ചിരുന്നു. ഇതേ തുട‍ർന്ന് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോം​ഗോ, ഉ​ഗാണ്ട, സൗത്ത് സു​ഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്ര ആരോ​ഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർദേശിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിജെപിയുടെ പ്രതിഷേധം; സാമൂഹിക മാധ്യമങ്ങളിലെ പിന്തുണ തെരുവിലില്ല, ജയ് ശ്രീറാം വിളിച്ച് തടയാനെത്തിയവരെ തടഞ്ഞ് ദില്ലി പൊലീസ്
മരിച്ച് മോർച്ചറിയിലെത്തിച്ച സ്ത്രീകളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ; ആശുപത്രി ജീവനക്കാരൻ കർണാടകയിൽ അറസ്റ്റിൽ