
ദില്ലി: ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥന്‍റെയും സഹായിയുടെയും വസതികളിൽ സിബിഐ നടത്തിയ റെയ്ഡിൽ ഒരു കോടി രൂപയും 3.5 കിലോ സ്വർണ്ണാഭരണങ്ങളും 2 കിലോ വെള്ളിയും പിടിച്ചെടുത്തു. 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ ഞായറാഴ്ച അറസ്റ്റിലായ അമിത് കുമാർ സിംഗാളിന്റെയും അദ്ദേഹത്തിന്റെ സഹായിയുടെയും വസതിയിൽ നടത്തിയ റെയ്ഡുകളിലാണ് ഇത്രയും പണം പിടിച്ചെടുത്തത്. ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിലായിരുന്നു പരിശോധന.
2007 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനാണ് സിംഗാൾ. ഡൽഹിയിലെ ഡയറക്ടറേറ്റ് ഓഫ് ടാക്സ് പേയർ സർവീസസിൽ അഡീഷണൽ ഡയറക്ടർ ജനറലാണ്. ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥന് സ്വത്തുക്കളുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. വിവിധ ബാങ്കുകളിലായി 25 ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും കണ്ടെത്തി. ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിലുള്ള സ്ഥാവര, ജംഗമ സ്വത്തുക്കളുടെ ആകെ മൂല്യം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് സിബിഐ ഉദ്യോഗസ്ഥർ അറിയിച്ചു.
പിസ്സ ശൃംഖല ഉടമയിൽ നിന്ന് 45 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് സിംഗാളിനെതിരെ കേസെടുത്തത്. ലാ പിനോസ് പിസ്സ ഉടമയായ സനം കപൂറിന് ലഭിച്ച ആദായ നികുതി നോട്ടീസ് ഒത്തുതീർപ്പാക്കാൻ 45 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി എഫ്‌ഐആറിൽ പറയുന്നു. പണം നൽകിയില്ലെങ്കിൽ കനത്ത പിഴ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യ ഗഡുവായി 25 ലക്ഷം രൂപ പഞ്ചാബിലെ മൊഹാലിയിലുള്ള വസതിയിൽ ശനിയാഴ്ച എത്തിക്കാൻ പിസ ശൃംഖല ഉടമയോട് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥന്‍റെ സഹായിയായ ഹർഷ് കൊട്ടക്കിനെ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടി. ദില്ലിയിലെ വസന്ത് കുഞ്ചിലെ വീട്ടിൽ നിന്ന് സിംഗാളിനെയും അറസ്റ്റ് ചെയ്തു. ഞായറാഴ്ച രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam