മോദി ഇന്ത്യയുടെ പിതാവ് പരാമര്‍ശം; ട്രംപിനെതിരെ വിമര്‍ശനവുമായി തുഷാര്‍ ഗാന്ധി

By Web TeamFirst Published Sep 30, 2019, 9:31 AM IST
Highlights

മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനം വിപുലമായി ആഘോഷിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ആത്മാര്‍ത്ഥതയില്ലാത്തതാണെന്നു അദ്ദേഹം വിമര്‍ശിച്ചു. 

മുംബൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യയുടെ പിതാവ് എന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ നടപടിയെ വിമര്‍ശിച്ച് ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി. ഇന്ത്യയുടെ രാഷ്ട്രപിതാവായി പുതിയ ആള്‍ വേണമെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ സ്വാഗതം ചെയ്യുന്നു. അമേരിക്കയുടെ രാഷ്ട്രപിതാവ് ജോര്‍ജ് വാഷിംഗ്ടണിന്‍റെ സ്ഥാനത്ത് സ്വയം അവരോധിക്കുമോയെന്നും തുഷാര്‍ ചോദിച്ചു.

മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനം വിപുലമായി ആഘോഷിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ആത്മാര്‍ത്ഥതയില്ലാത്തതാണെന്നു അദ്ദേഹം വിമര്‍ശിച്ചു. ഗാന്ധിയുടെ തത്വങ്ങള്‍ എല്ലായിടത്തും പ്രയോഗിക്കാവുന്നതാണ്. എന്നാല്‍, എവിടെയും അത് സംഭവിക്കുന്നില്ല. കറന്‍സി നോട്ടുകളിലും സ്വച്ഛ് ഭാരത് അഭിയാന്‍ പോസ്റ്ററുകളിലും  ഗാന്ധിയെ വെറും ചിഹ്നമാക്കി ഒതുക്കുകയാണ്. എന്നാല്‍, ഗാന്ധിയുടെ ആശയങ്ങള്‍ മനസ്സിലാക്കാനാണ് ജനം ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്സെയെ വിശുദ്ധവത്കരിക്കുന്നവര്‍ക്കെതിരെയും തുഷാര്‍ ഗാന്ധി രംഗത്തുവന്നു. അക്രമത്തെ ആരാധിക്കുന്നവരാണ് ഗോഡ്സെയുടെ ആരാധകരെന്നും അദ്ദേഹം പറഞ്ഞു. 

click me!