
1 ദില്ലിയിലും മുംബൈയിലും ബിബിസി ഓഫീസുകളിൽ ആദായ നികുതി പരിശോധന; ഫോണുകൾ പിടിച്ചെടുത്തു
ബിബിസി ഓഫീസിലെ ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധനയാണ് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വാർത്തകളിലൊന്ന്. ബിബിസിയുടെ ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് പരിശോധന. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി വിവാദം നിലനിൽക്കുന്നതിനിടെയാണ് പരിശോധന. ഇന്ന് രാവിലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്ഥർ ബിബിസി ഓഫീസിൽ എത്തിയത്. ബിബിസി ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തു. മുംബൈയിലെ ഓഫീസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്.
2 ബിബിസി അഴിമതി കോർപ്പറേഷനെന്ന് ബിജെപി, റെയ്ഡിൽ ന്യായീകരണം
ബിബിസി ദില്ലി, മുംബൈ ഓഫീസുകളിൽ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡിൽ ന്യായീകരണവുമായി ബിജെപി രംഗത്തെത്തി. ബിബിസി അഴിമതി കോർപ്പറേഷനാണെന്നും സർക്കാർ ഏജൻസികളിപ്പോൾ കൂട്ടിലിട്ട തത്തകളെല്ലെന്നുമാണ് റെയ്ഡിനെ കുറിച്ച് ബിജെപി വക്താവ് ഗൌരവ് ഭാട്ടിയ പ്രതികരിച്ചത്. എല്ലാ സ്ഥാപനങ്ങൾക്കും അവസരങ്ങൾ നൽകുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾ രാജ്യം നിഷ്കർഷിക്കുന്ന നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. ഇൻകംടാക്സ് വിഭാഗം അവരുടെ ജോലി ചെയ്യട്ടെ, ബിബിസി തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ ഭയക്കുന്നതെന്തിനെന്ന ചോദ്യവും ബിജെപി ഉയർത്തി. ബിബിസിയിലെ റെയ്ഡിനെതിരെ രംഗത്തെത്തിയ കോൺഗ്രസിനെയും അദ്ദേഹം വിമർശിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ബിബിസിയെ നിരോധിച്ച കാലവും ബിജെപി ഓർമ്മിപ്പിച്ചു.
3 ബിബിസി റെയ്ഡിൽ കനത്ത പ്രതിഷേധം രേഖപ്പെടുത്തി കോൺഗ്രസും പ്രതിപക്ഷവും
ബിബിസി ഓഫീസിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. അദാനിയുടെ വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെടുന്നു. എന്നാൽ സർക്കാർ ബിബിസിയിൽ പരിശോധന നടത്തുന്നുവെന്ന് ജയറാം രമേശ് ആഞ്ഞടിച്ചു. വിനാശ കാലേ വിപരീത ബുദ്ധിയെന്ന് കോൺഗ്രസ് വിമർശിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരും ബിബിസി റെയ്ഡിൽ വിമർശനവുമായി രംഗത്തെത്തി. ബിബിസി ഓഫീസുകളിലെ ആദായ നികുതി വകുപ്പ് പരിശോധന അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളുരുവിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഇമ്മ്യൂണോതെറാപ്പിക്ക് വിധേയനാക്കാൻ തീരുമാനിച്ചതാണ് മറ്റൊരു വാർത്ത. പ്രാഥമിക പരിശോധനകൾക്ക് ശേഷമാണ് ഡോക്ടർമാരുടെ തീരുമാനം. ഡോ. യു.എസ് വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം ഉമ്മൻചാണ്ടിയുടെ ചികിത്സക്രമം നിശ്ചയിച്ചു. ഉമ്മൻചാണ്ടിയെ ഇന്നലെ സ്കാനിങ്ങിന് വിധേയനാക്കിയിരുന്നു. ഇതിന്റെ ഫലം പരിശോധിച്ചാണ് ഇമ്മ്യൂണോ തെറാപ്പിയാണ് ഉചിതമെന്ന് ഡോക്ടർമാർ തീരുമാനിച്ചത്. പത്തോളജിസ്റ്റുകൾ, ജീനോമിക് വിദഗ്ധർ, ന്യൂട്രീഷ്യനിസ്റ്റുകൾ അടക്കമുള്ള വിദഗ്ധരും മെഡിക്കൽ സംഘത്തിൽ ഉണ്ടാകുമെന്ന് ആശുപത്രി പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.
കെ എസ് ആർ ടി സിയിൽ ശമ്പളത്തിന് ടാർജെറ്റ് നിശ്ചയിക്കാനുള്ള നിർദ്ദേശവുമായി മാനേജിങ് ഡയറക്ടർ രംഗത്തെത്തിയതാണ് മറ്റൊരു വാർത്ത. ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് എം ഡി ബിജു പ്രഭാകറിന്റെ നിർദേശം ഉണ്ടായത്. ഡിപ്പോ അടിസ്ഥാനത്തിലാകും ടാർഗറ്റ് തീരുമാനിക്കു. 100% ടാർഗറ്റ് നേടുന്ന ഡിപ്പോകളിലെ മുഴുവൻ ജീവനക്കാർക്കും അഞ്ചാം തീയതിക്ക് തന്നെ മുഴുവൻ ശമ്പളം കൊടുക്കും. 90 ശതമാനം എങ്കിൽ ശമ്പളത്തിന്റെ 90 ശതമാനം നൽകും. സർക്കാർ സഹായം നൽകിയില്ലെങ്കിൽ ഈ നിർദ്ദേശം ഏപ്രിൽ മുതൽ നിലവിൽ വരും. 100 ശതമാനത്തിന് മുകളിൽ വലിയ തോതിൽ ടാർഗറ്റ് തികയ്ക്കുന്ന ഡിപ്പോകളിൽ ജീവനക്കാർക്ക് കുടിശിക അടക്കം ശമ്പളം നൽകാനുമാണ് ആലോചന. ഇതിനോട് ജീവനക്കാരുടെ സംഘടനകൾ ഇനി എങ്ങിനെ പ്രതികരിക്കുമെന്നതാണ് അറിയാനുള്ളത്.
കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വാരാണസിയിലിറങ്ങാൻ വിമാനത്തിന് ലാൻഡിംഗ് അനുമതി നൽകിയില്ലെന്ന വിവാദമാണ് ഇന്നത്തെ മറ്റൊരു പ്രധാന സംഭവം. രാഹുൽ ഗാന്ധിയുടെ വിമാനത്തിന് ലാൻഡിംഗ് അനുമതി നൽകിയില്ലെന്ന ആരോപണവുമായി കോൺഗ്രസാണ് ആദ്യം രംഗത്തെത്തിയത്. എന്നാൽ കോൺഗ്രസ് മറുപടിയുമായി വാരണാസി വിമാനത്താവളം അധികൃതരും പിന്നാലെ രംഗത്തെത്തി. രാഹുൽ തന്നെ വിമാനം റദ്ദാക്കുകയായിരുന്നുവെന്നാണ് വിമാനത്താവള അധികൃതര്‍ വിശദമാക്കുന്നത്. വിമാനത്താവള അധികൃതരാണ് അനുമതി നിഷേധിച്ചതെങ്കില്‍ ആ വിവരം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും സോഷ്യൽ മീഡിയയിൽ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട് വിമാനത്താവള അധികൃതർ.
ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന ജമാ അത്തെ ഇസ്ളാമിയുടെ വെളിപ്പെടുത്തലാണ് മറ്റൊരു പ്രധാന വാർത്ത. ജനുവരി 14ന് ദില്ലിയില്‍ നടന്ന ചര്‍ച്ചയില്‍ ആള്‍ക്കൂട്ട ആക്രമണം അടക്കമുളള വിഷയങ്ങള്‍ ചര്‍ച്ചയായെന്ന് ജമാ അത്തെ ഇസ്ളാമി ജനറല്‍ സെക്രട്ടറി ടി ആരിഫ് അലി വെളിപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സംഘടനയെന്ന നിലയിലാണ് ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതെന്നും ആരിഫ് അലി പറയുന്നു. രാഷ്ട്രീയമായും ആശയപരമായും വിരുദ്ധ ധ്രുവങ്ങളില്‍ നിന്ന് പോരടിച്ചിരുന്ന രണ്ട് സംഘടനകളുടെ ദേശീയ നേതാക്കളാണ് ദില്ലിയില്‍ ഒരുമിച്ചിരുന്ന് വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയത്. മുസ്ലി സംഘടനകളും ആര്‍എസ്എസുമായുളള ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എസ്.വൈ ഖുറേഷിയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളുടെ തുടര്‍ച്ചയായായിരുന്നു ജനുവരി 14ന് ദില്ലിയില്‍ നടന്ന ചര്‍ച്ച.
8 കെ.വി തോമസിനുള്ള ഓണറേറിയം യുഡിഎഫ് സമരം കഴിഞ്ഞിട്ട് കൊടുത്താൽ മതിയെന്ന് ധനമന്ത്രി: ഫയൽ പിടിച്ചിട്ടു
ദില്ലിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ട കെ.വി തോമസിന് ഓണറേറിയം അനുവദിച്ചു കൊണ്ടുള്ള ഫയൽ ധനവകുപ്പ് പിടിച്ചുവച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ നിർദേശത്തെ തുടർന്നാണ് ഫയൽ പാസാക്കുന്നത് ധനവകുപ്പ് വൈകിപ്പിക്കുന്നതെന്നാണ് സൂചന. ബജറ്റിലെ ഇന്ധന നികുതി - സെസ് നിർദേശങ്ങൾക്കെതിരെ യുഡിഎഫിന്‍റെ നേതൃത്വത്തിൽ രാപ്പകൽ സമരം നടന്നു കൊണ്ടിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടെ കോൺഗ്രസ് വിട്ട് ഇടതുക്യാംപിലെത്തിയ കെ വി തോമസിന് ഓണറേറിയം കൂടി അനുവദിച്ചു കൊടുത്താൽ പ്രതിപക്ഷം ഇതും ആയുധമാക്കിയേക്കും എന്നു മുൻകൂട്ടി കണ്ടാണ് ധനമന്ത്രി തത്കാലം ഫയൽ മടക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ കൂടി അഭിപ്രായം തേടിയ ശേഷം ഫയൽ പരിഗണിച്ചാൽ മതിയെന്നാണ് ധനമന്ത്രിയുടെ തീരുമാനമെന്നാണ് സൂചന.
9 മുഖ്യമന്ത്രിക്ക് ഇന്നും കനത്ത സുരക്ഷ; മസ്കറ്റ് ഹോട്ടലിലേക്കുള്ള യാത്രയിൽ മറ്റ് വാഹനങ്ങൾ തടഞ്ഞു
ഇന്ധന സെസുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ ഭയന്നോടുന്നുവെന്ന വിമർശനങ്ങൾക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയന് ഇന്നും കനത്ത സുരക്ഷയായിരുന്നു. ക്ലിഫ് ഹൗസിൽ നിന്നും മസ്കറ്റ് ഹോട്ടലിലേക്കുള്ള യാത്രയിൽ മറ്റ് വാഹനങ്ങൾ തടഞ്ഞു. സെക്രട്ടറിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി മസ്കറ്റ് ഹോട്ടലിൽ എത്തിയത്. അതേസമയം മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചതിൽ രൂക്ഷ വിമർശനമാണ് കോൺഗ്രസ് നേതാക്കൾ ഉയർത്തുന്നത്. ഊരി പിടിച്ച വാളിനിടയിലൂടെ നിർഭയനായി നടന്നു എന്ന് വീമ്പിളക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സ്വന്തം നാട്ടിലെ ജനങ്ങളെ ഭയന്ന് ഓടുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രൂക്ഷമായ വിലക്കയറ്റം കൊണ്ടും സർവ്വത്ര മേഖലയിലും ഏർപ്പെടുത്തിയ നികുതി ഭാരം കൊണ്ടും പൊറുതി മുട്ടിയ ജനങ്ങൾ തെരുവിലിറങ്ങിയതോടെ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഭയമായി തുടങ്ങി. തമ്പ്രാൻ എഴെന്നെള്ളുമ്പോൾ വഴി മദ്ധ്യേ അടിയാന്മാർ പാടില്ല എന്ന പോലെയാണ് കഴിഞ്ഞ ദിവസത്തെ കാലടിയിലെ സംഭവമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
10 മഹാരാഷ്‌ട്രക്കെതിരെ രണ്ടാം പകുതിയില്‍ മൂന്നടി; എട്ട് ഗോള്‍ ത്രില്ലറില്‍ സമനില പിടിച്ച് കേരളം
സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം സെമി പ്രതീക്ഷ നിലനിർത്തി എന്നതാണ് കായിക മേഖലയിൽ നിന്നുള്ള ഇന്നത്തെ വാർത്ത. ഗ്രൂപ്പ് എയിലെ പോരാട്ടത്തില്‍ മഹാരാഷ്ട്രക്കെതിരെ രണ്ടാം പകുതിയിൽ തിരിച്ചടിച്ച് കേരളം 4-4ന് സമനില നേടി. ആദ്യപകുതിയിൽ കേരളം ഒന്നിനെതിരെ നാല് ഗോളിന് പിന്നിലായിരുന്നു. രണ്ടാം പകുതിയിൽ മൂന്ന് ഗോൾ മടക്കി സമനില കേരളം സ്വന്തമാക്കുകയായിരുന്നു. കേരളത്തിനായി വിശാഖ്, നിജോ, അര്‍ജുൻ, ജിജോ ജോസഫ് എന്നിവരാണ് ഗോൾ നേടിയത്. ആറ് ടീമുകളുള്ള ഗ്രൂപ്പിൽ രണ്ട് മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ നാല് പോയിന്‍റുമായി കേരളം നാലാം സ്ഥാനത്താണ്. കർണാടകയും പഞ്ചാബും ഏഴ് പോയിന്‍റുമായി ഒന്നും രണ്ടും സ്ഥാനത്ത്. നാല് പോയിന്‍റുള്ള ഒഡിഷ മൂന്നാം സ്ഥാനത്ത്. ഒഡിഷ, പഞ്ചാബ് ടീമുകളെയാണ് കേരളം ഇനി നേരിടേണ്ടത്.