
കൊല്‍ക്കത്ത: ബംഗാളിലെ ഈസ്റ്റ്-വെസ്റ്റ് മെട്രോ കോറിഡോര്‍ ഉദ്ഘാടന ക്ഷണക്കത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഒഴിവാക്കിയതില്‍ പ്രതിഷേധം. സെക്ടര്‍ അഞ്ചിനെയും സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തെയും ബന്ധിപ്പിക്കുന്നതാണ് കൊല്‍ക്കത്ത മെട്രോയുടെ അഞ്ചാം ഘട്ടമായ വെസ്റ്റ്-ഈസ്റ്റ് കോറിഡോര്‍. നിര്‍മാണം റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനത്തിനായി അച്ചടിച്ച കത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പേര് ഒഴിവാക്കി. അതേസമയം, തൃണമൂല്‍ എംപി കകോലി ഘോഷ് ദാസ്തിദാര്‍, സംസ്ഥാന ഫയര്‍ സര്‍വിസ് മന്ത്രി സുജിത് ബോസ്, ബിധാനഗര്‍ കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണ ചക്രബൊര്‍ത്തി എന്നിവരുടെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പേര് ക്ഷണക്കത്തില്‍ നിന്ന് ഒഴിവാക്കിയത് ബംഗാള്‍ ജനതയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ആരും പങ്കെടുക്കില്ലെന്നും കകോലി ഘോഷ് ദാസ്തിദാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈസ്റ്റ്-വെസ്റ്റ് മെട്രോ കോറിഡോര്‍ പദ്ധതിക്ക് 2009-2011 കാലത്തെ റെയില്‍വേ മന്ത്രിയായിരുന്ന മമതാ ബാനര്‍ജിയാണ് ഫണ്ട് അനുവദിച്ചത്. മമതയുടെ സ്വപ്ന പദ്ധതിയായിരുന്നു ഇത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടന സമയമായപ്പോള്‍ മമതയെ ഒഴിവാക്കിയെന്നും പാര്‍ട്ടി ആരോപിച്ചു. ബിജെപി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും ടിഎംസി നേതാക്കള്‍ ആരോപിച്ചു.
മമതാ ബാനര്‍ജി മുമ്പ് ചെയ്ത പാപങ്ങളുടെ ഫലമാണ് അനുഭവിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് ദിലിപ് ഘോഷ് പ്രതകരിച്ചു. മമത റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാനത്തെ പല പരിപാടിക്കും മുഖ്യമന്ത്രിയായ ബുദ്ധദേവ് ഭട്ടാചാര്യയെ ക്ഷണിച്ചിരുന്നില്ല. ബംഗാളില്‍ ഇപ്പോഴും പല സര്‍ക്കാര്‍ പരിപാടികളിലേക്കും ബിജെപി ജനപ്രതിനിധികളെ ക്ഷണിക്കുന്നില്ലെന്നും ദിലിപ് ഘോഷ് പറഞ്ഞു. എന്നാല്‍, ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ റെയില്‍വേ തയ്യാറായില്ല. ഫെബ്രുവരി 13 വ്യാഴാഴ്ച അഞ്ച് മണിക്കാണ് ഉദ്ഘാടനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam