
അഗർത്തല: വെസ്റ്റ് ത്രിപുര ജില്ലയിൽ പെട്ട ബധാർഘട്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇക്കുറിയും ബിജെപി തന്നെ വിജയിച്ചപ്പോൾ ഞെട്ടിക്കുന്ന വളർച്ചയാണ് കോൺഗ്രസിനുണ്ടായത്. നേരത്തെ കോൺഗ്രസ് നേതാവായിരുന്ന ദിലീപ് സർക്കാർ ബിജെപിയിൽ ചേർന്നതോടെ നഷ്ടപെട്ട മണ്ഡലത്തിൽ 18 മടങ്ങ് വോട്ടാണ് ഇക്കുറി കോൺഗ്രസ് വർദ്ധിപ്പിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ സിപിഎം സ്ഥാനാർത്ഥി സംസ്ഥാനത്ത് പാർട്ടിയുഗം തീർത്തും അവസാനിച്ചിട്ടില്ലെന്ന സൂചനകൾ നൽകുന്നു.
ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാര്‍ത്ഥി മിമി മജുംദാർ 20487 വോട്ടുകൾ നേടി. രണ്ടാം സ്ഥാനത്തെത്തിയ സിപിഎം സ്ഥാനാർത്ഥി ബുൾതി ബിശ്വാസ് 15211 വോട്ട് നേടി. 2018 ൽ വെറും 505 വോട്ട് മാത്രമാണ് മണ്ഡലത്തിൽ കോൺഗ്രസ് നേടിയിരുന്നത്. ഇത്തവണയത് 9015 വോട്ടാക്കി ഉയർത്തി. 18 മടങ്ങാണ് വോട്ട് വർധിച്ചത്.
ബധാർഘട്ടിൽ അവസാനമായി ഒരു ഇടത് സ്ഥാനാർത്ഥി വിജയിച്ചത് 2003ലാണ്. ഈ സീറ്റ് പ്രതിപക്ഷ പാർട്ടിയായിരുന്ന കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു. എന്നാൽ 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് എംഎൽഎയായിരുന്ന ദിലീപ് സർക്കാർ ബിജെപിയിൽ ചേർന്നു. തെരഞ്ഞെടുപ്പിൽ അദ്ദേഹം ഇടത് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയെങ്കിലും 2019 ഏപ്രിൽ ഒന്നിന് അന്തരിച്ചു. ഇതോടെയാണ് ബധാർഘട്ടിൽ വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ത്രിപുരയിലെ 2018 അസംബ്ലി തെരഞ്ഞെടുപ്പിൽ, ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതൽ വോട്ട് പോൾ ചെയ്യപ്പെട്ടിരുന്നു. 28561 വോട്ടാണ് അന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന ദിലീപ് സർക്കാർ നേടിയത്. സിപിഎം സ്ഥാനാർത്ഥി ഝർണാ ദാസ് 23113 വോട്ട് നേടി. ആകെ പോൾ ചെയ്ത വോട്ട് കുറഞ്ഞെങ്കിലും കോൺഗ്രസ് നില മെച്ചപ്പെടുത്തിയപ്പോൾ ബിജെപിക്കും സിപിഎമ്മിനും വോട്ട് കുറഞ്ഞു.
അതേസമയം ഉപതെരഞ്ഞെടുപ്പ് വോട്ടിംഗിനിടെ മണ്ഡലത്തിലെ 21 ബൂത്തുകളിൽ നിന്ന് സിപിഎമ്മിന്റെ പോളിംഗ് ഏജന്റുമാരെ ബിജെപി ഗുണ്ടകൾ അടിച്ചോടിച്ചെന്ന ആരോപണവുമായി പാർട്ടി രംഗത്തെത്തി. എന്നാൽ അടിസ്ഥാനമില്ലാത്ത ആരോപണം എന്നാണ് ബിജെപി ഇതിന് നൽകിയ മറുപടി. സമാധാനപരമായിരുന്നു തെരഞ്ഞെടുപ്പെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam