
ചെന്നൈ: തമിഴ്‌നാട്ടിൽ പുതുതായി അധികാരമേറ്റ സി. ജോസഫ് വിജയ്‌യുടെ ടിവികെ സർക്കാരിലെ ഏറ്റവും ശ്രദ്ധേയമായ മുഖങ്ങളിലൊരാളാണ് തമിഴ്‌നാടിന്‍റെ വ്യവസായ മന്ത്രിയും 29കാരിയുമായ എസ്. കീർത്തന. എന്നാല്‍, സ്ഥാനമേറ്റ ശേഷം സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണവും ട്രോളുകളും നേരിടുകയാണ് ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി. മന്ത്രിയുടെ ഓഫീസിനുള്ളിൽ ചിത്രീകരിച്ച ഒരു വീഡിയോ, സുഹൃത്തുക്കളോടൊപ്പം സാധാരണ രീതിയിൽ നിൽക്കുന്ന ചിത്രങ്ങൾ, യുവതികൾക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ എന്നിവ മുൻനിർത്തിയാണ് പ്രതിപക്ഷ പാർട്ടികളുടെ സൈബർ അണികളും പ്രമുഖ യൂട്യൂബർമാരും കഴിഞ്ഞ കുറച്ചുദിവസങ്ങളായി മന്ത്രിക്കെതിരെ വലിയ രീതിയിൽ പരിഹാസവും വിമർശനവും അഴിച്ചുവിട്ടത്. രാഷ്ട്രീയ പാരമ്പര്യമോ കുടുംബ മഹിമയോ ഇല്ലാതെ, ഒരു സാധാരണ പശ്ചാത്തലത്തിൽ നിന്ന് വളരെ ചെറുപ്പത്തിൽ തന്നെ തമിഴ്‌നാടിന്‍റെ വ്യവസായ വകുപ്പ് പോലുള്ള ഒരു വലിയ പദവിയിലേക്ക് ഒരു സ്ത്രീ എത്തിയതിനെയാണ് പ്രതിപക്ഷം ലക്ഷ്യമിട്ടത്.
എന്നാൽ ഈ സൈബർ ആക്രമണങ്ങൾക്കൊന്നും തന്നെ നേരിട്ട് മറുപടി നൽകാതെ, ദക്ഷിണ കൊറിയയിലെ ഉൽസാനിലുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പൽ നിർമ്മാണ ശാലയായ എച്ച്ഡി ഹ്യുണ്ടായ് ഹെവി ഇൻഡസ്ട്രീസ് സന്ദർശിച്ച് കൊണ്ടാണ് കീർത്തന രാഷ്ട്രീയ എതിരാളികൾക്ക് ശക്തമായ മറുപടി നൽകിയത്. മുൻ ഡിഎംകെ സർക്കാരിന്‍റെ കാലത്ത് ഒപ്പുവെച്ച തമിഴ്‌നാട്ടിലെ വൻകിട വ്യവസായ പദ്ധതികളെല്ലാം പുതിയ വിജയ് സർക്കാരും പൂർണ്ണമായി പിന്തുണയ്ക്കുമെന്നും വ്യവസായ നിക്ഷേപങ്ങളിൽ തടസമുണ്ടാകില്ലെന്നുമുള്ള ശക്തമായ സന്ദേശം അവർ കൊറിയയിൽ വെച്ച് നിക്ഷേപകർക്ക് നൽകി.
തൂത്തുക്കുടിയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 40,000 കോടി രൂപയുടെ എച്ച്ഡി ഹ്യുണ്ടായുടെ ഗ്രീൻഫീൽഡ് ഷിപ്പ്‌യാർഡ് പദ്ധതിക്ക് തമിഴ്‌നാട് സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും സമുദ്ര മേഖലയിലെ തൊഴിലവസരങ്ങളും സാങ്കേതിക സഹകരണവും വർദ്ധിപ്പിക്കുമെന്നും ഗൈഡൻസ് തമിഴ്‌നാട് ഉദ്യോഗസ്ഥർക്കൊപ്പം നടത്തിയ സന്ദർശനത്തിൽ മന്ത്രി വ്യക്തമാക്കി. കീർത്തന ഗാന്ധി ഫെലോഷിപ്പിലൂടെയാണ് പൊതുരംഗത്തേക്ക് വരുന്നത്.
പിന്നീട് പ്രമുഖ രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക്കിൽ ചേർന്ന് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ മെനയുന്നതിൽ പങ്കാളിയായി. തുടക്കത്തിൽ സ്വതന്ത്രയായി രാഷ്ട്രീയത്തിൽ ഇറങ്ങാൻ ആഗ്രഹിച്ചിരുന്നെങ്കിലും പിന്നീട് വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയിലേക്ക് മാറുകയായിരുന്നു. തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തിൽ പതിറ്റാണ്ടുകൾ പാർട്ടി പ്രവർത്തനം നടത്തി മാത്രം മന്ത്രിപദവികളിൽ എത്തുന്ന പുരുഷാധിപത്യ ശൈലിക്ക് വിരുദ്ധമായി, പുതിയ തലമുറയുടെ സാങ്കേതിക-മാനേജീരിയൽ മികവോടെ കടന്നുവന്ന ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വ്യവസായ മന്ത്രിമാരിൽ ഒരാളാണ് കീർത്തന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam