
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ തന്നെ അധികാരത്തിൽ വരുമെന്നും ഡിഎംകെ സഖ്യം 180 സീറ്റുമായി അധികാരം നിലനിർത്തുമെന്നും അഗ്നി ന്യൂസ് പ്രീ പോൾ സർവേ. പെരമ്പൂരിൽ മത്സരിക്കുകയാണെങ്കിൽ തമിഴഗ വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ് തോൽക്കുമെന്നും, രണ്ടാം സ്ഥാനത്ത് എത്തുമെന്നും സർവേ ഫലം പറയുന്നു. എഐഎഡിഎംഎകെ സഖ്യം 54 സീറ്റിൽ ഒതുങ്ങും. വിജയുടെ പാർട്ടിയായ ടിവികെ തമിഴ്നാട്ടിൽ ആകെ 9.7 ശതമാനം വോട്ട് നേടുമെന്നും സർവേ പ്രവചിക്കുന്നു.
അതേസമയം, ന്യൂസ് 18 നടത്തിയ മറ്റൊരു പോൾ സർവേയിൽ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ്‌യുടെ ടിവികെ രണ്ട് മുതൽ എട്ട് വരെ സീറ്റുകൾ നേടിയേക്കുമെന്ന് പ്രവചിച്ചിട്ടുണ്ട്. വിജയ് പെരമ്പൂരിലെ വടക്കൻ ചെന്നൈ മേഖലയിൽ നിന്ന് തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഉടനെ തന്നെ പെരമ്പൂരിൽ നിന്ന് വിജയ് പ്രചാരണം ആരംഭിക്കുമെന്നും, കണ്ണദാസൻ നഗറിലെ കൊടുങ്ങയൂരിൽ വിജയ്ക്ക് താമസിക്കാൻ ടിവികെ ടീം ഒരു വീട് വാടകയ്‌ക്കെടുത്തതായി റിപ്പോർട്ടുണ്ട്.
ഐസിഎഫ് കോച്ച് ഫാക്ടറി സ്ഥിതി ചെയ്യുന്ന പെരമ്പൂർ, പ്രധാനമായും തൊഴിലാളികളും, മധ്യവർഗ്ഗ കുടുംബങ്ങളും താമസിക്കുന്ന പ്രദേശമാണ്, സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളും ഇതിൽ ഉൾപ്പെടുന്നു. വണ്ണിയാർ, വോഡയാർ, തേവർ, മുതലിയാർ സമുദായങ്ങളുടെ ശക്തികേന്ദ്രം കൂടിയാണിത്. ഈ മേഖലയിലെ പാർട്ടിയുടെ വോട്ടർ അടിത്തറയിലാണ് ടിവികെ പ്രതീക്ഷ അർപ്പിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ മണ്ഡലത്തിലെ 40,000-ത്തിലധികം ആളുകളുമായി പാർട്ടി ബന്ധപ്പെട്ടിട്ടുണ്ടെന്ന് പാർട്ടി ജനറൽ സെക്രട്ടറി അധവ അർജുൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam