
ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ഹിന്ദിയിൽ എഴുത്തുള്ള ഗുളിക കവറുകൾ ഉപയോഗിച്ച സംഭവത്തിൽ ഇടപെട്ട് ടിവികെ സർക്കാർ. കോയമ്പത്തൂർ, കരൂർ എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ ഹിന്ദിയിൽ എഴുത്തുള്ള ഗുളിക കവറുകളുടെ ഉപയോഗം നിർത്തിവെച്ചുവെന്ന് ആരോഗ്യ മന്ത്രി കെ ജി അരുൺരാജ് അറിയിച്ചു. ആശുപത്രികളിൽ ഹിന്ദിയിൽ എഴുത്തുള്ള മരുന്ന് കവറുകൾ ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടി ഡിഎംകെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് സർക്കാരിൻ്റെ ഇടപെടൽ. നേരത്തെ സംസ്ഥാന ഹൈവേയിലെ സൈൻബോർഡിൽ ഹിന്ദി ഉൾപ്പെടുത്തിയ സംഭവം വിവാദമായതിനെ തുടർന്ന് ടിവികെ സർക്കാർ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും സൈൻബോർഡിൽ നിന്ന് ഹിന്ദിയിലുള്ള എഴുത്ത് മായ്ച്ചുകളയുകയും ചെയ്തിരുന്നു.
കോയമ്പത്തൂർ, കരൂർ എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ തമിഴ്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ എഴുത്തുള്ള മരുന്ന് കവറുകൾ ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടി ഡിഎംകെ നേതാവും മുൻ മന്ത്രിയുമായ ടി ആർ ബി രാജാ ആണ് രംഗത്തെത്തിയിരുന്നത്. മരുന്ന് കവറുകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ടി ആർ ബി രാജാ, സർക്കാർ ആശുപത്രികളിൽ ത്രിഭാഷാ നയം നടപ്പിലാക്കിയോ എന്നും ചോദിച്ചിരുന്നു. ഇത് കണ്ടാൽ ത്രിഭാഷാ നയം സർക്കാർ ആശുപത്രികളിൽ നടപ്പിലാക്കിയെന്ന് തോന്നുമെന്നും ആദ്യം കരൂരിലെ ആശുപത്രിയിലാണ് മൂന്ന് ഭാഷകളിൽ എഴുത്തുള്ള ഗുളിക കവർ ഉപയോഗിച്ചതെന്നും സമാന സാഹചര്യം കോയമ്പത്തൂരിലും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡിഎംകെ നേതാവിൻ്റെ വിമർശനത്തോട് പ്രതികരിച്ച ആരോഗ്യമന്ത്രി കെ ജി അരുൺരാജ്, ഡിഎംകെ സർക്കാരിൻ്റെ കാലത്ത് അച്ചടിച്ച കവറുകളാണിതെന്നും നിലവിലെ സർക്കാർ കവറുകളുടെ രൂപകൽപ്പനയിലോ ഭാഷയിലോ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
ഡിഎംകെ ഭരണകാലത്ത് കവറുകൾ വിതരണം ചെയ്തപ്പോൾ മൗനികളായിരുന്നവർ, ഇപ്പോൾ പെട്ടെന്ന് ഭാഷാ സമര പോരാളികളെപ്പോലെ വേഷം കെട്ടുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു. ഹിന്ദി അടിച്ചേൽപ്പിച്ച ശേഷം ഇപ്പോൾ വലിയ പ്രശ്നമാക്കി മാറ്റി രാഷ്ട്രീയ ലാഭം കൊയ്യാൻ നോക്കുന്നത് ഡിഎംകെയുടെ വഞ്ചനയാണെന്നും മന്ത്രി കെ ജി അരുൺരാജ് വിമർശിച്ചു.
വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടയുടൻ തന്നെ, കരൂർ, കോയമ്പത്തൂർ എന്നീ രണ്ട് സ്ഥലങ്ങളിലും ഗുളിക കവറുകളുടെ ഉപയോഗം ഉടനടി നിർത്തിവെച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കവറുകളിൽ 'തമിഴ് ഭാഷയിൽ മാത്രം' വിവരങ്ങൾ മുദ്രണം ചെയ്ത് രോഗികൾക്ക് നൽകുന്നത് ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ ജി അരുൺരാജ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam