
കൊൽക്കത്ത: പശ്ചിമ ബംഗാൾ സംസ്ഥാനത്തിൻ്റെ പേര് മാറ്റാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നുവെന്ന സൂചന നൽകി ബിജെപി. പശ്ചിമ ബംഗാൾ 'പശ്ചിം ബംഗാ' എന്ന് പുനർനാമകരണം ചെയ്യാനുള്ള ബില്ല് സഭാ സമ്മേളനത്തിൻ്റെ തുടക്കത്തിൽ തന്നെ അവതരിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ അറിയിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോടാണ് സമിക് ഭട്ടാചാര്യയുടെ പ്രതികരണം.
ഇക്കഴിഞ്ഞ ദിവസവും പേര് മാറ്റവുമായി ബന്ധപ്പെട്ട് സമിക് ഭട്ടാചാര്യ പ്രതികരണം നടത്തിയിരുന്നു. ഇനി 'പശ്ചിമ ബംഗ്ലാ', 'ബംഗ്ലാ', 'ബംഗാ' എന്നിങ്ങനെയുള്ള പേരുകൾ അധിക കാലം കേൾക്കേണ്ടിവരില്ലെന്നായിരുന്നു സമിക് ഭട്ടാചാര്യയുടെ പ്രതികരണം. 'പശ്ചിം ബംഗാ' വരുന്നുണ്ടെന്നും സമിക് ഭട്ടാചാര്യ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമത്തെ അതിന്റെ ചരിത്രപരമായ സ്വത്വവുമായി ബന്ധിപ്പിക്കാൻ ബില്ലിലൂടെ ശ്രമിക്കുമെന്നും സമിക് ഭട്ടാചാര്യ അറിയിച്ചു.
പശ്ചിമ ബംഗാൾ സംസ്ഥാനത്തിൻ്റെ പേര് മാറ്റാൻ വിവിധ രാഷ്ട്രീയ കക്ഷികൾ വർഷങ്ങളായി ശ്രമം നടത്തുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. 1999ൽ ഇടതുപക്ഷം സംസ്ഥാനം ഭരിക്കുമ്പോഴാണ് ആദ്യ ശ്രമം നടക്കുന്നത്. പശ്ചിമ ബംഗാളിൻ്റെ പേര് 'പശ്ചിമ ബംഗാ' എന്ന് പുനർനാമകരണം ചെയ്യാൻ ഇടതുപക്ഷം ശുപാർശ ചെയ്തെങ്കിലും പിന്നീട് 'ബംഗ്ലാ' എന്ന് മതിയെന്ന നിർദേശം ഉയർന്നു. ഇത് പിന്നീട് കേന്ദ്രസർക്കാർ അംഗീകരിച്ചില്ല.
2011ൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിയ ശേഷവും 'പശ്ചിമ ബംഗാ' എന്ന് പുനർനാമകരണം ചെയ്യാൻ ശ്രമം നടത്തിയെങ്കിലും കേന്ദ്രത്തിൻ്റെ യുപിഎ സർക്കാർ തള്ളി. 2016ൽ 'ബംഗ്ലാ' എന്ന പേരും സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ചു. 2018ൽ സംസ്ഥാനത്തിൻ്റെ പേര് 'ബംഗ്ലാ' എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ സർക്കാർ നിയമസഭയിൽ പ്രമേയം പാസാക്കുകയും കേന്ദ്രത്തിൻ്റെ അംഗീകാരത്തിനായി അയയ്ക്കുകയും ചെയ്തു. എന്നാൽ ഇതിന് കേന്ദ്രത്തിലെ ബിജെപി സർക്കാരും അംഗീകാരം നൽകിയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam