മാധ്യമപ്രവ‍ര്‍ത്തകൻ സുബൈറിന്‍റെ അറസ്റ്റിലേക്ക് നയിച്ച 'ഹനുമാന്‍ ഭക്ത്' ട്വിറ്റര്‍ അക്കൌണ്ട് ഡീആക്ടിവേറ്റായി

By Web TeamFirst Published Jun 30, 2022, 5:47 PM IST
Highlights

1983 ലെ  കിസി സേ ന കഹാ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കു വെച്ച് നടത്തിയ ട്വീറ്റിലാണ് മാധ്യമപ്രവര്‍ത്തകൻ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. മത വികാരം വ്രണപ്പെടുത്തല്‍,  വിദ്വേഷം വളർത്തല്‍ തുടങ്ങിയ വകുപ്പുകള്‍ സുബൈറിനെതിരെ ചുമത്തിയിട്ടുണ്ട്.

ദില്ലി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ അറസ്റ്റിലേക്ക് നയിച്ച് ട്വീറ്റ് ദില്ലി പോലീസിന്‍റെ ശ്രദ്ധയില്‍ പെടുത്തിയ ട്വിറ്റർ അക്കൗണ്ട് അപ്രത്യക്ഷമായി. കേസിന്‍റെ എഫ്‌ഐആർ അനുസരിച്ച്, ഹനുമാൻ ഭക്ത് എന്ന അക്കൗണ്ടിൽ @balajikijaiin യൂസര്‍ നെയിമിലാണ് ഈ അക്കൌണ്ട് ഉണ്ടായിരുന്നത്.

അതേസമയം മുഹമ്മദ് സുബൈർ (Mohammed zubair CO founder of Alt news) ദില്ലി ഹൈക്കോടതിയെ സമീപിച്ചു. പോലീസ് കസ്റ്റഡിയിൽ വിട്ട പട്യാല ഹൗസ് കോടതിയുടെ നടപടി ചോദ്യം ചെയ്താണ് ദില്ലി ഹൈക്കോടതിയിൽ മുഹമ്മദ് സുബൈര്‍ ഹർജി നൽകിയത്. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. 

1983 ലെ  കിസി സേ ന കഹാ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കു വെച്ച് നടത്തിയ ട്വീറ്റിലാണ് മാധ്യമപ്രവര്‍ത്തകൻ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. മത വികാരം വ്രണപ്പെടുത്തല്‍,  വിദ്വേഷം വളർത്തല്‍ തുടങ്ങിയ വകുപ്പുകള്‍ സുബൈറിനെതിരെ ചുമത്തിയിട്ടുണ്ട്. ഹനുമാന്‍ ഭക്ത് എന്ന വ്യക്തിവിവരങ്ങള്‍ ഇല്ലാത്ത ട്വിറ്റർ ഐ‍ഡി ഇക്കാര്യം ചൂണ്ടിക്കാട്ടി ദില്ലി പൊലീസിനെ ടാഗ് ചെയ്തതിന്‍റെ  അടിസ്ഥാനത്തിലാണ്  നടപടിയുണ്ടായത്. 

ജാമ്യം തേടി മാധ്യമപ്രവ‍ര്‍ത്തകൻ മുഹമ്മദ് സുബൈര്‍ ദില്ലി ഹൈക്കോടതിയിൽ

2021ൽ തുടങ്ങിയ ഈ ട്വിറ്റർ ഹാൻഡിലാണ് രണ്ടായിരത്തി പതിനെട്ടിലെ ട്വീറ്റ് ടാഗ് ചെയ്തിരിക്കുന്നത്.  ദില്ലി പൊലീസ് സ്വയം കേസെടുക്കുകയായിരുന്നു എന്നും വ്യക്തമായി.  സബ് ഇന്‍സ്പെക്ടർ അരുണ്‍ കുമാർ‍ ആണ്  പരാതിക്കാരനെന്ന് എഫ്ഐആർ പറയുന്നു. 2020 ല്‍ കോടതി സംരക്ഷണം ലഭിച്ച ഒരു കേസില്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷം ഈ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ അറിയിച്ചു. 

ടൂള്‍ കിറ്റ് കേസില്‍ ദിഷ രവിയെ അറസ്റ്റ് ചെയ്ത ഇൻറലിജന്‍സ് ഫ്യൂഷന്‍ ആന്‍റ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് യൂണിറ്റ് ആണ് സുബൈറിനെതിരെയും നടപടിയെടുത്തത്. രാത്രി തന്നെ ബുറാഡിയിലെ മജിസ്ട്രേറ്റിന്‍റെ വസതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

അതേ സമയം പരാതി നല്‍കിയ ട്വിറ്റർ അക്കൗണ്ടിന്റെ (@balajikijaiin) പ്രവർത്തനങ്ങൾ അന്വേഷിക്കുന്നില്ലെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ദി ഹിന്ദുവിനോട് പറഞ്ഞു. അതേ സമയം കൂടുതല്‍‍ ശ്രദ്ധ ലഭിക്കുന്നതിനാല്‍ അക്കൌണ്ട് ഡിലീറ്റ് ചെയ്താകാം എന്നാണ് ചില പൊലീസ് വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞത്. സുബൈറിന്റെ വസതിയിൽ സുബൈറിനെ എത്തിച്ച് ദില്ലി പൊലീസ് തെളിവെടുപ്പ് നടത്തി.

മുഹമ്മദ് സുബൈറിന്‍റെ കസ്റ്റ‍ഡി നീട്ടി; സത്യം പറയുന്ന മാധ്യമപ്രവർത്തകനായതിനാലാണ് ലക്ഷ്യമിടുന്നതെന്ന് സുബൈര്‍

click me!