Asianet News MalayalamAsianet News Malayalam

കുരങ്ങുവസൂരി: ചിക്കൻ പോക്സ് ലക്ഷണമുള്ളവരെ നിരീക്ഷിക്കും, റാൻഡം പരിശോധന നടത്തും

രോഗികളേയും രോഗം സംശയിക്കുന്നവരേയും സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാന്‍ കനിവ് 108 ആംബുലന്‍സും സജ്ജമാണെന്ന് മന്ത്രി പറഞ്ഞു.

Keralam To Strengthen Defense against Monkeypox
Author
Thiruvana, First Published Jul 16, 2022, 4:23 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങുവസൂരി (മങ്കിപോക്‌സ്) പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചിക്കന്‍പോക്‌സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിച്ച് അവര്‍ക്ക് മങ്കി പോക്‌സ് അല്ലെന്ന് ഉറപ്പ് വരുത്തും. സമൂഹത്തില്‍ മറ്റൊര്‍ക്കെങ്കിലും രോഗമുണ്ടോയെന്ന് കണ്ടെത്താന്‍ സമാന ലക്ഷണമുള്ള സാമ്പിളുകള്‍ റാണ്‍ഡമായി പരിശോധിക്കുന്നതാണ്. എയര്‍പോര്‍ട്ടില്‍ നിരീക്ഷണം ശക്തമാക്കും. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എയര്‍പോര്‍ട്ട് അധികൃതരുമായി ചര്‍ച്ച നടത്തും. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവരെ ഐസൊലേറ്റ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കുന്നതാണ്. രോഗികളേയും രോഗം സംശയിക്കുന്നവരേയും സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാന്‍ കനിവ് 108 ആംബുലന്‍സും സജ്ജമാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മങ്കിപോക്‌സ് പ്രതിരോധത്തിനുള്ള പരിശീലനം ദ്രുതഗതിയില്‍ നടന്നുവരുന്നു. ഇതുവരെ 1200ലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി. ഡെര്‍മറ്റോളജിസ്റ്റ്, ഫിസിഷ്യന്‍, പീഡിയാട്രീഷ്യന്‍, പുലരി ക്ലിനിക്, ആയുഷ് വിഭാഗം തുടങ്ങിയവര്‍ക്കും വിദഗ്ധ പരിശീലനം നല്‍കും. എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കും പരിശീലനം നല്‍കി വരുന്നു.

മങ്കിപോക്‌സ് സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. മറ്റാര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. സമ്പര്‍ക്കപട്ടികയിലുള്ള എല്ലാവരേയും നിരന്തരം നിരീക്ഷിച്ചു വരുന്നു. ദിവസവും രണ്ട് നേരം ഫോണില്‍ വിളിച്ച് അവരുടെ ശാരീരിക മാനസിക അവസ്ഥ വിലയിരുത്തി വരുന്നു.

കേന്ദ്ര സംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഇതുകൂടാതെ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുജനാരോഗ്യ വിഭാഗം അഡീഷണല്‍ ഡയറക്ടര്‍, പബ്ലിക് ഹെല്‍ത്ത് ലാബ് ഡയറക്ടര്‍ എന്നിവരുമായും ചര്‍ച്ച നടത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് രോഗിയുടെ അവസ്ഥ വിലയിരുത്തി.

കേന്ദ്ര ആരോഗ്യ വകുപ്പ് അഡൈ്വസര്‍ ഡോ. പി. രവീന്ദ്രന്‍, എന്‍സിഡിസി ജോ. ഡയറക്ടര്‍ ഡോ. സങ്കേത് കുല്‍ക്കര്‍ണി, ന്യൂഡല്‍ഹി ഡോ. റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ പ്രൊഫസര്‍ ഡോ. അനരാധ, ഡെര്‍മറ്റോളജിസ്റ്റ് ഡോ. അഖിലേഷ് തൊലെ, പൊതുജനാരോഗ്യ വിദഗ്ധ ഡോ. രുചി ജെയിന്‍ എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്.

Follow Us:
Download App:
  • android
  • ios