Asianet News MalayalamAsianet News Malayalam

എറണാകുളം ജില്ലാ കളക്ടറായി രേണു രാജ് ചുമതലയേറ്റു, ജാഫർ മാലിക്ക് പിആർഡിയിലേക്ക്

രേണുരാജ് ഒഴിഞ്ഞപ്പോൾ പകരം ആലപ്പുഴയുടെ ചുമതലയേറ്റെടുത്തത് ഭർത്താവ് കൂടിയായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസാണ്.

Renu Raj took charge as Ernakulam Collector
Author
Ernakulam, First Published Jul 27, 2022, 5:19 PM IST


കൊച്ചി: എറണാകുളം ജില്ലാ കളക്ടറായി ഡോ.രേണു രാജ് ചുമതലയേറ്റു. എറണാകുളത്തെ മാലിന്യ പ്രശ്നങ്ങളും റോഡുകളുടെ ശോച്യാവസ്ഥയും പരിഹരിക്കുന്നതിനാണ് കളക്ടർ എന്ന നിലയിൽ പ്രഥമ പരിഗണന കൊടുക്കുന്നതെന്ന് രേണുരാജ് പറഞ്ഞു. ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന രേണുരാജ് കഴിഞ്ഞ ദിവസം അവിടെ നിന്നും ചുമതല ഒഴിഞ്ഞത്.  ചങ്ങനാശ്ശേരി സ്വദേശിയായ രേണുരാജ് എംബിബിഎസ് നേടി ഡോക്ടറായി പ്രവർത്തിക്കുമ്പോഴാണ് സിവിൽ സർവീസിലെത്തിയത്. രേണുരാജ് ഒഴിഞ്ഞപ്പോൾ പകരം ആലപ്പുഴയുടെ ചുമതലയേറ്റെടുത്തത് ഭർത്താവ് കൂടിയായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസാണ്. എറണാകുളം ജില്ലാ കളക്ടർ സ്ഥാനമൊഴിഞ്ഞ ജാഫർ മാലിക്ക് ഇനി പിആർഡി ഡയറക്ടറായി പ്രവർത്തിക്കും. 

ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ എംഡിയുമായിരുന്നു ഡോ. ശ്രീറാം വെങ്കിട്ടരാമൻ. ഡോ. രേണു രാജുവുമായുള്ള ശ്രീറാം വെങ്കിട്ടരാമന്റെ വിവാഹം ഈ കഴിഞ്ഞ ഏപ്രിൽ 28നായിരുന്നു നടന്നത്. ചോറ്റാനിക്കരയിലെ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. എറണാകുളം സ്വദേശിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. എംബിബിഎസ്, എംഡി ബിരുദധാരിയാണ്.  പുതിയ സ്ഥലംമാറ്റത്തോടെ ഇരുവരും അടുത്തടുത്ത ജില്ലകളിലാവും പ്രവർത്തിക്കുക.

എറണാകുളത്തിന് നന്ദി പറഞ്ഞ് ജാഫർ മാലിക്ക്, ഇനി ഊഴം പിആർഡിയിൽ 

കൊച്ചി: രേണുരാജിന് ചുമതല കൈമാറി ജാഫർ മാലിക്ക് ഐഎഎസ് എറണാകുളം ജില്ലയുടെ കളക്ടർ പദവി ഒഴിഞ്ഞു. ചുമതലൊഴിയും മുൻപ് ജാഫർ മാലിക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ എല്ലാവർക്കും നന്ദി പറഞ്ഞിരുന്നു. 

ജാഫർ മാലിക്കിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

The woods are lovely, dark and deep,

But I have promises to keep,

And miles to go before I sleep,

And miles to go before I sleep...

എറണാകുളം ജില്ലാ കളക്ടര്‍ എന്ന നിലയില്‍ ഒരു വര്‍ഷത്തെ സേവനത്തിനുശേഷം ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ ഡയറക്ടറായി സ്ഥലം മാറി പോകുകയാണ്. 2021 ജൂലൈ 12ന് എറണാകുളം കളക്ടറായി ചുമതലയേറ്റതുമുതല്‍ ജില്ലയുടെ സമഗ്രമായ വികസനകാര്യങ്ങളില്‍ ഇടപെടുവാനും പരിഹാരം കണ്ടെത്തുവാനും കഴിഞ്ഞു. അതിനു സഹായകരമായതു രാഷ്ട്രീയഭേദമന്യേ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സമുദായ-സംഘടനാ പ്രതിനിധികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍ നിന്നും ലഭിച്ച വലിയ പിന്തുണയാണ്. എറണാകുളത്തിന്റെ പുതിയ ജില്ലാ കളക്ടറായി വരുന്ന ഡോ.രേണു രാജിനും ഈ പിന്തുണ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു.

നഗരകേന്ദ്രീകൃതമായതിനാല്‍ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള പിന്തുണ എങ്ങനെയാകുമെന്ന ചെറിയ ആശങ്കയോടെയാണ് എറണാകുളം ജില്ലാ കളക്ടറായി ചുമതല ഏറ്റെടുത്തത്. പ്രതീക്ഷിച്ചതിലും മികച്ച പിന്തുണയാണു ജനങ്ങളില്‍ നിന്നു ലഭിച്ചത്. അതു കൂടുതല്‍ ഊര്‍ജസ്വലതയോടെ ജോലി ചെയ്യുവാന്‍ സഹായിച്ചു. ഔദ്യോഗികമായും വ്യക്തിപരമായും വളരെ പ്രധാനപ്പെട്ട അനുഭവങ്ങളായിരുന്നു ഒരു വര്‍ഷത്തിനിടെ ജില്ല നല്‍കിയത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളും ഒപ്പംനിന്നു. ജീവിതത്തിലും കരിയറിലും വളരെ പ്രധാനപ്പെട്ടതായിരുന്നു ഇവിടെ ചെലവഴിച്ച ഓരോ നിമിഷവും. പ്രതിസന്ധികളെ കരുത്തോടെ നേരിടാന്‍ പ്രാപ്തനാക്കിയതും എറണാകുളമാണ്. വ്യക്തിപരമായ നഷ്ടം-അമ്മയുടെ വേര്‍പാട്-ഉണ്ടായതും ഇക്കാലയളവിലാണ്.

സംസ്ഥാനത്തിന്റെ വ്യവസായ തലസ്ഥാനം എന്ന നിലയില്‍ എറണാകുളത്തിന്റെ പ്രാധാന്യം മനസിലാക്കിയാണു ചുമതലയേറ്റത്. ഒട്ടേറെ സുപ്രധാന കാര്യങ്ങളില്‍ ഇടപെടുവാനും പരിഹാരം കണ്ടെത്തുവാനും ചില പദ്ധതികള്‍ ആരംഭിക്കുവാനും ഒരു വര്‍ഷത്തിനിടെ സാധിച്ചു. ദേശീയപാത 66-ന്റെ സ്ഥലം ഏറ്റെടുക്കല്‍, കൊച്ചി മെട്രോ രണ്ടാംഘട്ട സ്ഥലം ഏറ്റെടുക്കല്‍, വാട്ടര്‍ മെട്രോയുടെ ജെട്ടികള്‍ക്കായി സ്ഥലം ഏറ്റെടുക്കല്‍, പട്ടയവിതരണം, ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം, ചെല്ലാനം കടല്‍ഭിത്തി നിര്‍മ്മാണം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്, ഓപ്പറേഷന്‍ ബ്രേക്ക്ത്രൂ മൂന്നാംഘട്ടം, ഓപ്പറേഷന്‍ വാഹിനി, മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി എന്നിവയുടെ തുടര്‍ വികസനം, സിറ്റി ഗ്യാസ്, ജലജീവന്‍ പദ്ധതികളുടെ വേഗതകൂട്ടല്‍, പ്രത്യുഷ, സ്മാര്‍ട് അങ്കണവാടി, റവന്യു റിക്കവറി, ഓപ്പറേഷന്‍ ഫുട്പാത്ത്, കോവിഡ് വാക്സിനേഷന്‍, കോവിഡ് മരണാനന്തര ധനസഹായം വേഗത്തിലാക്കല്‍ തുടങ്ങിയവ അവയില്‍ ചിലത് മാത്രമാണ്.

ജില്ലാ കളക്ടര്‍ എന്ന നിലയില്‍ പ്രത്യേക താല്‍പര്യമെടുത്താണ് ഡിമെന്‍ഷ്യ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ബോധി പദ്ധതി, അതിഥി തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസമുറപ്പാക്കുന്ന രോഷ്നി പദ്ധതി, ഓപ്പറേഷന്‍ വാഹിനി തുടങ്ങിയ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.

യാതൊരുവിധ വിവാദങ്ങളുമില്ലാതെ കഴിഞ്ഞ ഒരു വര്‍ഷം ജോലി ചെയ്യുവാന്‍ സാധിച്ചത് ഏറെ സന്തോഷകരമാണ്. ജില്ലാ കളക്ടര്‍ എന്ന പദവിക്ക് അനുസരിച്ച് അഭിമാനത്തോടെ ജോലി ചെയ്യുവാന്‍ കഴിഞ്ഞു. ജില്ലയുടെ ചുമതലയുള്ള ബഹുമാനപ്പെട്ട മന്ത്രി ശ്രീ.പി രാജീവ്, ബഹുമാനപ്പെട്ട എംപിമാര്‍, എംഎല്‍എമാര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, എല്ലാ വകുപ്പുകളിലേയും ഉദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്. എല്ലാ കാര്യങ്ങളിലും ഒരു ടീമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.

വരും വര്‍ഷങ്ങളിലും ഈ പിന്തുണയും സഹകരണവും എല്ലാവരില്‍ നിന്നു പ്രതീക്ഷിക്കുന്നു. എറണാകുളം ജില്ലാ കളക്ടറായി ഒരു വര്‍ഷം സന്തോഷകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിനാല്‍ എല്ലാവരോടും പ്രത്യേകം നന്ദി അറിയിക്കുന്നു.

സസ്‌നേഹം

ജാഫര്‍ മാലിക്

ജില്ലാ കളക്ടര്‍

എറണാകുളം

 

'നരഹത്യാ കേസിൽ ഒന്നാം പ്രതിയായ ഒരാളെ കളക്ടറാക്കിയത് നിയമ സംവിധാനത്തെ പരിഹസിക്കുന്നതിന് തുല്യം' ;കെയുഡബ്ള്യൂജെ

ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധവുമായി മാധ്യമപ്രവർത്തകർ; നാളെ ആലപ്പുഴ കളക്ട്രേറ്റ് പടിക്കൽ ധർണ്ണ

ശ്രീറാമിൻ്റെ കളക്ടര്‍ പദവി ആനാവശ്യം; മുഖ്യമന്ത്രിയുടെ വാദം തള്ളി ഘടകകക്ഷി നേതാവ്

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടറാമിനെ ആലപ്പുഴ ജില്ല കളക്ടറായി നിയമിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാദത്തെ തള്ളി എല്‍ഡിഎഫ് ഘടക കക്ഷി നേതാവ് രംഗത്ത്. എല്‍ജെഡി നേതാവ് സലീം മടവൂരാണ് വെങ്കിട്ടറാമിനെ സർവീസിനിടയിൽ കലക്ടറാക്കാതെ നിർവാഹമില്ലെന്ന സര്‍ക്കാര്‍ വാദത്തെ തള്ളി ഫേസ്ബുക്ക് കുറിപ്പുമായി രംഗത്ത് എത്തിയത്. 

സലീം മടവൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത് ഇങ്ങനെ -

ശ്രീറാം വെങ്കട്ട റാമിനെ സർവീസിനിടയിൽ കലക്ടറാക്കാതെ നിർവാഹമില്ലെന്നാണ് ചിലർ ന്യായീകരിക്കുന്നത്.  യു.പി.എസ്.സിയുടെ പ്രൊമോഷൻ ചാർട്ട് പ്രകാരം ഒരു ഐ.എ.എസുകാരൻ സർവീസിലെ ആദ്യത്തെ നാലു വർഷം സബ് ഡിവിഷണൽ മജിസ്ട്രേട് റാങ്കിലാണ് ജോലി ചെയ്യേണ്ടത്. 
2012 ൽ  സിവിൽ സർവീസിലെത്തിയ   ശ്രീറാം 2016 ൽ ഡെപ്യൂട്ടി സെക്രട്ടറി / അണ്ടർ സെക്രട്ടറി റാങ്കിലെത്തി. 2020-23 ൽ ഇദ്ദേഹം ജോയന്‍റ് സെക്രട്ടറി അല്ലെങ്കിൽ ജില്ലാ മജിസ്ട്രേട്ട് (കലക്ടർ) പദവിയിലെത്തണം.  2024-28 ൽ ജില്ലാ കലക്ടർ / സ്പഷ്യൽ സെക്രട്ടറി / ഡയരക്ടർ പദവി വഹിക്കണം. അതായത്  പദവി കൊടുക്കൽ നിർബന്ധമാണെങ്കിൽ പോലും ഇദ്ദേഹത്തിന് ബഷീർ കൊലപാതകക്കേസിന്‍റെ വിചാരണ തീർന്ന് 2028 നകം കലക്ടർ സ്ഥാനം കൊടുത്താൽ മതിയെന്നിരിക്കെ ഇപ്പോൾ കലക്ടറാക്കിയത് തിടുക്കപ്പെട്ടുള്ള തീരുമാനമാണ്.

രണ്ടാമത്തെതും സുപ്രധാനവുമായ കാര്യം കേന്ദ്ര അഭ്യന്തര വകുപ്പിന്‍റെ കീഴിലുള്ള പേഴ്സണൽ മന്ത്രാലയം 3-3-2008 ന് ഇറക്കിയ സർക്കുലർ പ്രകാരവും അനുബന്ധമായി ചേർത്ത 1992 സപ്തംബർ 14 ന്‍റെ MO.22011/4/91-Estt.(A ) ഓഫീസ് മെമ്മോറാണ്ട ത്തിലെ 2 (iii) പ്രകാരവും  ക്രിമിനൽ നടപടിയോ അച്ചടക്ക നടപടിയോ നേരിടുന്ന ഉദ്യോഗസ്ഥരുടെ പ്രമോഷന്‍റെ കാര്യത്തിൽ വ്യക്തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരം 2.1 ൽ നിർവചിക്കുന്നത് ഇത്തരം കേസ്സുകളിൽ പ്രമോഷൻ കമ്മിറ്റി കൂടി തീരുമാനം ക്രിമിനൽ കേസ് തീർപ്പാകുന്നത് വരെ മുദ്രവെച്ച കവറിൽ സൂക്ഷിക്കണമെന്നാണ്. 

"The Departmental Promotion Committee shall assess the suitability of Government servants coming within the purview of the circumstances mentioned above along with other eligible candidates without taking into consideration the disciplinary case/criminal prosecution pending.  The assessment of the DPC including ‘unfit for promotion’ and the grading awarded by it will be kept in a sealed cover. The cover will be superscribed ‘Findings regarding suitability for promotion to the grade/post of ……….in respect of Shri………..(name of the Government servant).  Not to be opened till the terminator of the disciplinary case/criminal prosecution against Shri…….’. The proceeding of the DPC need only contain the note ‘The findings are contained in the attached sealed cover’.  The authority competent to fill the vacancy should be separately advised to fill the vacancy in the higher grade only in an officiating capacity when the findings of the DPC in respect of the suitability of a Government servant for his promotion are kept in a sealed cover". 
  Para (3) ൽ പറയുന്നത് പ്രകാരം ക്രിമിനൽ കേസ്സ് കാരണം  പ്രമോഷൻ തടയപ്പെട്ട വ്യക്തിയുടെ ബന്ധപ്പെട്ട കേസ്സ് തീർപ്പാക്കുകയും ഉദ്യോഗസ്ഥൻ നിരപരാധിയാണെന്ന് തെളിയിക്കപ്പെടുകയും ചെയ്താൽ അയാൾക്ക് നേരത്തെയുള്ള, അതായത് മുദ്രവെച്ച കവറിലെ തീരുമാനപ്രകാരം അനുയോജ്യമായ നിയമനം നൽകണം.

  എന്നാൽ ക്രിമിനൽ കേസ്സിന്‍റെ തീരുമാനം  നീണ്ടു പോകാതെ സമയ പരിധിക്കുള്ളിൽ തീർക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കണമെന്ന് ഖണ്ഡിക 4 ൽ പറയുന്നു. ഓരോ ആറുമാസത്തിലും പ്രസ്തുതവിവരങ്ങൾ പ്രൊമോഷൻ കമ്മറ്റി പരിശോധനാ വിധേയമാക്കണം. നിശ്ചിത കാലാവധി കഴിഞ്ഞിട്ടും കേസ്സിൽ തീരുമാനമായില്ലെങ്കിൽ ഡി.പി.സിക്ക് മുദ്രവെച്ച കവർ തുറന്ന് പരിശോധിച്ച് താൽക്കാലിക പ്രമോഷൻ നൽകാമെന്ന് പാരാ 5 ൽ പറയുന്നു . അവിടെയും ചില വ്യവസ്ഥകൾ പറയുന്നു.

(a) പ്രസ്തുത വ്യക്തിയുടെ പ്രമോഷൻ പൊതുജന താൽപര്യത്തിന് വിരുദ്ധമാണോ എന്ന് പരിശോധിക്കണം.
(b) കുറ്റം പ്രമോഷൻ തടയാൻ മാത്രം ഗുരുതരമാണോ എന്ന് പരിശോധിക്കണം.
c, d(ഇവിടെ ബാധകമല്ല)
(e) പ്രസ്തുത ഉദ്യോഗസ്ഥൻ പ്രമോഷൻ നേടിയാൽ കേസ്സിനെ ബാധിക്കുന്ന തരത്തിൽ ഇടപെടുമോ? 
ഇതിലൊക്കെ തൃപ്തരാണെങ്കിലും തീരുമാനത്തിന് മുമ്പ് സി.ബി.ഐയുടെ അഭിപ്രായം തേടണം.

ഇനി വിഷയത്തിലേക്കു വരാം. 

ശ്രീറാം വെങ്കട്ടറാമിനെ ജോയൻ്റ് സെക്രട്ടറിയായി 2020 മാർച്ചിൽ പ്രമോട്ട് ചെയ്തത് കേന്ദ്ര പേഴ്സണൽ  മന്ത്രാലയത്തിന്‍റെ  ഓഫീസ് മെമ്മോറാണ്ടം  OM 20011/5/90-Estt (D) Dated 4.11.1992 ന്‍റെ നഗ്നമായ ലംഘനമാണ്. പാരാ 2 ൽ പറയുന്നത് പ്രകാരം പ്രമോഷൻ തടഞ്ഞില്ല. പാരാ 4 പ്രകാരം  തീരുമാനം മുദ്രവെച്ച കവറിൽ സൂക്ഷിച്ചില്ല. 5 (1)ൽ പറയുന്നത് പ്രകാരം താൽകാലിക പ്രമോഷന് പകരം ജോയൻറ് സെക്രട്ടറിയായി സ്ഥിരം പ്രമോഷൻ നൽകി.5 (a) യിൽ പറയുന്നത് പ്രകാരം  പൊതുജന പ്രതിഷേധം ഗൗനിച്ചില്ല. 5 ( b) പ്രകാരം ഗൗരവമായ കുറ്റമാണെന്ന് ഗൗനിച്ചില്ല. 
എല്ലാത്തിലുമുപരി 5 (e) യിൽ പറയുന്നത് പ്രകാരം പ്രസ്തുത ക്രിമിനൽ നടപടി നേരിടുന്ന ഉദ്യോഗസ്ഥനെ പ്രമോട്ട് ചെയ്താൽ കേസ്സിനെ തെറ്റായി ബാധിക്കുമോ എന്ന് പരിഗണിച്ചില്ലെന്ന് മാത്രമല്ല, അദ്ദേഹത്തെ കേസ്സിലെ സാക്ഷികൾ ജോലി ചെയ്യുന്ന ആരോഗ്യ വകുപ്പിൽ തന്നെ ജോയന്‍റെ്  സെക്രട്ടറിയായി നിയമിച്ച് എല്ലാ ഉത്തരവുകളെയും പരസ്യമായി വെല്ലുവിളിച്ചു. ഇപ്പോൾ ജില്ലാ കലക്ടർ കൂടെയായതോടെ എല്ലാം പരിപൂർണമായി.

സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡിപ്പാർട്ട്മെൻറൽ പ്രമോഷൻ കമ്മറ്റിയുടെ നിയമ വിരുദ്ധ തീരുമാനങ്ങൾക്കെതിരെ സെൻട്രൽ വിജിലൻസ് കമ്മീഷന് വരും ദിവസങ്ങളിൽ പരാതി ഫയൽ ചെയ്യുന്നതാണ്. ഉത്തരവാദപ്പെട്ടവർ നിയമ വിരുദ്ധമായ തീരുമാനങ്ങളെ ന്യായീകരിക്കാതെ തെറ്റുതിരുത്താനാണ് തയാറാവേണ്ടത്. അതാണ് മാന്യമായ മാർഗം. അല്ലാതെ ചോദ്യം ചെയ്യുന്നവരെ ഭയപ്പെടുത്താൻ ശ്രമിക്കുന്നവരോട് പരമ പുച്ഛം മാത്രം.  ബഷീറിന്‍റെ കാര്യത്തിൽ എന്തൊക്കെ തിരിച്ചടിയുണ്ടായാലും ശബ്ദിച്ചു കൊണ്ടേയിരിക്കും.

Follow Us:
Download App:
  • android
  • ios