
മുംബൈ: 'ഈ കുട്ടികൾക്ക് മാതാപിതാക്കളില്ല, ഇവരെ ദയവായി യവത്മലിലേക്കുള്ള ബസിൽ കയറ്റി വിടണം'- ബസിൽ ഇരുന്ന് വിതുമ്പുകയായിരുന്ന രണ്ട് കുഞ്ഞുങ്ങളിൽ ഒരാളുടെ പോക്കറ്റിൽ നിന്നും ലഭിച്ച കുറിപ്പിലെ വരികളാണിത്. കൂടെയൊരു മൊബൈൽ നമ്പറും ഉണ്ടായിരുന്നു. ഈ നമ്പറിലേക്ക് വിളിച്ചതോടെയാണ് കുട്ടികളുടെ അമ്മയുടെ ക്രൂരത പുറത്തു വന്നത്. രണ്ട് മക്കളെ ബസ്സിൽ കയറ്റി വിട്ട് അമ്മ കാമുകന്‍റെ കൂടെ പോവുകയായിരുന്നു. അച്ഛന്‍റെ പണവും മോഷ്ടിച്ചാണ് യുവതി വീട് വിട്ടത്.
അതിനിടെയാണ് മഹാരാഷ്ട്രയിലെ യവത്മൽ സ്വദേശിയായ വയോധികൻ, തന്‍റെ മകൾ പണവും സ്കൂട്ടറുമായി ഒളിച്ചോടിയെന്ന് പൊലീസിൽ പരാതി നൽകുന്നത്. അദ്ദേഹത്തെ ബീഡ് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ബസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പിഞ്ചുകുട്ടികളുടെ മുത്തശ്ശനായിരുന്നു ഈ വയോധികൻ. പണ്ടാർപൂർ - സംഭാജി നഗർ റൂട്ടിലോടുന്ന ബസിലാണ് സ്ത്രീ തന്‍റെ രണ്ട് മക്കളെ ഇരുത്തിയത്. തുടർന്ന് അച്ഛന്‍റെ സ്കൂട്ടറെടുത്ത് ഇവർ കാമുകനൊപ്പം കടന്നുകളയുകയായിരുന്നു. കുട്ടികൾ കരയുന്നത് കണ്ടാണ് കണ്ടക്ടർ ശ്രദ്ധിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ പോക്കറ്റിൽ നിന്നും കുറിപ്പ് കണ്ടെത്തി. അദ്ദേഹം ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് വിളിച്ചതോടെ സ്റ്റേഷനിൽ എത്തിയ മുത്തശ്ശന്റെ പെരുമാറ്റം പൊലീസുകാരെ ഞെട്ടിക്കുന്നതായിരുന്നു. അമ്മ ഉപേക്ഷിച്ചുപോയ കുട്ടികളെ ആശ്വസിപ്പിക്കാനോ അവരെ കൂടെക്കൂട്ടാനോ അയാൾ തയ്യാറായില്ല. പേരക്കുട്ടികളെക്കാൾ കൂടുതൽ തന്റെ നഷ്ടപ്പെട്ടുപോയ സ്കൂട്ടറിനെക്കുറിച്ചായിരുന്നു ആ വൃദ്ധന് ആശങ്ക. ഒടുവിൽ കുട്ടികളെ ഏറ്റെടുക്കാൻ അയാൾ വിസമ്മതിച്ചതോടെ പൊലീസ് തന്നെ കാര്യങ്ങൾ ഏറ്റെടുത്തു. കുട്ടികളുടെ സംരക്ഷണം പൊലീസ് ഉറപ്പാക്കി. ബീഡ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹായത്തോടെ കുട്ടികളെ സുരക്ഷിതമായി കെയർ ഹോമിലേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam