
ദില്ലി: കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പില്‍ അനിശ്ചിതത്വം തുടരുന്നു. ഇന്ന് തുടങ്ങി അടുത്ത മാസം 20ന് പൂര്‍ത്തിയാകേണ്ട പാർട്ടി പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ കുറിച്ചും നേതൃത്വം മൗനം പാലിക്കുകയാണ്. അതേസമയം അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് രാഹുല്‍ഗാന്ധി.
ഓഗസ്റ്റ് ഇരുപതിന് പിസിസി തെരഞ്ഞെടുപ്പുകള്‍ പൂർത്തിയാക്കുമെന്നും ഓഗസ്റ്റ് 21ന് നടപടികള്‍ തുടങ്ങി സെപ്റ്റംബർ 20ന് എഐസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നുമായിരുന്നു കോണ്‍ഗ്രസ് പ്രഖ്യാപനം. എന്നാല്‍ ഇന്ന് ഓഗസ്റ്റ് ഇരുപതായിട്ടും തെരഞ്ഞെടുപ്പിനെ കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം ഒരു സൂചനയും നല്‍കുന്നില്ല. എഐസിസി പ്രസിഡന്‍റാകാനില്ലെന്ന് നിലപാടില്‍ അയവു വരുത്താൻ രാഹുല്‍ഗാന്ധിയും തയ്യാറല്ല. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നണ്ട് . അനാരോഗ്യമുള്ള സോണിയാ ഗാന്ധിക്ക് സ്ഥാനത്ത് ദീര്‍ഘനാള്‍ തുടരാനാവില്ല. പ്രിയങ്ക ഗാന്ധിയെ നേതൃത്വത്തിലേക്ക് കൊണ്ടു വരണമെന്ന അഭിപ്രായം ചില നേതാക്കള്‍ക്കുണ്ട്. പ്രശാന്ത് കിഷോർ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് തന്ത്രങ്ങളിലം പ്രിയങ്ക പ്രസിഡന്‍റ് സ്ഥാനത്തേക്ക് വരണമെന്ന നിർദേശമുണ്ടായിരുന്നു. എന്നാല്‍ ഉത്തർപ്രദേശില്‍ മികച്ച പ്രകടനം നടത്താനാകാതെ പോയ സാഹചര്യവും കുടുംബ പാര്‍ട്ടി വിമർശനം ശക്തമാകുമെന്നതും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്തൊരാള്‍ പ്രസിഡന്‍റാകാനുള്ള സാധ്യത വര്‍ധിക്കുകയാണ്.
2024 തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്നതിനാണ് താല്‍പര്യപ്പെടുന്നതെന്നും അധ്യക്ഷ സ്ഥാനം ഏറ്റെടുത്താല്‍ സാങ്കേതിക ജോലികള്‍ മാത്രമായി ഒതുങ്ങുമെന്ന് രാഹുല്‍ അടുപ്പക്കാരോട് പറഞ്ഞതായാണ് സൂചന. സെപ്തംബർ എഴിന് തുടങ്ങുന്ന കന്യാകുമാരി മുതല്‍ കശ്മീർ വരെ കാല്‍നടയായി നടത്തുന്ന 'ഭാരത് ജോഡോ യാത്ര'യിലാണ് രാഹുല്‍ ഇപ്പോള്‍ ശ്രദ്ധ ചെലത്തുന്നത്. സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് മാത്രം പ്രവർത്തനം തുടങ്ങുന്നതില്‍ പാര്‍ട്ടിയില്‍ വലിയ അതൃപ്തി നിലനില്‍ക്കുന്നതിനിടെ സംഘടനാ തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വവും വിമർശനം ശക്തമാക്കുന്നതിലേക്ക് വഴിവെക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam