
ഭോപ്പാൽ: മണിക്കൂറുകളോളം മൊബൈൽ ഗെയിം കളിക്കാതെ ജോലി കണ്ടെത്താൻ ആവശ്യപ്പെട്ട ദേഷ്യത്തിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. മധ്യപ്രദേശിലെ രേവ സ്വദേശിയായ നേഹ പട്ടേലിനെയാണ് (24) ഭർത്താവ് രഞ്ജീത് പട്ടേൽ കൊലപ്പെടുത്തിയത്. തോർത്ത് ഉപയോഗിച്ച് ഭാര്യയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി വീട്ടിൽ നിന്ന് മുങ്ങി.
രഞ്ജീതും നേഹയും വിവാഹിതരായിട്ട് ആറ് മാസം മാത്രമേ ആയിട്ടുള്ളൂ. രഞ്ജീത് പബ്ജി ഗെയിമിന് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തൊഴിൽരഹിതനായ രഞ്ജീത് മണിക്കൂറുകൾ മൊബൈൽ ഗെയിമിനായി ചെലവഴിച്ചിരുന്നതിനാൽ ദമ്പതികൾക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
കൊലപാതകത്തിന് ശേഷം രഞ്ജീത് നേഹയുടെ സഹോദരീ ഭർത്താവിന് സന്ദേശം അയച്ചു. താൻ നേഹയെ കൊന്നുവെന്നും 'അവളെ തിരികെ കൊണ്ടുപോകണം' എന്നുമായിരുന്നു സന്ദേശം. കുടുംബം ഉടൻ തന്നെ ദമ്പതികളുടെ വീട്ടിലേക്ക് എത്തി. അപ്പോൾ അനക്കമറ്റ് കിടക്കുന്ന നേഹയെ ആണ് കണ്ടത്. ഉടനെ പൊലീസിൽ വിവരം അറിയിച്ചു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സ്ഥിരീകരിച്ചു. കേസ് രജിസ്റ്റർ ചെയ്തതായി ഡിഎസ്പി ഉദിത് മിശ്ര പറഞ്ഞു.
കഴുത്ത് ഞെരിച്ച പാടുകളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭർത്താവ് ഒളിവിലാണ്. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. രഞ്ജീതും അയാളുടെ ബന്ധുക്കളും നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായും നേഹയുടെ കുടുംബം ആരോപിച്ചു. കാർ വേണമെന്ന് ആവശ്യപ്പെട്ടാണ് ഏറ്റവും ഒടുവിൽ സമ്മർദം ചെലുത്തിയതെന്ന് കുടുംബം പറഞ്ഞു.
പ്രതിയെ പിടികൂടാൻ വൈകുന്നതിൽ സഹോദരൻ ഷേർ ബഹാദൂർ പട്ടേൽ അതൃപ്തി പ്രകടിപ്പിച്ചു- "മെയ് 25നായിരുന്നു എൻ്റെ സഹോദരിയുടെ വിവാഹം. പ്രതി സ്ത്രീധനം ആവശ്യപ്പെട്ടു. അടുത്തിടെ ഒരു ജോലിക്കും പോകുന്നുണ്ടായിരുന്നില്ല. ജോലി കണ്ടെത്താൻ അവൾ ആവശ്യപ്പെട്ടപ്പോൾ അയാൾ വഴക്കുണ്ടാക്കി. ഒടുവിൽ അവളെ കൊല്ലുകയും ചെയ്തു. കൊലപ്പെടുത്തിയ ശേഷം അയാൾ ബന്ധുവിന് സന്ദേശം അയച്ചു"
പ്രതിയുടെ കുടുംബത്തിനെതിരെയും നടപടി വേണമെന്ന് സഹോദരൻ ആവശ്യപ്പെട്ടു. ഭർത്താവിനെ മാത്രമല്ല, അയാളുടെ അച്ഛനെയും അമ്മയെയും സഹോദരനെയും സഹോദര ഭാര്യയെയും അറസ്റ്റ് ചെയ്യണം. അവരെല്ലാം അവളെ ഉപദ്രവിച്ചു. അവൾക്ക് നീതി കിട്ടണമെന്നും സഹോദരൻ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ നിരവധി സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.