
ദില്ലി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നിർണായക കേന്ദ്രമന്ത്രിസഭാ യോഗം ചേരും. മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിച്ചുള്ള വനിതാ സംവരണ ബില്ലിന്റെ പുതുക്കിയ കരട് യോഗം ചർച്ച ചെയ്തേക്കുമെന്നാണ് വിവരം. വനിത സംവരണം നടപ്പാക്കുമെന്നും കോൺഗ്രസിന് തടയാനാവില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ബില്ലിൽ ഡിഎംകെ പിന്തുണ എൻഡിഎയ്ക്കാണെന്ന സൂചന ശക്തമാണ്. അതിനിടെ, പാർലമെന്റ് സമ്മേളന തന്ത്രം ചർച്ച ചെയ്യാൻ കോൺഗ്രസ് പാർലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പ് യോഗം ഇന്ന് വൈകിട്ട് 4:30ന് ചേരും.
ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുകയാണ് വനിതാ സംവരണ ബില്ലിന്റെ ലക്ഷ്യം. നിലവിൽ 543 അംഗങ്ങളുള്ള ലോക്‌സഭയുടെ അംഗബലം 850 വരെ ഉയർത്തുന്നതിനും എല്ലാ സംസ്ഥാനങ്ങളിലും നിലവിലെ സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർധന വരുത്തുന്നതിനുമുള്ള നിർദേശങ്ങൾ പരിഗണനയിലുണ്ട്.
നവംബർ 30 മുതൽ ഡിസംബർ മൂന്നുവരെയാണ് വർഷകാല സമ്മേളനത്തിന്റെ തുടർച്ചയായി പ്രത്യേക സമ്മേളനം ചേരുക. 30ന് ലോക്സഭയും ഡിസംബർ രണ്ടിന് രാജ്യസഭയും അത്യാവശ്യ സർക്കാർ കാര്യങ്ങൾ കൈകാര്യം ചെയ്യാനായി ചേരാനുള്ള അനുമതി തേടിയെന്നാണ് കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചത്. മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ നീക്കം.
മണ്ഡല പുനർനിർണയ ബില്ലിനെ ഡിഎംകെ പിന്തുണയ്ക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ വിമർശനവുമായി തമിഴ്നാട്ടിലെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ബിജെപി സർക്കാർ എല്ലാ ക്രമീകരണവും പൂർത്തിയാക്കിയെന്ന് കരുതുന്നതായി, ഡിഎംകെ, എൻസിപി പാർട്ടികളെ ടാഗ് ചെയ്ത് കാർത്തി ചിദംബരം എക്സിൽ കുറിച്ചു. 'ഇട്ടപ്പന്മാർ ഒരുങ്ങിയോ' എന്നായിരുന്നു പിസിസി പ്രസിഡന്റ് മാണിക്കം ടാഗോറിന്റെ പ്രതികരണം.
ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിൽ വീരപാണ്ഡ്യ കട്ടബൊമ്മനെ ചതിച്ച നാട്ടുരാജാവ് ആയിരുന്നു ഇട്ടപ്പൻ. തമിഴ്നാടിന് നിലവിലുള്ള 7.20 ശതമാനം ലോക്സഭ സീറ്റ് വിഹിതം നിലനിർത്തുമെന്ന് ബില്ലിൽ ഉറപ്പ് കിട്ടിയാൽ പിന്തുണയ്ക്കുമെന്നാണ് ഡിഎംകെ നേതാക്കളുടെ അനൗദ്യോഗിക പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam