ലോക്സഭയിലും നിയമസഭകളിലും 33% സംവരണം നടപ്പാക്കും. ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉറച്ച തീരുമാനമാണിതെന്ന് അമിത് ഷാ പറഞ്ഞു. ഭരണഘടന ദിനത്തോടനുബന്ധിച്ചുള്ള പ്രസംഗത്തിലാണ് അമിത്ഷായുടെ പ്രഖ്യാപനം.
ഡൽഹി: പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭരണഘടന ദിനത്തോടനുബന്ധിച്ചുള്ള പ്രസംഗത്തിലാണ് അമിത്ഷായുടെ പ്രഖ്യാപനം. വനിതാ സംവരണം നടപ്പാക്കുന്നതിന് കോൺഗ്രസ് തടസ്സം നിൽക്കുകയാണെന്നും, കോൺഗ്രസിനോ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കോ വനിതാ സംവരണം നടപ്പാക്കുന്നത് തടയാൻ കഴിയില്ലെന്നും അമിത്ഷാ വ്യക്തമാക്കി. ലോക്സഭയിലും നിയമസഭകളിലും 33% സംവരണം നടപ്പാക്കും. ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉറച്ച തീരുമാനമാണിതെന്ന് അമിത് ഷാ പറഞ്ഞു. മോദിയുടെ നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാർട്ടി സ്ത്രീകൾക്ക് അർഹമായ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.
വനിതാ സംവരണം വേഗത്തിൽ നടപ്പാക്കുന്നതിനായി 2011-ലെ സെൻസസ് അടിസ്ഥാനമാക്കി ലോക്സഭാ സീറ്റുകൾ പുനർനിർണയിക്കാൻ ലക്ഷ്യമിട്ട് 2026 ഏപ്രിലിൽ കൊണ്ടുവന്ന 131-ാം ഭരണഘടനാ ഭേദഗതി ബിൽ പ്രതിപക്ഷ എതിർപ്പിനെത്തുടർന്ന് പരാജയപ്പെട്ടിരുന്നു. നവംബർ 30-ന് പാർലമെന്റ് സമ്മേളനം വീണ്ടും ചേരുമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു വനിതാ സംവരണ നിയമത്തെക്കുറിച്ചുള്ള അമിത് ഷായുടെ ഈ പ്രസ്താവന. മണ്ഡല പുനർനിർണയ ബില്ലുമായി ബന്ധപ്പെടുത്തിയാണ് സർക്കാർ വനിതാ സംവരണ നിയമം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
















