യുപിയിലെ ഇസ്ലാമിക മതപഠന കേന്ദ്രം ഭീകരവാദികളെ ഉത്പാദിപ്പിക്കുന്നുവെന്ന് ഗിരിരാജ് സിംഗ്

By Web TeamFirst Published Feb 12, 2020, 7:52 PM IST
Highlights

പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് രണ്ട് മാസമായി പ്രതിഷേധം നടക്കുന്ന ഉത്തര്‍പ്രദേശിലെ ദയൂബന്ദും ദില്ലിയിലെ ഷഹീന്‍ ബാഗും ചാവേറുകളെ ഉണ്ടാക്കുന്ന ഇടമാണെന്നും ഗിരിരാജ് സിംഗ്

ലക്നൗ: ദില്ലി തെരഞ്ഞെടുപ്പിന്‍റെ തോല്‍വിക്ക് പിന്നാലെ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഇസ്ലാമിക മതപഠന കേന്ദ്രമായ ദയൂബന്ദ് ഭീകരവാദികളെ ഉത്പാദിപ്പിക്കുന്ന ഇടമാണെന്നാണ് ഗിരിരാജ് സിംഗിന്‍റെ ഏറ്റവും ഒടുവിലത്തെ വിവാദ പ്രസ്താവന. 

''ഭീകരവാദികളുടെ ഉറവിടമാണ് ദയൂബന്ദ് എന്ന് ഞാന്‍ മുമ്പ് പറഞ്ഞ‌ിട്ടുണ്ടായിരുന്നു. ഹാഫിസ് സയ്യിദും അതുപോലുള്ളവരുമടക്കം ലോകത്തെ മിക്ക പിടികിട്ടാപ്പുള്ളികളായ ഭീകരവാദികളും ദയൂബന്ദില്‍നിന്നാണ് പുറത്തുവരുന്നത്'' - ഗിരിരാജ് സിംഗ് പറഞ്ഞു. 

പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് രണ്ട് മാസമായി പ്രതിഷേധം നടക്കുന്ന ഉത്തര്‍പ്രദേശിലെ ദയൂബന്ദും ദില്ലിയിലെ ഷഹീന്‍ ബാഗും ചാവേറുകളെ ഉണ്ടാക്കുന്ന ഇടമാണെന്നും ഗിരിരാജ് സിംഗ് കൂട്ടിച്ചേര്‍ത്തു. ഈ ആളുകളൊന്നും പൗരത്വ ഭാദഗതി നിയമത്തിനല്ല എതിര്, അവര്‍ ഇന്ത്യക്ക് എതിരാണ്. ഇത് ഒരു തരത്തിലുള്ള ഖിലാഫത് പ്രതിഷേധമാണെന്നും ഗിരിരാജ് സിംഗ് ആരോപിച്ചു. 

നേരത്തെയും ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശവുമായി ഗിരിരാജ് സിംഗ് രംഗത്തെത്തിയിരുന്നു. ഷഹീന്‍ ബാഗ് ചാവേറുകളെ വളര്‍ത്തുകയാണെന്നാണ് അന്നും ഗിരിരാജ് സിംഗ് ആരോപിച്ചത്. പൗരത്വ നിയം ഭേദഗതിയ്ക്ക് എതിരെ പ്രതിഷേധിക്കുന്നവരെ ലക്ഷ്യം വച്ച് നിരവധി ബിജെപി നേതാക്കള്‍ സമാനമായ പ്രസ്താവനകള്‍ ഇതിനോടകം നടത്തിക്കഴി‌ഞ്ഞു. ദേശീയ വിരുദ്ധര്‍ എന്നാണ് ബിജെപി പ്രതിഷേധക്കാരെ വിളിക്കുന്നത്. 

ദില്ലി തെരഞ്ഞെടുപ്പിനിടെ റിതാല മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മനോജ് ചൗധരിയുടെ പ്രചാരണ പരിപാടിക്കിടെ രാജ്യത്തെ ഒറ്റുകാര്‍ക്ക് നേരെ വെടിവെക്കാനായിരുന്നു കേന്ദ്രസഹമന്ത്രിയുടെ മുദ്രാവാക്യം. രാജ്യത്തെ ഒറ്റുന്നവര്‍ക്കെതിരെ എന്ന് ആഹ്വാനം ചെയ്ത താക്കൂര്‍, പ്രവര്‍ത്തകരെക്കൊണ്ട് 'വെടിവെക്കൂ'' മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തു. പ്രസംഗത്തിന്‍റെ വീഡിയോ ട്വിറ്ററില്‍ വൈറലായി.

'ദേശ് കെ ഗദ്ദറോണ്‍'....എന്ന് താക്കൂര്‍ വിളിക്കുകയും 'ഗോലി മാരോ സാലോണ്‍ കോ' എന്ന് പ്രവര്‍ത്തകരെക്കൊണ്ട് വിളിപ്പിക്കുകയുമായിരുന്നു. ഗിരിരാജ് സിംഗിന്‍റെ സാന്നിധ്യത്തിലായിരുന്നു കേന്ദ്ര മന്ത്രിയുടെ ആഹ്വാനം. പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിലെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെയാണ് ബിജെപി എംപി പര്‍വേഷ് സാഹിബ് സിംഗ് വെര്‍മ വിവാദ പ്രസംഗം നടത്തിയത്.

click me!