UP Election 2022 : ജാട്ട് വോട്ടുകളിൽ കണ്ണുനട്ട് ആര്‍എല്‍ഡിയോട് അടുക്കാൻ ബിജെപി; ക്ഷണം നിരസിച്ച് ജയന്ത് ചൗധരി

By Web TeamFirst Published Jan 26, 2022, 8:10 PM IST
Highlights

ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരിക്കായി വാതില്‍ തുറന്നിട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കി ബിജെപി എംപി പര്‍വേഷ് വര്‍മ്മയും ജാട്ട് വോട്ടുകള്‍ അകലാതിരിക്കാനുള്ള പാര്‍ട്ടി നീക്കം വെളിപ്പെടുത്തി. എന്നാൽ, ബിജെപിയുടെ ക്ഷണം ജയന്ത് ചൗധരി നിരസിച്ചു. 
 

ദില്ലി: ഉത്തര്‍പ്രദേശില്‍ (UP Election) ജാട്ട് സമുദായത്തെ ഒപ്പം നിര്‍ത്താന്‍ തിരക്കിട്ട നീക്കവുമായി ബിജെപി (BJP). പശ്ചിമ യുപിയില്‍ തിരിച്ചടി നേരിടുമെന്ന ആശങ്കക്കിടെ ജാട്ട് നേതാക്കളെ  അമിത് ഷാ (Amit Shah)  കണ്ടു . ആര്‍എല്‍ഡി (RLD) നേതാവ് ജയന്ത് ചൗധരിക്കായി (Jayanth Chaudhari) വാതില്‍ തുറന്നിട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കി ബിജെപി എംപി പര്‍വേഷ് വര്‍മ്മയും ജാട്ട് വോട്ടുകള്‍ അകലാതിരിക്കാനുള്ള പാര്‍ട്ടി നീക്കം വെളിപ്പെടുത്തി. എന്നാൽ, ബിജെപിയുടെ ക്ഷണം ജയന്ത് ചൗധരി നിരസിച്ചു. 

ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന് പതിനഞ്ച് ദിവസം മാത്രം ശേഷിക്കുമ്പോഴാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ജാട്ട് നേതാക്കളെ അമിത്ഷാ കണ്ടത്.  ദില്ലിയില്‍ ബിജെപി എംപി പര്‍വേഷ് വര്‍മ്മയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കര്‍ഷക താല്‍പര്യം പരിഗണിച്ച് തന്നെയാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതെന്ന് അമിത് ഷാ ആവര്‍ത്തിച്ചു.   യോഗം സംഘടിപ്പിച്ച ബിജെപി എംപി പര്‍വേഷ് വര്‍ഷ, ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരിയെ ഒപ്പം കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി. ജയന്തിനായി വാതില്‍ തുറന്നിട്ടിരിക്കുന്നുവെന്ന പറഞ്ഞ് തെരഞ്ഞെടുപ്പിന്  ശേഷം സഖ്യസാധ്യതക്കുള്ള സൂചനയും പര്‍വേഷ് വര്‍ഷ  നല്‍കി. എന്നാൽ, സഖ്യത്തിനുള്ള ബിജെപി ക്ഷണം പിന്നാലെ ജയന്ത് ചൗധരി തള്ളിക്കളഞ്ഞു. ബിജെപി നശിപ്പിച്ച 700 കർഷക കുടുംബങ്ങളെയാണ് സഖ്യത്തിനായി ക്ഷണിക്കേണ്ടതെന്ന് ജയന്ത് ചൗധരി പ്രതികരിച്ചു. 

ജാട്ട് സമുദായത്തിനിടയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള അജിത് സിംഗിന്‍റെ പാര്‍ട്ടിയെ കര്‍ഷക സമരത്തിന്‍റെ കൂടി പശ്ചാത്തലത്തില്‍ ശക്തിപ്പെടുത്താന്‍ ജയന്തിന് കഴിഞ്ഞിരിന്നു. അഖിലേഷ് യാദവും, ജയന്ത് ചൗധരിയുമായുള്ള സഖ്യം പശ്ചിമയുപിയില്‍ ജാട്ട് മുസ്ലീം വോട്ടുകള്‍ പാര്‍ട്ടിക്കെതിരെ ഒന്നിക്കാന്‍ ഇടയാക്കുമെന്ന ആശങ്കയും ബിജെപിക്കുണ്ട്. ഈ  പശ്ചാത്തലത്തിലാണ് ജാട്ട് നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ  ജയന്ത് ചൗധരിയോടുള്ള മൃദു സമീപനം ബിജെപി വെളിപ്പെടുത്തിത്. ആര്‍എല്‍ഡിക്ക് 30ലധികം സീറ്റുകള്‍ നീക്കി വച്ച് അഖിലേഷ് യാദവ് ഇത്തവണ നടത്തിയ നീക്കം ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കിയെന്ന് വ്യക്തമാക്കുന്നത് കൂടിയായി  ജാട്ട് സമുദായത്തെ കൂടുതല്‍ അനുനയിപ്പിക്കാനുള്ള പാര്‍ട്ടിയുടെ ശ്രമം.
 

click me!