
ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തിരിമറി ആരോപണം അന്വേഷിക്കാൻ ഉത്തർ പ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘ (എസ്ഐടി) ത്തിന് രൂപം നൽകി. ലക്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത് ഐഎഎസിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ലക്നൗ റേഞ്ച് ഐജി കിരൺ എസ്, ധനകാര്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി നീൽരത്തൻ കുമാർ എന്നിവരാണ് അംഗങ്ങൾ. ഒരാഴ്ചയ്ക്കകം പ്രാഥമിക അന്വേഷണ റിപ്പോർട്ടും 15 ദിവസത്തിനകം അന്തിമ റിപ്പോർട്ടും സമർപ്പിക്കാൻ സർക്കാർ എസ്ഐടിക്ക് നിർദേശം നൽകി.
ഒരാഴ്ച മുൻപാണ് ക്ഷേത്രത്തിലെ കാണിക്ക വഞ്ചികളിൽനിന്ന് സംഭാവന വെട്ടിച്ചുവെന്ന ആരോപണം ഉയർന്നത്. ഇതേ തുടർന്ന് രാമക്ഷേത്രം നടത്തിപ്പുകാരായ ശ്രീ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ലോക്കൽ പൊലീസിൻ്റെ അനൗദ്യോഗിക പിന്തുണയോടെ നടത്തിയ അന്വേഷണത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരെ ട്രസ്റ്റ് അധികൃതർ ചോദ്യംചെയ്തതായും നഷ്ടപ്പെട്ട പണം വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ പൊതുജന രോഷം ഉയർന്നതോടെ ആണ് ക്ഷേത്രം ട്രസ്റ്റ്, സംസ്ഥാന സർക്കാരിനെ സമീപിച്ചത്.
അന്വേഷണത്തിൻ്റെ ഭാഗമായി എസ്ഐടി സംഘം വൈകാതെ രാമക്ഷേത്രത്തിൽ എത്തി രേഖകൾ പരിശോധിക്കും. ഇതുവരെ ശേഖരിച്ച തെളിവുകളും എസ്ഐടി തേടും. ക്ഷേത്രത്തിൽ സംഭാവന കൈകാര്യം ചെയ്തിരുന്ന രീതിയും എസ്ഐടി വിലയിരുത്തും. സംഭാവന കൈകാര്യം ചെയ്തിരുന്ന ക്ഷേത്രത്തിലെ ജീവനക്കാരെല്ലാം നിരീക്ഷണത്തിലാണ്.
രാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപ വരുന്ന സംഭാവന നഷ്ടപ്പെട്ടതായും കോടതി സ്വമേധയാ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തിയതോടെ ആണ് വിവാദങ്ങളുടെ തുടക്കം. ഇക്കാര്യം ശരിവെച്ച് ബിജെപി എംപി ബ്രിജ് ഭൂഷൺ ചരൺ സിങ്ങും രംഗത്തെത്തി. ക്ഷേത്രം ട്രസ്റ്റിൻ്റെ വരവുചെലവ് കണക്കുകളും ആസ്തികളും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന ബിജെപി നേതാവ് രജ്നീഷ് സിങ് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് റായ്‍യും ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam