
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) പുനഃസംഘടിപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ. മുതിർന്ന മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് എസ്ഐടി പുനഃസംഘടിപ്പിച്ചത്. ലഖ്നൗ റേഞ്ച് ഐജി കിരൺ എസ്, അയോധ്യ റേഞ്ച് ഡിഐജി സോമൻ വർമ്മ, അയോധ്യ എസ്‌എസ്‌പി ഡോ. ഗൗരവ് ഗ്രോവർ എന്നിവരാണ് പുതിയ അംഗങ്ങൾ. സുപ്രീംകോടതി നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിച്ചത്. പുതിയ സംഘം 27ന് സുപ്രീംകോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകും.
നേരത്തെ, ലഖ്നൗ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ധനകാര്യ സ്പെഷ്യൽ സെക്രട്ടറി നീൽ രത്തൻ കുമാർ തുടങ്ങിയവരായിരുന്നു എസ്ഐടി അംഗങ്ങൾ. ജൂലൈ 13ന് ഹർജി പരിഗണിക്കവെ ആണ്, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ എസ്ഐടി പുനഃസംഘടിപ്പിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തർ പ്രദേശ് സർക്കാരിന് നിർദേശം നൽകിയത്. മോഷണവുമായി ബന്ധപ്പെട്ട കേസുകളിലെ ക്രിമിനൽ അന്വേഷണവും സാങ്കേതിക പരിശോധനയും കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യാൻ പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥർക്ക് കഴിയുമെന്ന് നിരീക്ഷിച്ചാണ് മുതിർന്ന ഐഎപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി എസ്ഐടിയെ പുനഃസംഘടിപ്പിക്കാൻ കോടതി നിർദേശം നൽകിയത്. ജൂലൈ 27ന് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശം നൽകിയിരുന്നു.
അതേസമയം പുതിയ എസ്ഐടിയുടെ നേതൃത്വത്തിൽ ഇതിനോടകം അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്. നേരത്തെ, സിസിടിവി ദൃശ്യങ്ങളും സംഭാവന രജിസ്റ്ററും പണം എണ്ണുന്ന നടപടിക്രമങ്ങളും സാമ്പത്തിക രേഖകളും എസ്ഐടി സംഘം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ക്ഷേത്രത്തിലെ നിരവധി ജീവനക്കാരെ ചോദ്യംചെയ്ത സംഘം കാണിക്ക എണ്ണുന്നതിലും നിക്ഷേപിക്കുന്നതിലും കണ്ടെത്തിയ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ പ്രധാന പ്രതി അടക്കം പിടിയിലാകുകയും ഇയാളിൽനിന്ന് പണം, വാഹനങ്ങൾ, നിക്ഷേപം സംബന്ധിച്ച രേഖകൾ, ആസ്തികൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam