
ദില്ലി: കഴിഞ്ഞ നാല് ദിവസമായി ദില്ലി-കൊൽക്കത്ത ഹൈവേയിൽ കുടുങ്ങിക്കിടക്കുന്നത് നൂറു കണക്കിന് വാഹനങ്ങളാണ്. ഓരോ വാഹനവും നിൽക്കുന്നത് പരസ്പരം തൊട്ടു- തൊട്ടില്ല എന്ന മട്ടിലാണ്. എന്നാൽ ഈ ഗതാഗതക്കുരുക്ക് ഇപ്പോഴും ഒരു മാറ്റവുമില്ലാതെ തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ബീഹാറിലെ റോഹ്താസിൽ പെയ്ത കനത്ത മഴയെത്തുടർന്ന് റോഡ് നിർമാണ പ്രവർത്തകർ ദേശീയ പാത 19-ൽ വിവിധ സ്ഥലങ്ങളിൽ വാഹനങ്ങളെ വഴിതിരിച്ചു വിട്ടിരുന്നു. നിരവിധി റോഡുകൾ വെള്ളത്തിനടിയിലായതിനെത്തുടർന്നായിരുന്നു ഇത്. വഴി തിരിച്ച വിട്ട റോഡുകളിലും നിറയെ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ വെള്ളക്കിട്ടിറങ്ങാതെ നിൽക്കുന്നതും വാഹനങ്ങൾക്ക് നീങ്ങാൻ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു. ഇങ്ങനെ ഗതാഗതക്കുരുക്ക് കൂടുതൽ വഷളായി.
ചെറിയ കിലോമീറ്ററുകൾ താണ്ടാൻ പോലും മണിക്കൂറുകൾ എടുക്കും. ഹൈവേയിലെ ഗതാഗതക്കുരുക്ക് ഇപ്പോൾ ഔറംഗാബാദ് വരെ നീണ്ടിട്ടുമുണ്ട്. റോഹ്താസിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെയാണിത്. അതേ സമയം, ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അധികാരികളുടെ ഭാഗത്ത് നിന്ന് ഒരു ശ്രമവും ഉണ്ടാകുന്നില്ലെന്ന് ആരോപണമുയരുന്നുണ്ട്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോ (NHAI) റോഡ് നിർമ്മാണ കമ്പനിയോ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ 30 മണിക്കൂറിനുള്ളിൽ ആകെ 7 കിലോമീറ്റർ മാത്രമേ സഞ്ചരിച്ചിട്ടുള്ളൂവെന്ന് ഗതാഗതക്കുരുക്കിൽ അകപ്പെട്ട ട്രക്ക് ഡ്രൈവർ പ്രവീൺ സിംഗ് പറഞ്ഞതായി എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു. ടോൾ, റോഡ് നികുതി, മറ്റ് ചെലവുകൾ എന്നിവ അടച്ചിട്ടും ഞങ്ങൾ ഇപ്പോഴും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് നേരിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടുത്ത വിശപ്പും ദാഹവും തോന്നുന്നുവെന്നും രണ്ട് ദിവസമായി ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുകയാണെന്നും മറ്റൊരു ട്രക്ക് ഡ്രൈവർ സഞ്ജയ് സിംഗ് പറഞ്ഞു. ഗതാഗതക്കുരുക്ക് വ്യാപാര സ്ഥാപനങ്ങളെയും ബാധിച്ചിട്ടുണ്ട്. അസംസ്കൃത ഭക്ഷ്യവസ്തുക്കൾ ഉള്ള ലോഡ് കൊണ്ട് കൊണ്ടുപോകുന്ന ഡ്രൈവർമാർ ഗതാഗതക്കുരുക്കിൽ പെട്ടിട്ടുണ്ട്. ആംബുലൻസുകൾ, മറ്റ് അടിയന്തര സേവനങ്ങൾ, ടൂറിസ്റ്റ് വാഹനങ്ങൾ എന്നിവയും ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുകയാണ്.