
ചെന്നൈ: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സർപ്രൈസ് ഫലം വരുമെന്ന് കോൺഗ്രസ് എംപി മല്ലു രവി. ജയിക്കാനാവശ്യമായ വോട്ട് ജസ്റ്റിസ് സുദർശൻ റെഡ്ഡിക്ക് കിട്ടുമെന്നും എൻഡിഎ എംപിമാരുടെയും പിന്തുണ തേടിയിട്ടുണ്ടെന്നും മല്ലു രവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ സുദർശൻ റെഡ്ഡിയുടെ പ്രചാരണ ചുമതലയുള്ള നേതാവാണ് മല്ലു രവി.
കണക്കിൽ മുന്നിൽ എൻഡിഎ ആയേക്കാം, എന്നാൽ കണക്കുകൂട്ടൽ തെറ്റിക്കാൻ സുദർശൻ റെഡ്ഡിക്ക് കഴിയുമെന്നാണ് മല്ലു രവി പറയുന്നത്. വിപ്പ് ബാധകമല്ലാത്ത ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ, ഭരണമുന്നണിയിലെ അതൃപ്തി പുറത്തുവരുമെന്നും തെലങ്കാന എംപിയായ മല്ലു രവി കൂട്ടിച്ചേര്‍ക്കുന്നു. വോട്ടുമോഷണ ആരോപണത്തിന് പിന്നാലെ പ്രതിപക്ഷ നിരയിലെ ഐക്യം ശുഭസൂചനയാണ്. കേരളത്തിൽ നിന്നുള്ള എല്ലാ വോട്ടും പിഴവില്ലാതെ പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് കിട്ടുമെന്ന് ഉറപ്പുണ്ടെന്നും മല്ലു രവി പറയുന്നു.