'അയാളുടെ പിന്നിൽ നിൽക്കുന്നത് ആരൊക്കെയെന്ന് നോക്കൂ" ലൈവായി പാകിസ്ഥാനെ തുറന്നുകാട്ടി ഇന്ത്യൻ ഹൈകമ്മീഷണര്‍

Published : May 09, 2025, 11:16 AM IST
 'അയാളുടെ പിന്നിൽ നിൽക്കുന്നത് ആരൊക്കെയെന്ന് നോക്കൂ" ലൈവായി പാകിസ്ഥാനെ തുറന്നുകാട്ടി ഇന്ത്യൻ ഹൈകമ്മീഷണര്‍

Synopsis

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ കൊലപ്പെടുത്തിയ ഭീകരരുടെ ശവസംസ്കാര ചടങ്ങിൽ പാക് സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു

ദില്ലി: സ്വന്തം മണ്ണിലും ഇന്ത്യൻ അതിർത്തികളിലും ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിൽ പാകിസ്ഥാന്റെ പങ്കാളിത്തത്തിന് നിഷേധിക്കാനാവാത്ത തെളിവുകളുണ്ടെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, സ്കൈ ന്യൂസിനോട് സംസാരിക്കവെ ആയിരുന്നു ദൊരൈസ്വാമിയുടെ വിശദീകരണം. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ കൊലപ്പെടുത്തിയ ഭീകരരുടെ ശവസംസ്കാര ചടങ്ങിൽ പാക് സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. 

യുഎസ് ഉപരോധം ഏർപ്പെടുത്തിയ ഭീകരനും ജെയ്‌ഷെ-മുഹമ്മദ് മേധാവി മസൂദ് അസ്ഹറിന്റെ സഹോദരനുമായ ഹാഫിസ് അബ്ദുർ റൗഫിനൊപ്പം പാക് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർ നിൽക്കുന്ന പോസ്റ്റർ വലുപ്പത്തിലുള്ള ചിത്രം ദൊരൈസ്വാമി എടുത്തുകാണിച്ചു. ചിത്രത്തിൽ റൗഫിന്റെ പിന്നിൽ യൂണിഫോം ധരിച്ച പാക് സൈനിക ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. ഭീകരരുടെ ശവപ്പെട്ടികളിൽ പാകിസ്ഥാന്റെ പതാകകളും പുതപ്പിച്ചിരിക്കുന്നു എന്ന് അദ്ദേഹം ചര്‍ച്ചയിൽ എടുത്തുപറഞ്ഞു.

"ഇന്നലത്തെ ഒരു ഫോട്ടോഗ്രാഫ് ഞാൻ നിങ്ങളെ കാണിക്കാം," ചിത്രം ഉയർത്തിക്കാണിച്ചുകൊണ്ട് ഹൈക്കമ്മീഷണർ പറഞ്ഞു. "ഇത് നിങ്ങളുടെ പ്രേക്ഷകർക്ക് വേണ്ടിയാണ്. ഇത് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ ഒരു ഭീകരനാണ്. ഇയാളുടെ പേര് ഹാഫിസ് അബ്ദുർ റൗഫ്. പരാമർശിക്കുന്ന ഭീകര സംഘടനയുടെ സ്ഥാപകന്റെ സഹോദരനാണ് ഇയാൾ. ഇയാളുടെ പിന്നിൽ ആരാണെന്ന് നോക്കൂ. പാകിസ്ഥാൻ സൈന്യം. അവിടെയുള്ള മൃതദേഹങ്ങൾ നോക്കൂ. അവയിൽ പാകിസ്ഥാന്റെ ദേശീയപതാകയുണ്ട്. അവര്‍ ഭീകരർക്ക് ഔദ്യോഗിക ബഹുമതികളോടെയുള്ള ശവസംസ്കാരം നൽകുന്നു, ഈ വ്യവസ്ഥ കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?"   

ഈ ചിത്രം, പതിറ്റാണ്ടുകളായി ഇന്ത്യയുടെ വ്യക്തമായ ആരോപണത്തിന്റെ ദൃശ്യമായ തെളിവാണ്. പാകിസ്ഥാനും, അവരുടെ സൈനിക സംവിധാനവും ഭീകരരെ സംരക്ഷിക്കുക മാത്രമല്ല, ഔദ്യോഗികമായി പിന്തുണയ്ക്കുക കൂടി ചെയ്യുന്നു എന്നതാണ് ഇന്ത്യയുടെ ആരോപണം. പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങളെ തുടർന്നായിരുന്നു ഈ ചര്‍ച്ച നടന്നത്. 

പാകിസ്ഥാന്റെ അന്താരാഷ്ട്ര അന്വേഷണത്തിനുള്ള ആഹ്വാനങ്ങൾ വിശ്വസനീയമല്ലെന്നുംമുൻകാല സംഭവങ്ങൾ പരാമർശിച്ച്  ഹൈക്കമ്മീഷണർ വിശദീകരിച്ചു. 2016-ലെ പത്താൻകോട്ട് ആക്രമണം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. അന്ന് ഇന്ത്യ പാകിസ്ഥാനി അന്വേഷണ സംഘത്തിന് ഇന്ത്യൻ വ്യോമസേനാ താവളം സന്ദർശിക്കാൻ അനുമതി നൽകി. എന്നാൽ ഈ സഹകരണം പാകിസ്ഥാൻ തിരികെ നൽകിയില്ല. ഹൈക്കമ്മീഷണർ പറഞ്ഞു. 2008-ലെ മുംബൈ ഭീകരാക്രമണങ്ങളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. അന്ന്  പാകിസ്ഥാൻ അധികാരികൾക്ക് വിശദമായ തെളിവുകൾ കൈമാറിയെങ്കിലും അവർ അത് അവഗണിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്തുവെന്നും ഹൈക്കമ്മീഷണർ ദൊരൈസ്വാമി വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം
സുപ്രധാനം, ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ എടുക്കുന്നതിലും ആവശ്യപ്പെടുന്നതിലും വിലക്ക് വരുന്നു, പകരം പുതിയ സംവിധാനം