'മതസ്വാതന്ത്ര്യവും മനുഷ്യാവകാശവും ലംഘിക്കപ്പെടുന്നു'; ഇന്ത്യയെ കുറ്റപ്പെടുത്തി വീണ്ടും യുഎസ് റിപ്പോര്‍ട്ട്

Published : Mar 31, 2021, 12:40 PM ISTUpdated : Mar 31, 2021, 12:47 PM IST
'മതസ്വാതന്ത്ര്യവും മനുഷ്യാവകാശവും ലംഘിക്കപ്പെടുന്നു'; ഇന്ത്യയെ കുറ്റപ്പെടുത്തി വീണ്ടും യുഎസ് റിപ്പോര്‍ട്ട്

Synopsis

ജുഡീഷ്യറിക്ക് പുറത്തുള്ള പൊലീസിന്റെ ഏറ്റുമുട്ടല്‍ കൊലകള്‍, പീഡനം, ജയില്‍ അധികൃതരുടെ ക്രൂരമായ പീഡനം, നിയമവിരുദ്ധമായ അറസ്റ്റ്, അന്യായ തടവ്,  ജയിലിലെ ഭീഷണി എന്നിവയാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയ പ്രധാന മനുഷ്യാവകാശ ലംഘനങ്ങള്‍.  

ദില്ലി: ഇന്ത്യയില്‍ മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നതായി യുഎസ് സ്റ്റേറ്റ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമപ്രവര്‍ത്തനത്തിനും നിയന്ത്രണമുണ്ടെന്നും അഴിമതിയും അസഹിഷ്ണുതയും വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നിയമവിധേയമല്ലാത്ത കൊലപാതകങ്ങളും രാജ്യത്ത് നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. യുഎസ് കോണ്‍ഗ്രസിന്റെ മനുഷ്യാവാകാശ 2020 റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 

ജമ്മുകശ്മീരിലെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ട് വരുന്നു. ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റ് പുനസ്ഥാപിച്ച് തുടങ്ങി. ആക്ടിവിസ്റ്റുകളെ തടവില്‍ നിന്ന് മോചിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ജുഡീഷ്യറിക്ക് പുറത്തുള്ള പൊലീസിന്റെ ഏറ്റുമുട്ടല്‍ കൊലകള്‍, പീഡനം, ജയില്‍ അധികൃതരുടെ ക്രൂരമായ പീഡനം, നിയമവിരുദ്ധമായ അറസ്റ്റ്, അന്യായ തടവ്, ജയിലിലെ ഭീഷണി എന്നിവയാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയ പ്രധാന മനുഷ്യാവകാശ ലംഘനങ്ങള്‍. ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും കടുത്ത നിയന്ത്രണമുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഭീഷണി, അതിക്രമം, നിയമവിരുദ്ധ അറസ്റ്റ് എന്നിവ നടക്കുന്നു. സമൂഹ്യമാധ്യമങ്ങളിലെ ഇടപെടലിനും നിയന്ത്രണമേര്‍പ്പെടുത്തുന്നു. രാഷ്ട്രീയ നിലപാട് വ്യക്തിമാക്കിയതിന് ചില വ്യക്തികളെ അറസ്റ്റ് ചെയ്യുന്ന അവസ്ഥയുണ്ടായി. ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചതിന് അഡ്വ. പ്രശാന്ത് ഭൂഷണെതിരെ നടപടിയെടുത്തത് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചു. 

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനെതിരെയുള്ള നിയമനടപടിയും റിപ്പോര്‍ട്ട് ഉദ്ധരിച്ചു. രാജ്യത്ത് മതസ്വാതന്ത്ര്യത്തിന് നേരെയും ആക്രമണം നടക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കുനേരെ അക്രമവും വിവേചനവും നടക്കുന്നു. നിര്‍ബന്ധിത ബാലവേലയും ബോണ്ട് തൊഴില്‍ സംവിധാനവും നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. നേരത്തെയും ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടെന്ന് യുഎസ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, യുഎസ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അന്ന് ഇന്ത്യ തള്ളി.
 

PREV
click me!

Recommended Stories

എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി
ഇന്ത്യൻ പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ, സോണിയ ഗാന്ധിക്ക് കോടതി നോട്ടീസ്, മറുപടി നൽകണം