
ദില്ലി: ചെന്നൈയിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാം നീക്കം ചെയ്തത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുന്നു. രാഹുൽ ഗാന്ധിയും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‍യും ഒന്നിച്ചുള്ള വൈറൽ റീൽസും ഫോട്ടോകളും കേന്ദ്ര ഐടി മന്ത്രാലയത്തിന്‍റെ ഇടപെടലിനെത്തുടർന്നാണ് ബ്ലോക്ക് ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ, ഈ നീക്കത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും ഇൻസ്റ്റാഗ്രാമിന്‍റെ ആഭ്യന്തര സംവിധാനത്തിലുണ്ടായ സാങ്കേതിക പിഴവാണിതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഞായറാഴ്ച ചെന്നൈയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത രാഹുൽ ഗാന്ധി, വിജയിക്കൊപ്പമുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വെറും ഒരു മണിക്കൂറിനുള്ളിൽ 12 ദശലക്ഷം കാഴ്ചക്കാരെ നേടിയ വീഡിയോയും 46 ദശലക്ഷം ആളുകളിലേക്ക് എത്തിയ ചിത്രങ്ങളുമാണ് അപ്രത്യക്ഷമായതെന്ന് കോൺഗ്രസ് നേതാവ് ശ്രീവത്സ ആരോപിച്ചു.
പ്രതിപക്ഷ നേതാവിന്‍റെ ശബ്‍ദം അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, പ്ലാറ്റ്‌ഫോമിന്റെ ഓട്ടോമേറ്റഡ് സംവിധാനം പോസ്റ്റുകൾ തെറ്റായി ഫ്ലാഗ് ചെയ്തതാണെന്നും നിലവിൽ ഇവ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. വിവാദങ്ങൾ പുകയുമ്പോഴും തമിഴ് രാഷ്ട്രീയത്തിലെ പുതിയ കൂട്ടുകെട്ടിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും തരംഗമാവുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam