വിശാഖപട്ടണം വിഷവാതക ദുരന്തത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

By Web TeamFirst Published May 7, 2020, 4:10 PM IST
Highlights

ആന്ധ്രാപ്രദേശ് ചീഫ്സെക്രട്ടറിക്ക് അയച്ച നോട്ടീസില്‍  അപകടത്തെക്കുറിച്ചും സര്‍ക്കാര്‍ സ്വീകരിച്ച രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായ മറുപടി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഹൈദരാബാദ്: വിശാഖപട്ടണത്തെ എൽജി പോളിമർ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്  കമ്പനിയിലുണ്ടായ വിഷവാതകചോര്‍ച്ച ദുരന്തത്തില്‍  ദേശീയ മനുഷ്യാവകാശ കമീഷൻ സ്വമേധയാല്‍ കേസ് എടുത്തു. ആന്ധ്ര പ്രദേശ് സർക്കാരിനും കേന്ദ്ര സർക്കാരിനും നോട്ടിസ് നല്‍കിയ കമ്മീഷന്‍ നാല് ആഴ്ചകള്‍ക്ക് ഉള്ളില്‍ മറുപടി നൽകാനും നിര്‍ദ്ദേശം നല്‍കി. ആന്ധ്രാപ്രദേശ് ചീഫ്സെക്രട്ടറിക്ക് അയച്ച നോട്ടീസില്‍  അപകടത്തെക്കുറിച്ചും സര്‍ക്കാര്‍ സ്വീകരിച്ച രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായ മറുപടി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് വൈറസിന്‍റെ ലോക്ഡൗണിന്‍റെയും പശ്ചാത്തലത്തില്‍ നിരവധിപ്പോരായിരുന്നു ഈ പ്രദേശത്ത് വീടുകളിലുണ്ടായിരുന്നത്. അപകടം നടന്നത് പുലര്‍ച്ചെയായിരുന്നതിനാല്‍ പലരും ഉറക്കത്തിലായിരുന്നു. 

വിഷവാതകച്ചോര്‍ച്ചയില്‍ 11 മരണം, 316 പേര്‍ ആശുപത്രിയില്‍, വിദഗ്‌ദ്ധസംഘത്തെ അയക്കുമെന്ന് കേന്ദ്രം

ആന്ധ്രപ്രദേശിൽ വിശാഖപട്ടണത്തുണ്ടായ വിഷവാതക ചോർച്ചയില്‍ മരിച്ചവരുടെ എണ്ണം ഉയരുകയാണ്. വിഷവാതകം ശ്വസിച്ച് മുന്നൂറ്റി പതിനാറ് പേരെയാണ് ഇതുവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍  80 പേരുടെ നില ഗുരുതരമായി തുടരുകയാണ്. വിശാഖപട്ടണം വെങ്കട്ടപ്പുരത്തെ എൽജി പോളിമർ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് വിഷവാതകമായ സ്റ്റെറീൻ ചോർച്ച ഉണ്ടായത്. ലോക്ഡൗണിനെത്തുടര്‍ന്ന് അടഞ്ഞുകിടക്കുകയായിരുന്നു ഈ ഫാക്ടറി. വാതക ചോർച്ച പൂർണമായും നിയന്ത്രിച്ചെന്ന് എൽജി കമ്പനി അറിയിച്ചിട്ടുണ്ട്. അതേ സമയം വിശാഖപട്ടണത്തെക്ക് വിദഗ്ധ സംഘത്തെ അയക്കാൻ കേന്ദ്രം തീരുമാനിച്ചു. 

 

click me!