Asianet News MalayalamAsianet News Malayalam

വിഷവാതകച്ചോര്‍ച്ചയില്‍ 11 മരണം, 316 പേര്‍ ആശുപത്രിയില്‍, വിദഗ്‌ദ്ധസംഘത്തെ അയക്കുമെന്ന് കേന്ദ്രം

വിശാഖപട്ടണം വെങ്കട്ടപ്പുരത്തെ എൽജി പോളിമർ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് വിഷവാതകമായ  സ്റ്റെറീൻ ചോർച്ച ഉണ്ടായത്. ലോക്ഡൗണിനെത്തുടര്‍ന്ന് അടഞ്ഞുകിടക്കുകയായിരുന്നു ഈ ഫാക്ടറി.

vizag lg polymers gas leak
Author
Andhra Pradesh, First Published May 7, 2020, 2:49 PM IST

ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ വിശാഖപട്ടണത്തുണ്ടായ വിഷവാതക ചോർച്ചയില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി ഉയര്‍ന്നു. ഇന്ന് പുലര്‍ച്ചെയുണ്ടായ വാതകച്ചോര്‍ച്ചയെത്തുടര്‍ന്ന് വിഷവാതകം ശ്വസിച്ച് മുന്നൂറ്റി പതിനാറ് പേരെയാണ് ഇതുവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍  80 പേരുടെ നില ഗുരുതരമായി തുടരുകയാണ്. വിശാഖപട്ടണം വെങ്കട്ടപ്പുരത്തെ എൽജി പോളിമർ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് വിഷവാതകമായ സ്റ്റെറീൻ ചോർച്ച ഉണ്ടായത്. ലോക്ഡൗണിനെത്തുടര്‍ന്ന് അടഞ്ഞുകിടക്കുകയായിരുന്നു ഈ ഫാക്ടറി. വാതക ചോർച്ച പൂർണമായും നിയന്ത്രിച്ചെന്ന് എൽജി കമ്പനി അറിയിച്ചിട്ടുണ്ട്. അതേ സമയം വിശാഖപട്ടണത്തെക്ക് വിദഗ്ധ സംഘത്തെ അയക്കാൻ കേന്ദ്രം തീരുമാനിച്ചു. ദുരിതാശ്വസ രക്ഷാ പ്രവർത്തനത്തിന് അടിയന്തിര നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പികെ മിശ്ര അറിയിച്ചു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ച യോഗത്തിൽ എന്‍ഡിഎംഎ,എന്‍ഡിആര്‍എഫ് എയിംസ് ഡയറക്ടർ എന്നിവർ പങ്കെടുത്തു. 

എത്ര മാരകമാണ്‌ വിശാഖപട്ടണത്ത് ചോർന്ന സ്റ്റൈറീൻ എന്ന വിഷവാതകം

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. പ്ലാസ്റ്റിക് ഉത്പനങ്ങൾ നിർമിക്കുന്ന കമ്പനിയിൽ നിന്നാണ് വാതകം ചോർന്നത്. അപകടസമയത്ത് ഇവിടെ 50 ജീവനക്കാരുണ്ടായിരുന്നു. ലോക്ക്ഡൗൺ ആയതിനാൽ നാൽപ്പത് ദിവസമായി കമ്പനി അടഞ്ഞുകിടക്കുകയാണ്. ഇന്ന് തുറന്ന് പ്രവർത്തിക്കാനിരിക്കവയാണ് ദുരന്തമുണ്ടായത്. ഇവിടെ കെട്ടിക്കിടന്ന അയ്യായിരം ടണ്ണോളം അസംസ്കൃത വസ്തുക്കൾക്ക് രാസപ്രവർത്തനം സംഭവിച്ചാണ് വാതകച്ചോർച്ച ഉണ്ടായതെന്നാണ് നിഗമനം. സമീപഗ്രാമങ്ങളിൽ നാല് കിലോമീറ്റർ പരിധിയിൽ സ്റ്റെറീൻ  പരന്നു. പലരും ഉറക്കത്തിലായിരുന്നു. ചിലര്‍ ബോധരഹിതരായായി തെരുവുകളിൽ വീണു. പലർക്കും തൊലിപ്പുറത്ത് പൊളളലേറ്റു. ശ്വസിക്കാൻ  ബുദ്ധിമുട്ടുണ്ടായി. പുക നിറഞ്ഞതിനാൽ രക്ഷാപ്രവർത്തകർക്കും ജനങ്ങളെ ഒഴുപ്പിക്കാനായി വീടുകളിലേക്ക് കയറാനായില്ല.

വാതകച്ചോർച്ച നിയന്ത്രണവിധേയമാക്കിയ ശേഷമാണ് ദേശീയ ദുരന്തനിവാരണസേന വീടുകളിൽ നിന്ന് ആളുകളെ മാറ്റിയത്. മുന്നൂറോളം പേരാണ് നിലവിൽ ചികിത്സയിലുളളത്. ഇരുപതോളം ഗ്രാമങ്ങൾ ഇതിനോടകം ഒഴിപ്പിച്ചു. വാതകച്ചോർച്ച നിയന്ത്രണവിധേയമെന്ന് ആന്ധ്ര ഡിജിപി അറിയിച്ചു. മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി വിശാഖപട്ടണത്തെത്തി സ്ഥിതി വിലയിരുത്തി. മരിച്ചവര്‍ക്ക് ഒരു കോടി സഹായധനം പ്രഖ്യാപിച്ചു. 

ഭോപ്പാൽ ​ദുരന്തത്തെ ഓർമ്മിപ്പിച്ച് വിശാഖപട്ടണം വാതകച്ചോർച്ച; വിറങ്ങലിച്ച് വെങ്കട്ടപുരം

Follow Us:
Download App:
  • android
  • ios