
ബെംഗളൂരു: ഇന്ത്യയെക്കുറിച്ച് മോശമായി സംസാരിക്കുന്നവര്‍ക്കും പാക് അനുകൂല മുദ്രാവാക്യം മുഴക്കുന്നവര്‍ക്കും എതിരെ ഷൂട്ട് അറ്റ് സൈറ്റ് നിയമം ആവശ്യമാണെന്ന് കർണാടക കൃഷി മന്ത്രി ബി സി പാട്ടീൽ. കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നടന്ന പൗരത്വ നിയമ ഭേദഗതി വിരുദ്ധ റാലിയിൽ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ യുവതിയെ അറസ്റ്റ് ചെയ്ത് രാജ്യദ്രോഹക്കുറ്റം ചുമത്തിയ ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“എന്റെ അഭിപ്രായത്തിൽ ഇന്ത്യയിൽ ഒരു നിയമം കൊണ്ടുവരേണ്ടതുണ്ട് - ഇന്ത്യയെക്കുറിച്ച് മോശമായി സംസാരിക്കുന്നവർക്കോ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തുന്നവർക്കോ വേണ്ടി ഷൂട്ട് അറ്റ് സൈറ്റ് നിയമം ഇന്ത്യയിൽ കൊണ്ടുവരണം. ഇത് വളരെ ആവശ്യമാണ്, ”പാട്ടീലിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. രാജ്യദ്രോഹികളെ നേരിടാൻ കർശനമായ നിയമം കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിക്കുമെന്നും പാട്ടീൽ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ഭക്ഷണവും വെള്ളവും വായുവുമാണ് അവർ ആസ്വദിക്കുന്നത്. ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം മുഴക്കാൻ വേണ്ടിയാണെങ്കിൽ അവർ എന്തിനാണ് ഇവിടെ ജീവിക്കുന്നത്? ചൈനയിൽ ആളുകൾ തങ്ങളുടെ രാജ്യത്തിനെതിരെ സംസാരിക്കാൻ ഭയപ്പെടുന്നു. ഇത്തരം രാജ്യദ്രോഹികളെ നേരിടാൻ കർശനമായ നിയമം കൊണ്ടുവരണമെന്ന് ഞാൻ പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥിക്കുന്നു, ”പാട്ടീൽ പറഞ്ഞു.
സിഎഎ വിരുദ്ധ പ്രക്ഷോഭകർ രാജ്യദ്രോഹികളാണെന്ന് പല ബിജെപി നേതാക്കളും ആരോപിച്ചിരുന്നു. അടുത്തിടെ നടന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെ പ്രതിഷേധക്കാരെ വെടിവച്ച് കൊല്ലാൻ ആഹ്വാനം നടത്തിയതിനെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ട് മാസമായി രാജ്യത്തുടനീളം നിരവധി പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുന്ന ഒരാൾക്ക് സർക്കാർ ജോലിയിൽ നിന്നും വിലക്ക് ലഭിക്കും. .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam