
ദില്ലി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22ന് കുഞ്ഞിന് ജന്മം നൽകാൻ നിരവധി അമ്മമാര്‍ ആഗ്രഹിക്കുന്നതായി ഡോക്ടറുടെ വെളിപ്പെടുത്തൽ. അന്ന് പ്രസവം നിശ്ചയിക്കാൻ കുടുംബങ്ങൾ സമ്മര്‍ദ്ദം ചെലുത്തുന്നതായും ഡോക്ടര്‍മാര്‍ പറയുന്നു. ഉത്തർപ്രദേശിലെ കാൺപൂരിൽ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരോടാണ് അമ്മമാര്‍ അഭ്യര്‍ത്ഥന നടത്തുന്നത്.
പ്രതിഷ്ഠാ ദിനത്തിൽ തങ്ങൾക്ക് കുട്ടികൾ ജനിക്കണമെന്ന് നിരവധി കുടുംബങ്ങൾ നിർബന്ധിക്കുന്നതായി വകുപ്പ് മേധാവി ഡോ സീമ ദ്വിവേദി വെളിപ്പെടുത്തി. പതിനഞ്ചോളം പേര്‍ ഇപ്പോൾ തന്നെ അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. സാധാരണഗതിയിൽ സാധാരണ പ്രസവങ്ങൾ ചെയ്തുനൽകാമെന്ന് ഉറപ്പ് നൽകാൻ കഴിയില്ല. എന്നാൽ ചില കേസുകളിൽ സമയ പരിധിയിൽ ദിവസം ക്രമീകരിക്കാൻ സാധിക്കും. ശസ്ത്രക്രിയ ആവശ്യമുള്ളവരോട് അത് വിശദീരിച്ചിട്ടുണ്ട്. അഭ്യര്‍ത്ഥനകൾ ഉൾക്കൊള്ളുന്നതിനായി ജനുവരി 22 ന് ഏകദേശം 30 ഓപ്പറേഷനുകൾ നടത്താൻ ആശുപത്രി ക്രമീകരിച്ചിട്ടുണ്ടെന്നും ഡോ ദ്വിവേദി പറഞ്ഞു. ഒരു ദിവസം 14 മുതൽ 15 വരെ ഓപ്പറേഷനുകളാണ് ആശുപത്രിയിൽ നടത്തിയിരുന്നത്.
പ്രത്യേക ദിവസത്തിൽ കുഞ്ഞിന് ജന്മം നൽകുക എന്ന ആഗ്രഹം കുടുംബാംഗങ്ങൾ വെളിപ്പെടുത്തിയതായും ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. "ഞങ്ങളുടെ കുഞ്ഞിന്റെ ജനനം രാമക്ഷേത്രത്തിന്റെ വരവിനൊപ്പം ആകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. വര്‍ഷങ്ങളായി രാമക്ഷേത്രത്തിനായി കാത്തിരിക്കുന്നു, ഞങ്ങളുടെ കുട്ടി ലോകത്തേക്ക് പ്രവേശിക്കുന്നത് ആ ഭാഗ്യ നിമിഷമായിരിക്കുമെന്നും ആയിരുന്നു ഗര്‍ഭിണിയുടെ കുടുംബത്തിന്റെ പ്രതികരണം.
ഒരു കുഞ്ഞ് നല്ല സമയത്ത് ജനിച്ചാൽ അത് കുഞ്ഞിന്റെ വ്യക്തിത്വത്തിൽ നല്ല സ്വാധീനം ചെലുത്തുമെന്ന് ആളുകൾ വിശ്വസിക്കുന്നതാണ്, ഇത്തരം ആവശ്യങ്ങളുമായി കുടുംബങ്ങൾ എത്താൻ കാരണമെന്ന് സൈക്കോളജിസ്റ്റ് ദിവ്യ ഗുപ്ത പ്രതികരിച്ചു. അതേസമയം, ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാംലല്ലയുടെ പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. രാം ലല്ലയുടെ പ്രാൺ-പ്രതിഷ്ഠാ ചടങ്ങുകൾക്കുള്ള വൈദിക ചടങ്ങുകൾ, പ്രധാന ചടങ്ങിന് ഒരാഴ്ച മുമ്പ് ജനുവരി 16 ന് ആരംഭിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam