നമുക്ക് മുന്നിലുള്ളത് സെക്കൻഡുകൾ മാത്രം, യാത്രക്കാരോട് അലറി ബസ് ഡ്രൈവർ; 45 പേരുടെ അത്ഭുത രക്ഷപെടൽ, ബസ് അഗ്നിക്കിരയായി

Published : Nov 25, 2025, 05:31 PM IST
Gwalior bus fire escape

Synopsis

ഗുരുഗ്രാമിൽ നിന്ന് മധ്യപ്രദേശിലെ പന്നയിലേക്ക് 45 യാത്രക്കാരുമായി പോവുകയായിരുന്ന ഒരു സ്വകാര്യ വീഡിയോ കോച്ച് ബസ് ഗ്വാളിയോറിലെ മുംബൈ ഹൈവേയിൽ വെച്ച് തിങ്കളാഴ്ച അർദ്ധരാത്രിയോടെ പൂർണ്ണമായി കത്തി നശിച്ചു.

ഗ്വാളിയോർ: ഗ്വാളിയോറിൽ ഓടിക്കൊണ്ടിരുന്ന ബസ് കത്തി നശിച്ചു. ഗുരുഗ്രാമിൽ നിന്ന് മധ്യപ്രദേശിലെ പന്നയിലേക്ക് 45 യാത്രക്കാരുമായി സഞ്ചരിച്ച ബസ് തിങ്കളാഴ്ച രാത്രി വൈകി ഗ്വാളിയോറിലെ മുംബൈ ഹൈവേയിൽ വെച്ച് അഗ്നിക്കിരയാവുകയായിരുന്നു. യാത്രക്കാരുടെയും ഡ്രൈവറുടെയും സമയോചിത ഇടപെടൽ മൂലം വലിയ ദുരന്തം ഒഴിവാക്കാനായി. യുപി93 സിടി-6747 എന്ന രജിസ്ട്രേഷനിലുള്ള വീഡിയോ കോച്ച് ബസ് മിനിറ്റുകൾക്കുള്ളിൽ കത്തിയമർന്ന് ചാരമായി മാറി. തിങ്കളാഴ്ച അർദ്ധരാത്രിയോടെ മൊറേന ജില്ലാ അതിർത്തി കടന്ന് ഗ്വാളിയോറിലേക്ക് പ്രവേശിക്കുമ്പോഴാണ് സംഭവം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ രാത്രി യാത്രയ്ക്കായി ഉറക്കത്തിലേക്ക് വഴുതി വീണിരുന്ന സമയമായിരുന്നു ഇതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ബസ് ഇരുട്ട് നിറഞ്ഞ കന്‍റോൺമെന്‍റ് പാതയിലൂടെ പോകുമ്പോൾ, പിന്നിലെ ടയറിൽ നിന്നോ അല്ലെങ്കിൽ ഒരു ഇലക്ട്രിക്കൽ വയറിൽ നിന്നോ തീപ്പൊരി പറക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു യാത്രക്കാരനാണ് ആദ്യം സംഭവം കണ്ടത്. വൻ ദുരന്തം മുന്നിൽ കാണുമ്പോഴും പരിചയസമ്പന്നനായ ഡ്രൈവർ അനിൽ ശർമ്മ അവിശ്വസനീയമായ ശാന്തതയോടെയാണ് പ്രതികരിച്ചത്. ഒരു പെട്രോൾ പമ്പിന് 200 മീറ്റർ മാത്രം അകലെ വെച്ച് അദ്ദേഹം ബസ് റോഡരികിലേക്ക് തിരിച്ചുനിർത്തി ബ്രേക്ക് ചവിട്ടി. തീ പടർന്നിരുന്നെങ്കിൽ വലിയ ദുരന്തമാകുമായിരുന്നു ഇത്.

'ഞങ്ങൾക്ക് കുറച്ച് നിമിഷങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ' എന്ന് അനിൽ ശർമ്മ സംഭവസ്ഥലത്ത് വെച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പിൻവാതിലിലൂടെ ആദ്യം എല്ലാവരും പുറത്തിറങ്ങാൻ ഞാൻ അലറിവിളിച്ചു. യാത്രക്കാർ ബഹളത്തിനിടയിലും തങ്ങളുടെ കൈവശമുണ്ടായിരുന്ന കൈബാഗുകൾ, ഷാളുകൾ, ചില സ്യൂട്ട്കേസുകൾ എന്നിവ എടുത്ത് തണുപ്പുള്ള ആ രാത്രിയിൽ പുറത്തേക്ക് ചാടി. കുട്ടികൾ നിലവിളിച്ചെങ്കിലും മാതാപിതാക്കൾ അവരെ സംരക്ഷിച്ചു. രണ്ട് മിനിറ്റിനുള്ളിൽ എല്ലാവരെയും പുറത്തെത്തിക്കാൻ സാധിച്ചു. യാത്രക്കാർ ഇറങ്ങിയതിന് ശേഷം തീ വളരെ വേഗം പടർന്നുപിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വാഹനത്തിന്‍റെ ഇലക്ട്രിക്കൽ സംവിധാനത്തിൽ നിന്നോ വയറിംഗിലെ ഷോർട്ട് സർക്യൂട്ട് മൂലമോ ആകാം തീ പടർന്നതെന്നാണ് നിഗമനം. സീറ്റുകൾ ഉരുകി മാറുകയും ജനലുകൾ തകരുകയും ചെയ്തുകൊണ്ട് തീ കത്തുകയായിരുന്നു. 20 മിനിറ്റിനുള്ളിൽ പുകയും വളഞ്ഞ ലോഹാവശിഷ്ടങ്ങളും മാത്രമാണ് ബാക്കിയായത്. വസ്ത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉൾപ്പെടെ ആയിരക്കണക്കിന് രൂപയുടെ സാധനങ്ങളാണ് തീപിടുത്തത്തിൽ നഷ്ടപ്പെട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. 10 മിനിറ്റിനുള്ളിൽ പഴയ കന്‍റോൺമെന്‍റ് സ്റ്റേഷനിൽ നിന്ന് പ്രാദേശിക പൊലീസും ഫയർ എഞ്ചിനുകളും സംഭവസ്ഥലത്തെത്തി. എന്നാൽ തീ അതിവേഗം പടർന്നുപിടിച്ചതിനാൽ ഒരു മണിക്കൂറിലധികം പരിശ്രമിച്ചാണ് ഫയർഫോഴ്സ് തീ അണച്ചത്. തീ സമീപത്തെ ധാബകളിലേക്ക് പടരുന്നത് തടയാൻ അവർക്ക് സാധിച്ചു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു