
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരുപൂരിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പതിനൊന്ന് വയസുകാരിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. അതിക്രൂരമായ പീഡനത്തിനിരയായ പെൺകുട്ടിയുടെ മരണകാരണം തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണെന്നാണ് കണ്ടെത്തൽ. വെള്ളത്തിൽ വീണ ശേഷമാണ് കുട്ടി മരിച്ചതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ ബിജെപി പ്രവർത്തകനടക്കം കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിലായി.
പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് തലയ്ക്കേറ്റ പരിക്കിനെത്തുടർന്നുണ്ടായ അമിത രക്തസ്രാവവും മുങ്ങിമരണവുമാണ് പെൺകുട്ടിയുടെ മരണകാരണമെന്ന് വ്യക്തമാക്കുന്നത്. ചാക്കിൽ കെട്ടിയ നിലയിൽ കുളത്തിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. സ്വകാര്യ ഭാഗങ്ങളിൽ മാരകമായി പരിക്കേറ്റതായും ശരീരത്തിൻ്റെ വിവിധ ഭാഗങ്ങൾ കടിച്ചു കീറിയതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
നഖം കൊണ്ടുള്ള പാടുകളും ശരീരത്തിലുണ്ടന്ന് കണ്ടത്തിയതിനാൽ അതിക്രൂര പീഡനത്തിനാണ് പെൺകുട്ടി ഇരയായതെന്നാണ് നിഗമനം. പീഡനത്തിന് പിന്നാലെ പെൺകുട്ടിയുടെ തലയിൽ ആയുധം കൊണ്ട് അടിക്കുകയോ കഠിനമായ പ്രതലത്തിൽ തല ഇടിക്കുകയോ ചെയ്തതിൻ്റെ തെളിവുകളും പൊലീസിന് കിട്ടി. പെൺകുട്ടിയുടെ ശ്വാസകോശത്തിലും വയറ്റിലും വെള്ളം കണ്ടെത്തിയതിനാൽ കുളത്തിലേക്ക് എറിയുമ്പോൾ പെൺകുട്ടിക്ക് ജീവനുണ്ടായിരുന്നു എന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
ശനിയാഴ്ച്ചയാണ് കൂട്ടുകാരിക്ക് ജന്മദിന സമ്മാനം വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ കാണാതായത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. പെൺകുട്ടിക്ക് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുന്നതിനിടയാണ് ഞായറാഴ്ച രാവിലെ സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ പ്രദേശത്ത് നിന്ന് നാട്ടുകാർ പിടികൂടിയത്. ഇയാൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സൂര്യപുർ ഹാട്ട് പ്രദേശത്തെ ഒരു കുളത്തിനടുത്തുനിന്ന് ചാക്കിൽ കെട്ടിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം നാട്ടുകാർ കണ്ടെടുത്തു. പ്രകോപിതരായ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് പ്രതിയെ വളഞ്ഞ് മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാൾ പിന്നീട് മരിച്ചു.
കേസിൽ മുഖ്യപ്രതി അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. നാലുപേർ ചേർന്ന് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു കിട്ടി. സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമായി തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam