
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് രാജിവെച്ചു. മൂന്നരവര്‍ഷം ഗവര്‍ണര്‍ പദവിയിലിരുന്നശേഷമാണ് അപ്രതീക്ഷിത രാജി. രാജിക്കത്തിൽ കാരണം വ്യക്തമാക്കിയിട്ടില്ല. 2022 നവംബർ മുതൽ പശ്ചിമ ബംഗാൾ ഗവർണറായി സേവനമനുഷ്ഠിച്ചിരുന്ന സിവി ആനന്ദബോസ് കോട്ടയം മണ്ണാനം സ്വദേശിയാണ്. റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമാണ് ആനന്ദബോസ്. പശ്ചിമ ബംഗാള്‍ സര്‍ക്കാരുമായി നിരന്തരം പോരടിച്ചശേഷമാണിപ്പോള്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചുകൊണ്ടുള്ള കത്ത് സിവി ആനന്ദബോസ് നൽകുന്നത്.
ഗവർണ്ണർ പദവിയിൽ മതിയായ സമയം ചെലവഴിച്ചു കഴിഞ്ഞെന്ന് ആനന്ദബോസ് വാര്‍ത്താഏജന്‍സിയോട് പ്രതികരിച്ചു. നിലവിലെ തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എൻ രവിയെ പുതിയ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിക്കും.ആര്‍ എൻ രവി ബംഗാള്‍ ഗവര്‍ണര്‍ ആകുന്നതോടെ മണിപ്പൂർ ഗവർണർ എ കെ ഭല്ലയ്ക്ക് തമിഴ്നാടിന്‍റെ അധിക ചുമതല നൽകുമെന്നാണ് സൂചന. അതേസമയം, ഗവർണ്ണറെ സമ്മർദ്ദത്തിലാക്കി രാജിവെപ്പിച്ചതെന്നും രാജി ഞെട്ടിച്ചെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു.
ലഡാക്ക് ലഫ് ഗവർണ്ണർ കവീന്ദർ ഗുപ്തയും രാജിവെച്ചു. കൂടുതൽ ഗവർണ്ണർമാർ രാജിവെച്ചേക്കുമെന്നാണ് വിവരം. പുതിയ നിയമനങ്ങൾ നടന്നേക്കുമെന്ന സൂചനയാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നൽകുന്നത്. പുതിയ ഗവര്‍ണര്‍മാരുടെ പട്ടിക വൈകാതെ പുറത്തുവരും. രാജി കത്ത് നൽകിയശേഷം സിവി ആനന്ദ ബോസ് ദില്ലിയിലെ ബംഗാൾ ഭവനിൽ എത്തി. എന്നാൽ, വാര്‍ത്താ ഏജന്‍സിയോട് നേരത്തെ പ്രതികരിച്ചെങ്കിലും ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.
രാജിവയ്ക്കേണ്ടി വരുമെന്ന സൂചന കേന്ദ്രസർക്കാർ ആനന്ദബോസിന് നേരത്തെ നൽകിയിരുന്നുവെന്നാണ് വിവരം. ആനന്ദബോസിന്‍റെ പ്രവർത്തനത്തിൽ ബിജെപി കേന്ദ്രനേതൃത്വത്തിനും ബംഗാൾ ഘടകത്തിനും കടുത്ത അതൃപ്‌തിയുണ്ടെന്നാണ് വിവരം. എൻഎസ്എസിനെ വിമർശിച്ചതും ബിജെപി നേതാക്കളുടെ അനിഷ്‌ടത്തിനിടയാക്കിയതായി വിവരമുണ്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam