ദില്ലി ആര് ഭരിക്കും? പ്രതീക്ഷകളുമായി മൂന്ന് പാര്‍ട്ടികളും

By Web TeamFirst Published Feb 11, 2020, 7:02 AM IST
Highlights

ലോക്സഭയില്‍ പ്രാദേശിക താൽപര്യത്തിനപ്പുറത്തേക്ക് ദില്ലിയിലെ ജനങ്ങൾ വോട്ട് ചെയ്തതാണോ അതോ കെജ്രിവാളിന്‍റെ തകർച്ചയ്ക്ക് തുടക്കമോ എന്ന് ഇന്ന് അറിയാം. എന്തായാലും സൂചനകൾ കെജ്രിവാളിന് അനുകൂലം എന്ന് വേണം കരുതാൻ. 

ദില്ലി: ദില്ലിയിലെ  പ്രധാനമത്സരം എഎപിയും ബിജെപിയും തമ്മിലെന്നത് വ്യക്തമാണ്. ഫലം തങ്ങള്‍ക്കൊപ്പമെന്ന് മൂന്ന് പാർട്ടികൾക്കും അവകാശപ്പെടാൻ ഏറെ കാര്യങ്ങൾ മുൻ തെരഞ്ഞെടുപ്പുകൾ നൽകുന്നുണ്ട്. 2013ലാണ് ദില്ലി ത്രികോണ പോരാട്ടം തുടങ്ങിയത്. 2013 ലെ കന്നിയങ്കത്തിൽ കിരീടം ഉറപ്പിച്ചവരാണ് എഎപി.  അന്ന് ഭരണവിരുദ്ധ വികാരം ശക്തമായിരുന്ന ദില്ലി പുതിയ രാഷ്ട്രീയത്തിന് കൈ കൊടുത്തു. 70 സീറ്റിൽ 28 സീറ്റാണ് അന്ന് എഎപി നേടിയത്. 31 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും 8 സീറ്റുള്ള കോൺഗ്രസ് എഎപിക്ക് നിരുപാധികം പിന്തുണ നൽകി. 

അങ്ങനെ കെജ്രിവാൾ സർക്കാർ ഉണ്ടാക്കി. ഏറ്റവും ശ്രദ്ധേയമായ കാര്യം അന്ന് പാർട്ടികൾ തമ്മിൽ വോട്ടിൽ ഇന്നുള്ള അത്രയും അന്തരം ഉണ്ടായിരുന്നില്ല. ബിജെപി 31, എഎപി 28, കോൺഗ്രസ് 24 ശതമാനം വോട്ടുകൾ എന്നിങ്ങനെയാണ് അന്ന് നേടിയത്. ജൻലോക്പാൽ ബിൽ ഉൾപ്പെടെ നടപ്പിലാക്കാൻ കഴിയാഞ്ഞതും സർക്കാരിന്‍റെ പല നിർണായക തീരുമാനങ്ങളും കൈക്കൊള്ളാൻ ന്യൂനപക്ഷ സർക്കാരിന് കഴിയുന്നില്ലെന്ന് വ്യക്തമാക്കി കെജ്രിവാൾ രാജി വച്ച്  2015ൽ മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിട്ടു. 2015ൽ പക്ഷേ എല്ലാവരുടെയും കണക്ക് കൂട്ടലുകൾ തെറ്റിച്ച് കെജ്രിവാൾ അധികാരത്തിലെത്തിയത് മൃഗീയ ഭൂരിപക്ഷത്തിലാണ്. 

അന്ന് 70ൽ 67 സീറ്റുകളാണ് എഎപി നേടിയത്.  കോൺഗ്രസ് നാമാവശേഷമായപ്പോൾ മൂന്ന് സീറ്റുകളുമായി ബിജെപി തൃപ്തിപ്പെട്ടു. വോട്ട് ചോർന്നത് കോൺഗ്രസിൽ നിന്നെന്ന് വ്യക്തം. എഎപി 54 ശതമാനത്തിലേക്ക് വോട്ട് ഉയർത്തിയപ്പോൾ, കോൺഗ്രസ് 9 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ബിജെപി 32 ശതമാനം വോട്ട് ആ വലിയ തോൽവിക്കിടയിലും ഭദ്രമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ നാല് ശതമാനം വോട്ട് കുറവാണ് ഇത്തവണ എന്നത് ശ്രദ്ധേയം. അതോടൊപ്പം ഷഹീൻ ബാഗ് ഉൾപ്പെടെ ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ മണ്ഡലങ്ങളിൽ റെക്കോർഡ് പോളിംഗാണ് നടന്നത്. ഇത്തരം സൂചനകൾ എഎപിക്ക് ആത്മവിശ്വാസം നൽകുന്നു എന്ന് വേണം കരുതാൻ. 

ഏറ്റവുമൊടുവിൽ നടന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ ദില്ലിയിലെ  ഏഴ് സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു. ഇതാണ് ഇത്തവണത്തെ ബിജെപിയുടെ ആത്മവിശ്വാസവും. 56 ശതമാനം വോട്ട് ഷെയറാണ് ബിജെപിക്ക്  തൊട്ടുമുൻപ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലുള്ളത്. 18 ശതമാനം വോട്ട് മാത്രമാണ് എഎപിക്കുള്ളതും. അതേസമയം ലോക്സഭയിൽ കോൺഗ്രസിന് എഎപിയേക്കാൾ വോട്ടുണ്ട് എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. 22 ശതമാനം. ലോക്സഭയില്‍ പ്രാദേശിക താൽപര്യത്തിനപ്പുറത്തേക്ക് ദില്ലിയിലെ ജനങ്ങൾ വോട്ട് ചെയ്തതാണോ അതോ കെജ്രിവാളിന്‍റെ തകർച്ചയ്ക്ക് തുടക്കമോ എന്ന് ഇന്ന് അറിയാം. എന്തായാലും സൂചനകൾ കെജ്രിവാളിന് അനുകൂലം എന്ന് വേണം കരുതാൻ. 

click me!