
കൊച്ചി: കൊവിഡ് (Covid) വാക്സീൻ സർട്ടിഫിക്കറ്റിൽ (Vaccine Certificate) നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (Narendra Modi) ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജിക്കെതിരെ കേരള ഹൈക്കോടതിയുടെ വിമർശനം. മോദി നമ്മുടെ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണ്. മറ്റേതെങ്കിലും രാജ്യത്തിന്‍റെ പ്രധാനമന്ത്രിയല്ലല്ലോ. പിന്നെ എന്തിനാണ് നമ്മുടെ പ്രധാനമന്ത്രിയുടെ ചിത്രം വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ വയ്ക്കുന്നതിനെ കുറിച്ച് ലജ്ജിക്കുന്നതെന്നും ഹർജിക്കാരനോട് ഹൈക്കോടതി ചോദിച്ചു.
രാഷ്ട്രീയ അഭിപ്രായ വ്യത്യസങ്ങൾ ഉണ്ടെങ്കിലും പ്രധാനമന്ത്രി രാജ്യത്തിന്‍റേതാണെന്നും ഓർമിപ്പിച്ചു. 100 കോടി ജനങ്ങൾക്കില്ലാത്ത എന്ത് പ്രശ്നമാണ് ഹർജിക്കാരനുള്ളതെന്നും കോടതി ചോദിച്ചു. ഹർജിക്കാരൻ കോടതിയുടെ സമയം പാഴാക്കുകയാണെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു. നേതാക്കളുടെ പേരിൽ രാജ്യത്ത് സർവകലാശാലകളും മറ്റും ഉണ്ടല്ലോ എന്നും കോടതി ചൂണ്ടികാട്ടി.
കഴിഞ്ഞ മാസം ആദ്യവും വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന ആവശ്യം അപകടകരമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യണമെന്ന പീറ്റർ മാലിപറമ്പിൽ നൽകിയ ഹർജി പരിഗണിക്കവേ അന്ന് ജസ്റ്റിസ് എൻ നാഗേശഷായിരുന്നു വാക്കാൽ പരാമർശം നടത്തിയത്. നോട്ടിൽ നിന്ന് മഹാത്മ ഗാന്ധിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് പറയും പോലെയാണിത്. ഇന്ത്യൻ കറൻസിയിൽ താൻ അധ്വാനിച്ച് നേടുന്നതാണെന്നും അതിൽ നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കണമെന്നും ആവശ്യപ്പെട്ട് നാളെ ആരെങ്കിലും കോടതിയെ സമീപിച്ചാൽ എന്ത് സംഭവിക്കുമെന്നും അന്ന് കോടതി ചോദിച്ചിരുന്നു.
വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ഫോട്ടോ ഒഴിവാക്കണം, സ്വകാര്യമായി ആശുപത്രിയിൽ നിന്ന് എടുക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ വെക്കുന്നത് എന്തിനാണെന്നാണ് ഹർജിക്കാരുടെ പ്രധാന ചോദ്യം. കൊവിഡ് വാക്സീന്‍ എടുത്തവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ബോധവത്കരണത്തിന്‍റെ ഭാഗമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പക്ഷം. രാജ്യസഭയില്‍ ചോദ്യത്തിന് മറുപടിയായി കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ നടപടികളുടെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്നതിന് പൊതുജന താത്പര്യം കണക്കിലെടുത്താണ് പ്രധാനമന്ത്രിയുടെ ചിത്രം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് സഹമന്ത്രി ഭാരതി പ്രവീണ്‍ പവാറാണ് രാജ്യസഭയിൽ നിലപാട് വ്യക്തമാക്കിയത്. വാക്സിന്‍ വിതരണത്തിന്‍റെ ധാര്‍മ്മികതയും നൈതികതയും ജനത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. അതിനാല്‍ തന്നെ ഇത്തരം ശ്രമങ്ങള്‍ നടത്തുന്നത് എന്ന് മന്ത്രി അന്ന് പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam