
നാഗ്പൂർ: വാഹനമിടിച്ച് മരിച്ച ഭാര്യയുടെ മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് കൊണ്ടുപോയ ഭർത്താവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വഴിയാത്രക്കാർ ആരും സഹായത്തിന് തയ്യാറാകാതെ വന്നതോടെയാണ് ഈ ദുരവസ്ഥയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ രക്ഷാബന്ധൻ ദിനമായ ഓഗസ്റ്റ് 9-നാണ് സംഭവം.
നാഗ്പൂരിലെ ലോനാരയിൽ നിന്ന് മധ്യപ്രദേശിലെ കരൺപൂരിലേക്ക് ബൈക്കിൽ പോവുകയായിരുന്ന അമിത് യാദവും ഭാര്യ ഗ്യാർസിയും മോർഫാറ്റക്ക് സമീപം വെച്ച് ഒരു ട്രക്ക് ഇടിച്ചിട്ടു. അപകടത്തിൽ ഗ്യാർസി റോഡിലേക്ക് തെറിച്ചുവീഴുകയും ട്രക്ക് നിർത്താതെ ഓടിച്ചുപോവുകയും ചെയ്തു.
അപകടം നടന്നയുടൻ ഭാര്യക്ക് വേണ്ട സഹായം തേടി അമിത് യാദവ് പലരോടും സഹായം അഭ്യർത്ഥിച്ചു. എന്നാൽ ആരും സഹായിക്കാൻ തയ്യാറായില്ല. തുടർന്ന് നിസ്സഹായനായ അമിത്, ഭാര്യയുടെ മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.
ഈ സമയം സ്ഥലത്തെത്തിയ പൊലീസ് വാഹനം ഇയാളെ പിന്തുടർന്ന് തടഞ്ഞു. പിന്നീട് പൊലീസ് ഇടപെട്ട് മൃതദേഹം നാഗ്പൂരിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. അപകടമരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. മധ്യപ്രദേശിലെ സിയോണി സ്വദേശികളാണ് അമിത്തും ഗ്യാർസിയും. ഇവർ നാഗ്പൂരിലെ ലോനാരയിലാണ് താമസിച്ചിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam