
മൈസൂരു: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ ലഭിക്കുന്ന നഷ്ടപരിഹാരം ലക്ഷ്യമിട്ട് ഭർത്താവിന് വിഷം നൽകി കൊന്ന 37കാരി അറസ്റ്റിൽ. നാഗർഹോളെ കടുവാ സങ്കേതത്തിന്റെ അതിർത്തി മേഖലയായ ഹുൻസുരുവിൽ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് 45കാരനായ ഭർത്താവ് വെങ്കടസ്വാമിയെ കാണാനില്ലെന്ന് 37കാരിയായ ഭാര്യ സല്ലാപുരി പരാതി നൽകിയത്. സെപ്തംബർ എട്ട് രാത്രി 10.30ന് വീടിന് പുറത്തേക്ക് പോയ ഭർത്താവ് തിരിച്ചെത്തിയില്ലെന്നായിരുന്നു പരാതി. വീട്ടിൽ കറന്റ് ഇല്ലാതിരുന്ന സമയത്ത് പുറത്ത് എന്തോ ശബ്ദം കേട്ടത് നോക്കാനായി ടോർച്ചുമായി പോയ വെങ്കടസ്വാമി തിരിച്ചെത്തിയില്ലെന്നാണ് 37കാരി പരാതിപ്പെട്ടത്. സ്വന്തം നിലയിൽ അന്വേഷിച്ച ശേഷം ഫലം കാണാത്തതിനേ തുടർന്ന് പരാതി നൽകിയെന്നാണ് യുവതി വിശദമാക്കിയത്. ഇതിന് പിന്നാലെ ഭർത്താവിനെ കടുവ പിടിച്ചതായി ആരോപിച്ച് യുവതി രണ്ട് മക്കളേയും കൂട്ടി വനംവകുപ്പ് ഓഫീസിന് മുന്നിൽ ധർണ ഇരുന്നിരുന്നു. ഇതിന് പിന്നാലെയാണ് 45കാരനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. 37കാരിയുടെ വീടും പരിസരവും പരിശോധിച്ചതിൽ വീടിന്റെ പിൻവശത്ത് തോന്നിയ അസ്വാഭാവികതയിൽ നടത്തിയ അന്വേഷണത്തിലാണ് 45കാരന്റെ മൃതദേഹം കണ്ടെത്തിയത്.
ഇതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം 37കാരി പൊലീസിനോട് വിശദമാക്കിയത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് സമീപ ഗ്രാമമായ ഹെജ്ജുരുവിൽ കടുവയെ കണ്ടതായി ആളുകൾ പറഞ്ഞിരുന്നു. ഇതോടെയാണ് ഭർത്താവിനെ കൊലപ്പെടുത്തി. വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണെന്ന് വരുത്തി തീർക്കാൻ 37കാരി പദ്ധതിയിട്ടത്.
വനംവകുപ്പിൽ നിന്ന് ലഭിക്കുന്ന നഷ്ടപരിഹാര തുക ഉപയോഗിച്ച് കടം വീട്ടാൻ ലക്ഷ്യമിട്ടായിരുന്നു കൊലപാതകം. രാത്രി ഭക്ഷണത്തിന് നൽകിയ റാഗി കൊണ്ടുള്ള വിഭവത്തിൽ വിഷം കലർത്തി നൽകിയാണ് 37കാരി ഭർത്താവിനെ കൊന്നത്. ഇതിന് പിന്നാലെ മൃതദേഹം വീടിന് പിന്നിലെ ചാണക കൂനയ്ക്ക് കീഴിലായി കുഴിച്ചിടുകയായിരുന്നു. സംഭവത്തിൽ 37കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.